
ദോഹ
ഫിഫ ഫുട്ബോൾ ലോകകപ്പിനായി ടീമുകൾ ഒരുക്കം തുടങ്ങിക്കഴിഞ്ഞു. യോഗ്യതാ മത്സരങ്ങൾ പൂർത്തിയായി സന്നാഹ മത്സരങ്ങൾക്കായി ഒരുക്കത്തിലാണ്. ഇതിനിടെ ഇക്കുറി ലോകകപ്പിനില്ലാത്ത ഒരുപിടി വമ്പൻ താരങ്ങളുണ്ട്. ഈജിപ്ത് സൂപ്പർ താരം മുഹമ്മദ് സലാ, സ്വീഡന്റെ സ്ലാട്ടൻ ഇബ്രാഹിമോവിച്ച്, ഇറ്റലിയുടെ മാർകോ വെറാറ്റി, ഫെഡെറികോ കിയെസ, ജോർജിന്യോ, ജിയാൻല്യൂജി ദൊന്നരുമ്മ, നോർവെ താരങ്ങളായ എർലിങ് ഹാലണ്ട്, മാർടിൻ ഒദെഗാർദ്, ഓസ്ട്രിയയുടെ ഡേവിഡ് അലാബ, നെെജീരിയയുടെ കെലേച്ചി ഇഹിയാനാച്ചോ, വിൽഫ്രഡ് എൻഡിഡി, വിക്ടർ ഒഷിമെൻ, അൾജീരിയയുടെ റിയാദ് മഹ്റെസ്, കൊളംബിയയുടെ യുവതാരം ലൂയിസ് ഡയസ്, ഹമേഷ് റോഡ്രിഗസ്, ചിലിയുടെ അലെക്സിസ് സാഞ്ചെസ്, അർട്യൂറോ വിദാൽ, ഗാബോണിന്റെ പിയറി എമെറിക് ഒബമയങ് എന്നിവർക്ക് ഈ ലോകകപ്പ് നഷ്ടമാകും.
ഇറ്റലിയുടെ പുറത്താകൽ നിരവധി സൂപ്പർ താരങ്ങളുടെ വഴിയാണടച്ചത്. യൂറോ കപ്പിലെ മികച്ച താരമായി തെരഞ്ഞെടുത്ത ദൊന്നരുമ്മയ്ക്ക് ഇക്കുറി കാഴ്ചക്കാരന്റെ വേഷമാണ്. മുതിർന്ന താരം ജോർജിയോ കില്ലെനിക്ക് ഇനിയൊരു അവസരമില്ല. യൂറോപ്യൻ പ്ലേ ഓഫ് സെമിയിൽ നോർത്ത് മാസിഡോണിയയോട് തോറ്റായിരുന്നു ഇറ്റലിയുടെ അപ്രതീക്ഷിത പുറത്താകൽ.
ഈജിപ്തിന്റെ പുറത്താകൽ ഇല്ലാതാക്കിയത് സലായുടെ ഏറ്റവും മികച്ച നിമിഷങ്ങളെയാണ്. ഇംഗ്ലീഷ് ക്ലബ് ലിവർപൂളിൽ ഗോളടിച്ച് മുന്നേറുകയാണ് സലാ. പക്ഷേ, ഈ ഗോളടി ഖത്തറിൽ കാണാനാകില്ല. സെനെഗലിനോട് തോറ്റാണ് ഈജിപ്ത് മടങ്ങിയത്. മാഞ്ചസ്റ്റർ സിറ്റിയിലെ മിന്നുംതാരം മഹ്റെസിനും നിരാശയാണ് ഫലം. സൂപ്പർ താരങ്ങളുടെ നിരയായ നെെജീരിയക്കും നിർണായക മത്സരത്തിൽ അടിതെറ്റി.
ചിലിക്കും കൊളംബിയക്കും ലാറ്റിനമേരിക്കൻ മേഖലയിൽനിന്ന് മുന്നേറാനായില്ല. ഇതോടെ ഒരുപറ്റം മികച്ച താരങ്ങളെയാണ് നഷ്ടമായത്. സാഞ്ചെസിനും വിദാലിനും ഇനിയൊരു അവസരമുണ്ടാകില്ല. റോഡ്രിഗസിനും ഇത് വലിയ നഷ്ടമാണ്. ഗാരെത് ബെയ്-ലിന്റെ വെയ്ൽസും ആൻഡ്രൂ റോബർട്സന്റെ സ്കോട്ലൻഡും ഒലെക്സാണ്ടർ സിഞ്ചെങ്കോയുടെ ഉക്രയ്നും യോഗ്യതയ്ക്കായുള്ള പോരാട്ടത്തിലാണ്. മൂവരിൽ ഒരാൾക്കുമാത്രം ഖത്തറിൽ പന്ത് തട്ടാൻ അവസരം കിട്ടും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]