
തിരുവനന്തപുരം: ഇന്ന് അന്തരിച്ച ഡോ. പി. രമയെ കേരളമൊട്ടാകെ അറിയുന്നത് സിനിമാനടന് ജഗദീഷിന്റെ ഭാര്യ എന്ന നിലയിലല്ല, മറിച്ച് സിസ്റ്റര്‍ അഭയ കേസില്‍ നിര്‍ണായ മൊഴി നല്കിയ വ്യക്തി എന്ന നിലയിലാണ്. കേരളത്തെ ഏറെ പിടിച്ചു കുലുക്കിയ സിസ്റ്റര്‍ അഭയ കൊലക്കേസിലെ വാദിഭാഗം സാക്ഷിയാണ് ഇന്ന് മരണപ്പെട്ട ഡോ. പി. രമ.സാധാരണ ഒരു ഡോക്ടര്‍ എന്നതില്‍ കവിഞ്ഞ് മറ്റൊരു വിവരങ്ങളും രമയെ സംബന്ധിച്ച് കേസിന്റെ വിചാരണ വേളയില്‍ പുറത്തുവന്നിരുന്നില്ല.
നടന് ജഗദീഷിന്റെ ഭാര്യയായിരുന്നു അവര്‍ എന്നുള്ള വിവരം ചിലര്‍ക്ക് മാത്രം അറിയാവുന്ന വസ്തുതയായിരുന്നു. പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ നില്ക്കുവാന് അവര്‍ ആഗ്രഹിച്ചിരുന്നില്ല എന്നുള്ളതാണ് യാഥാര്‍ഥ്യം. സിസ്റ്റര്‍ അഭയയെ ഹോസ്റ്റല്‍ വളപ്പിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഏകദേശം 30 വര്‍ഷത്തോളമെടുത്ത വിചാരണയ്ക്ക് ഒടുവില്‍ 2020 ഡിസംബര്‍ 23ന് ഈ കേസിലെ കോടതി വിധി വന്നു.
ഒന്നാം പ്രതി ഫാദര്‍ കോട്ടൂരിനും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തം തടവും പിഴയുമാണ് വിധിച്ചത്. ഈ കേസില്‍ അന്വേഷണം നടക്കുന്ന സമയത്ത് കേസിലെ മൂന്നാം പ്രതി സെഫി കൃത്രിമമായി കന്യാചര്‍മം ഓപ്പറേഷന് നടത്തി തുന്നിചേര്‍ത്തത് തന്റെ പരിശോധനയില്‍ തെളിഞ്ഞതായി ഡോ. രമ സിബിഐക്ക് മൊഴി നല്‍കിയിരുന്നു. രാജ്യത്ത് അപൂര്‍വമായി നടത്താറുള്ള ഹൈമനോപ്ലാസ്റ്റി എന്ന ഓപ്പറേഷന് സെഫി നടത്തിയെന്നായിരുന്നു ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ഠിച്ച ഡോ. രമയും ഡോ. ശ്രീകുമാരിയും കണ്ടെത്തിയത്.
ഈ കേസില്‍ നിര്‍ണായകമായ ഒരു സാക്ഷ്യമായിരുന്നു ഡോ: രമയുടെ ഭാഗത്തുനിന്നും അന്നുണ്ടായത്. കേസിന്റെ അവസാന നാളുകളില്‍ അസുഖബാധിതയായി കിടപ്പിലായിരുന്ന ഡോ. രമയ്ക്ക് എതിരെ പ്രതിഭാഗം രംഗത്തെത്തിയിരുന്നു. ഡോ. രമയെ മജിസ്ട്രേട്ട് ദീപ മോഹന്‍ കമ്മിഷന് വിസ്തരിക്കും മുമ്പ് അവര്‍ മൊഴി നല്കാന് പ്രാപ്തയാണോയെന്നറിയാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സെഫി ഹര്‍ജി സമര്‍പ്പിച്ചിരുന്നു. പക്ഷേ ഈ ഹര്‍ജി കോടതി തള്ളി.
ക്രിമിനല്‍ കോടതിക്ക് ഒരിക്കല്‍ പുറപ്പെടുവിച്ച ഉത്തരവ് പുനഃപരിശോധന നടത്താനോ ഭേദഗതി വരുത്താനോ റദ്ദാക്കാനോ അധികാരമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് തിരുവനന്തപുരം സിബിഐ ജഡ്ജി സനില്‍കുമാര്‍ തള്ളിയത്. സാക്ഷി മൊഴി നല്കാന് പ്രാപ്തയല്ലെങ്കില്‍ സാക്ഷിയുടെ വാസസ്ഥലത്ത് മൊഴിയെടുക്കാന്‍ ചെല്ലുന്ന മജിസ്ട്രേട്ട് കമ്മീഷന് വിവരം കോടതിക്ക് റിപ്പോര്‍ട്ടായി സമര്‍പ്പിച്ചോളുമെന്നും അക്കാര്യത്തില്‍ പ്രതിക്ക് ആശങ്കയോ വേവലാതിയോ വേണ്ടെന്നും ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. അന്ന് ഡോ. രമയുടെ വീട്ടിലെത്തിയാണ് മജിസ്ട്രേറ്റ് ഇവരുടെ സാക്ഷി മൊഴി രേഖപ്പെടുത്തിയത്. കേസിലെ നിര്‍ണായക ഘടകമായി മൊഴി മാറുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]