
മുംബൈ
ഉമേഷ് യാദവിന്റെ കൃത്യതയ്ക്കുമുന്നിൽ പഞ്ചാബ് കിങ്സിന് മറുപടിയുണ്ടായില്ല. നാല് വിക്കറ്റുമായി ഉമേഷ് കളംവാണപ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പഞ്ചാബിനെ 18.2 ഓവറിൽ 137ൽ ഒതുക്കി. നാലോവറിൽ 23 റൺ വിട്ടുനൽകിയാണ് ഉമേഷിന്റെ മിന്നുംപ്രകടനം. ടിം സൗത്തി രണ്ട് വിക്കറ്റ് നേടി. ഭനുക രജപക്സെ (9 പന്തിൽ 31) ഒരുക്കിയ മികച്ച തുടക്കം മുതലാക്കാൻ പഞ്ചാബ് ബാറ്റർമാർക്കായില്ല.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് താളംതെറ്റി. ഉമേഷ് വിനാശകാരിയായി. ഒന്നാം ഓവറിലെ അവസാന പന്തിൽ ക്യാപ്റ്റൻ മായങ്ക് അഗർവാളിനെ (1) വിക്കറ്റിനുമുന്നിൽ കുരുക്കിയായിരുന്നു തുടക്കം. മൂന്നാമനായെത്തിയ ഭനുക പഞ്ചാബിനെ തളർച്ചയിൽനിന്ന് കരകയറ്റാൻ ശ്രമിച്ചു. തകർപ്പനടികളുമായി ശ്രീലങ്കൻ ബാറ്റർ നിറഞ്ഞു. ശിവം മാവിയുടെ ഓവറിൽ ആദ്യ പന്തിൽ ഫോർ നേടി. പിന്നീട് തുടർച്ചയായി മൂന്ന് സിക്സർ. എന്നാൽ, അഞ്ചാംപന്തിൽ പിഴച്ചു. സൗത്തിക്ക് പിടിനൽകി മടങ്ങി. ക്രീസിലുറച്ചുനിൽക്കാൻ ശ്രമിച്ച ശിഖർ ധവാനെ (15 പന്തിൽ 16) സൗത്തി പുറത്താക്കി. ഓൾറൗണ്ടർമാരായ രാജ് ബാവയും (11) ഷാരുഖ് ഖാനും (0) നിരാശപ്പെടുത്തി.
ലിയാം ലിവിങ്സ്റ്റൺ (19), ഹർപ്രീത് ബ്രാർ (14), റണ്ണൊന്നുമെടുക്കാത്ത രാഹുൽ ചഹാർ എന്നിവരെയാണ് ഉമേഷ് പറഞ്ഞയച്ചത്.16 പന്തിൽ 25 റണ്ണടിച്ച കഗീസോ റബാദയാണ് പഞ്ചാബിനെ 100 കടത്തിയത്. ഇന്ന് രാജസ്ഥാൻ റോയൽസും മുംബെെ ഇന്ത്യൻസും ഏറ്റുമുട്ടും. ഗുജറാത്ത് ടെെറ്റൻസ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]