
തിരുവനന്തപുരം
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ചങ്ങനാശേരിയിൽ ഐഎൻടിയുസി ഉയർത്തിയ വെല്ലുവിളിയിൽ ഞെട്ടിത്തരിച്ച് കെപിസിസി നേതൃത്വം. തൊഴിലാളികളുടെ വൈകാരികമായ പ്രതികരണങ്ങൾ മറ്റ് പ്രദേശങ്ങളിലേക്കും പടരുകയാണ്.
നൂറുകണക്കിന് തൊഴിലാളികളാണ് ചങ്ങനാശേരിയിൽ പ്രതിപക്ഷ നേതാവിനെതിരെ മുദ്രാവാക്യവുമായി പ്രകടനം നടത്തിയത്. സ്ഥിതി വഷളാകുമെന്ന് കണ്ട് ഐഎൻടിയുസി അധ്യക്ഷൻ കെ ചന്ദ്രശേഖരൻതന്നെ രംഗത്തിറങ്ങി. കോൺഗ്രസിന്റെ പ്രവർത്തകരാണ് ഐഎൻടിയുസി പ്രവർത്തകർ, അത് ആരെങ്കിലും തള്ളിയാൽ ഇല്ലാതാകുന്നതല്ല എന്ന് അദ്ദേഹം തൊഴിലാളികളെ അറിയിച്ചു. ഐഎൻടിയുസിയെയും പണിമുടക്കിനെയും തള്ളിപ്പറഞ്ഞ വി ഡി സതീശന്റെ നിലപാട് രാഷ്ട്രീയ പക്വതയില്ലാത്തത് എന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം. രാഷ്ട്രീയ ധാരണയുള്ളവർ തൊഴിലാളികളെ തള്ളിപ്പറയില്ല. അവരാണ് അടിത്തറയിൽ പാർടി കെട്ടിപ്പടുക്കുന്നത്. മാധ്യമ ശ്രദ്ധകിട്ടാൻ കാണിക്കുന്ന ‘ഗിമ്മിക്കു ’ കൾ ദോഷം ചെയ്യും. എത്രയും വേഗം വി ഡി സതീശൻ ആ നിലപാട് തിരുത്തണമെന്നുമാണ് ഇവരുടെ അഭിപ്രായം.
ഹൈക്കമാൻഡിനും സമാനമായ അഭിപ്രായമുണ്ട്. ദേശീയ മാധ്യമങ്ങളിൽവരെ പ്രകടനം വാർത്തയായി. ‘കൊടിപിടിക്കാനും പോസ്റ്റർ ഒട്ടിക്കാനും തല്ലുകൊള്ളാനും തങ്ങൾ മാത്രമാണുള്ളത്, ഒരു നേതാവിനെയും കാണാറില്ല, ഞങ്ങളെ തള്ളിപ്പറഞ്ഞ പ്രതിപക്ഷ നേതവിന്റെ ചെവിക്കുറ്റി നോക്കി രണ്ട് പൊട്ടിക്കണം ’എന്നുമായിരുന്നു ഐഎൻടിയുസി തൊഴിലാളികളുടെ പ്രതികരണം. എറണാകുളത്ത് ഐഎൻടിയുസി ഭാരവാഹികൂടിയായ സതീശൻ പ്രസ്താവന പിൻവലിക്കാത്ത പക്ഷം കൂടുതൽ പ്രതികരണം ഉണ്ടാകുമോയെന്ന ഭയപ്പാടും നേതാക്കൾക്കുണ്ട്.
ഏഷ്യാനെറ്റ് അവതാരകൻ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീമിനെ മർദിക്കാൻ ആഹ്വാനം ചെയ്തതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ നടത്തിയ മാർച്ചിനോട് പ്രതികരിക്കവെയാണ് സതീശൻ ഐഎൻടിയുസി കോൺഗ്രസിന്റെ പോഷകസംഘടനയല്ലെന്ന് പറഞ്ഞത്.
പോഷകസംഘടനതന്നെ ; സതീശനെ തള്ളി മുല്ലപ്പള്ളി
ഐഎൻടിയുസി കോൺഗ്രസിന്റെ പോഷക സംഘടന തന്നെയെന്ന് മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്താണ് പറഞ്ഞതെന്ന് അറിയില്ലെന്നും കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് മുല്ലപ്പള്ളി പറഞ്ഞു. ഐഎൻടിയുസി കോൺഗ്രസിന്റെ പോഷക സംഘടനയല്ലെന്ന സതീശന്റെ അഭിപ്രായത്തെ തള്ളിയാണ് മുല്ലപ്പള്ളി രംഗത്തെത്തിയത്. ഐഎൻടിയുസിയുടെ ചില നിലപാടുകൾ അംഗീകരിക്കാനാവില്ല. പ്രതിപക്ഷ നേതാവിനെതിരെ പ്രകടനം നടത്തിയത് ശരിയല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
സതീശന്റെ യോഗം ഡിസിസി പ്രസിഡന്റ് ബഹിഷ്കരിച്ചു
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്ത കെ–- റെയിൽ വിരുദ്ധ ജനസദസ്സ് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ബഹിഷ്കരിച്ചു. ഐഎൻടിയുസിയെ തള്ളിപ്പറഞ്ഞ സതീശന്റെ നിലപാടിലുള്ള പ്രതിഷേധമാണ് ഇത്. വൈകിട്ടായിരുന്നു കോട്ടയം തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് ജനസദസ്സ്. കോട്ടയത്ത് ഉണ്ടായിരുന്നിട്ടും പരിപാടിക്ക് സുരേഷ് എത്തിയില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]