
കൊച്ചി > ഐഎൻടിയുസിയെ തള്ളിപ്പറഞ്ഞ പ്രതിപക്ഷനേതാവ് വി ഡി സതീശൻ സംസ്ഥാനത്തെ പത്തോളം പ്രധാന വ്യവസായശാലകളിലെ ഐഎൻടിയുസി യൂണിയനുകളുടെ ഭാരവാഹി. ജനപ്രതിനിധി എന്നനിലയിലാണ് തലപ്പത്ത് തുടരുന്നതെങ്കിലും യൂണിയൻ പ്രവർത്തനങ്ങളിലൊന്നും സഹകരണം പണ്ടേയില്ല. എന്നാൽ, തെരഞ്ഞെടുപ്പുകാലത്ത് ആളായും പണമായും യൂണിയനുകളുടെ സഹായം തേടാറുമുണ്ട്. ഐഎൻടിയുസി, കോൺഗ്രസിന്റെ പോഷകസംഘടനയല്ലെന്ന പ്രതിപക്ഷനേതാവിന്റെ പ്രസ്താവനയിൽ രോഷാകുലരാണ് ഐഎൻടിയുസി യൂണിയനുകൾ.
പൊതുമേഖലാ സ്ഥാപനങ്ങളായ കൊല്ലത്തെ കെഎംഎംഎൽ, അങ്കമാലിയിലെ ടെൽക്, ഏലൂർ വ്യവസായ മേഖലയിലെ ടിസിസി എന്നിവിടങ്ങളിലെ തൊഴിലാളികളുടെയും കൊച്ചി റിഫൈനറിയിലെ ജീവനക്കാരുടെയും സംഘടനയുടെ പ്രസിഡന്റാണ് സതീശൻ. ഇതിൽ കൊച്ചി റിഫൈനറി എംപ്ലോയീസ് യൂണിയൻ, ഐഎൻടിയുസി കൂടി പങ്കാളിയായിരുന്ന ദ്വിദിന പണിമുടക്കിൽ പങ്കെടുത്തിരുന്നില്ല. എന്നാൽ, റിഫൈനറിയിലെ മറ്റുരണ്ട് തൊഴിലാളി യൂണിയനുകളായ കൊച്ചിൻ റിഫൈനറീസ് വർക്കേഴ്സ് അസോസിയേഷനും (സിഐടിയു) എംപ്ലോയീസ് അസോസിയേഷനും (ഐഎൻടിയുസി) പണിമുടക്കിൽ പങ്കാളിയായി. രണ്ടുദിവസം പണിമുടക്കിയാൽ 16 ദിവസത്തെ ശമ്പളം പിടിക്കുമെന്ന മാനേജ്മെന്റിന്റെ ഭീഷണി അവഗണിച്ചാണ് ഈ യൂണിയനുകളിലെ തൊഴിലാളികൾ പണിമുടക്കിയത്.
കളമശേരിയിലെ അപ്പോളോ ടയേഴ്സ്, ഏലൂരിലെ ഹിൻഡാൽകോ, നിറ്റ ജലാറ്റിൻ എന്നിവിടങ്ങളിലെ ഐഎൻടിയുസി യൂണിയനുകളുടെയും പ്രസിഡന്റാണ് സതീശൻ. ഫാക്ട് യൂണിയനിൽ ദീർഘകാലം പ്രസിഡന്റായിരുന്നു.
ഐഎൻടിയുസിക്കെതിരായ സതീശന്റെ പ്രസ്താവനയിൽ അദ്ദേഹം നേതൃത്വം നൽകുന്ന യൂണിയനുകളും കടുത്ത പ്രതിഷേധത്തിലാണ്. യൂണിയൻ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലോ മാനേജ്മെന്റുമായുള്ള കരാർ ചർച്ചകളിലോപോലും ഈ നേതാക്കൾ ഇടപെടാറില്ലെന്നും ചില ഭാരവാഹികൾ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]