

കൊല്ലം:തനിക്കെതിരെ കേസ് കൊടുത്ത ബ്ലോക്ക് പഞ്ചായത്തംഗത്തെ പൊതുവേദിയിൽ വച്ച് ഭീഷണിപ്പെടുത്തി ഗതാഗത വകുപ്പ്മന്ത്രി ഗണേഷ് കുമാർ. അങ്കണവാടി ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിന് തനിക്കെതിരെ ഫ്ളെക്സ് സ്ഥാപിച്ചു എന്നാരോപിച്ചായിരുന്നു ഗണേഷ് കുമാർ ഭീഷണിപ്പെടുത്തിയത്. ബ്ലോക്ക് പഞ്ചായത്തംഗമായ യദുകൃഷ്ണനെയാണ് പട്ടാഴിയിലെ പുതിയ അങ്കണവാടി ഉദ്ഘാടന വേദിയിൽ വച്ച് മന്ത്രി ഭീഷണിപ്പെടുത്തിയത്.
‘ പേടിപ്പിച്ചാൽ പേടിക്കുന്നയാൾ ഞാനല്ല അത് വേറയാ,മേലു നോവാതെ നോക്കുന്നതാണ് അവരവർക്ക് നല്ലത്’. നല്ലകാര്യങ്ങൾ നടക്കുമ്പോൾ ഓരോരുത്തർ മൂക്ക് മുറിച്ച് ശകുനം മുടക്കുകയാണ്.’ എന്നായിരുന്നു പൊതുവേദിയിൽ വച്ച് മന്ത്രിയുടെ പരാമർശം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗണേഷ് കുമാർ ഇലക്ഷൻ കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ ഗണേഷ് കുമാർ സ്വത്ത് വിവരങ്ങൾ മറച്ചുവച്ചു എന്നാരോപിച്ച് യദുകൃഷ്ണൻ കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. ഈ ഹർജിയിൽ തുടർവാദം നിലനിൽക്കുകയാണ്. ഇക്കാര്യം പറഞ്ഞ് നേരത്തെയും യുവ നേതാവും മന്ത്രിയും പല വേദികളിലും കൊമ്പ് കോർത്തിട്ടുണ്ട്. എംഎൽഎ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പരിപാടികളിൽ നിന്ന് മന്ത്രിയുടെ അറിവോടെ തന്നെ ഒഴിവാക്കാൻ ശ്രമിക്കുകയാണെന്നും യദുകൃഷ്ണൻ ആരോപിക്കുന്നു.