യുക്രെയിനിൽനിന്ന് 53 മലയാളി വിദ്യാർഥികൾകൂടി രാജ്യത്തേക്കു മടങ്ങിയെത്തി. ന്യൂഡൽഹി വിമാനത്താവളം വഴി 47 പേരും മുംബൈ വിമാനത്താവളം വഴി ആറു പേരുമാണ് 01 മാർച്ച് എത്തിയത്. ഇതോടെ ‘ഓപ്പറേഷൻ ഗംഗ’ രക്ഷാദൗത്യം വഴി രാജ്യത്തു മടങ്ങിയെത്തിയ മലയാളി വിദ്യാർഥികളുടെ ആകെ എണ്ണം 184 ആയി.
ബുക്കാറസ്റ്റിൽനിന്നും ബുഡാപെസ്റ്റിൽനിന്നുമുള്ള രണ്ട് ഇൻഡിഗോ വിമാനങ്ങളിലാണ് 47 മലയാളി വിദ്യാർഥികൾ മാർച്ച് 01 ഉച്ചയ്ക്കു ന്യൂഡൽഹിയിൽ എത്തിയത്. ഇതിൽ 11 പേരെ കണ്ണൂർ വിമാനത്താവളം വഴിയും 20 പേരെ കൊച്ചി വിമാനത്താവളം വഴിയും 16 പേരെ തിരുവനന്തപുരം വിമാനത്താവളം വഴിയും ഇന്നുതന്നെ നാട്ടിലെത്തിക്കും. രക്ഷാദൗത്യത്തിന്റെ ആദ്യ ദിനമായ ഫെബ്രുവരി 27ന് 57ഉം രണ്ടാം ദിവസം 48ഉം മലയാളി വിദ്യാർഥികൾ ന്യൂഡൽഹിയിൽ എത്തിയിരുന്നു. ബുക്കാറെസ്റ്റിൽന്നുള്ള എയർഇന്ത്യാ വിമാനം മാർച്ച് 1 രാത്രി 9.20ന് ഡൽഹിയിൽ എത്തി. ഈ വിമാനത്തിലും മലയാളി വിദ്യാർഥികൾ ഉണ്ട്. ഡൽഹി വിമാനത്താവളം വഴി ഇതുവരെ 152 മലയാളി വിദ്യാർഥികൾ മടങ്ങിയെത്തിയിട്ടുണ്ട്.
ഡൽഹിയിലെത്തുന്ന വിദ്യാർഥികളെ വിമാന ടിക്കറ്റ് ലഭ്യതയനുസരിച്ചു കേരളത്തിലേക്ക് എത്തിക്കുന്ന പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഫെബ്രുവരി 28 വൈകിട്ട് ന്യൂഡൽഹിയിൽ എത്തിയ 36 വിദ്യാർഥികൾക്കു കേരള ഹൗസിൽ വിശ്രമമൊരുക്കിയശേഷം ഇന്നു നാട്ടിലെത്തിച്ചു. 25 പേർ രാവിലെ 5.35നുള്ള വിസ്താര ഫ്ളൈറ്റിൽ കൊച്ചിയിലും 11 പേർ 8.45നുള്ള വിസ്താര ഫ്ളൈറ്റിൽ തിരുവനന്തപുരത്തും എത്തി.
മുംബൈ വിമാനത്താവളം വഴി ഇതുവരെ 32 പേർ മടങ്ങിയെത്തി. മാർച്ച് 1 ന് രാവിലെ 7.30ന് ബുക്കാറെസ്റ്റിൽനിന്നു മുംബൈ വിമാനത്താവളത്തിലെത്തിയ എയർഇന്ത്യാ എക്സ്പ്രസ് വിമാനത്തിലാണ് ആറു മലയാളി വിദ്യാർഥികൾ എത്തിയത്. ഇവരിൽ മൂന്നു പേരെ തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിലും രണ്ടു പേരെ കൊച്ചിയിലെക്കുള്ള ഇൻഡിഗോ വിമാനത്തിലും നാട്ടിൽ എത്തിച്ചു. ഒരാൾ മുംബൈയിൽ സ്ഥിരതാമസമാക്കിയ മലയാളി വിദ്യാർഥിയാണ്. ഫെബ്രുവരി 27ന് 26 വിദ്യാർഥികൾ മുംബൈ വഴി മടങ്ങിയെത്തിയിരുന്നു.
ന്യൂഡൽഹിയിലും മുംബൈയിലുമെത്തുന്ന മലയാളി വിദ്യാർഥികൾ കേരളത്തിൽ അവരുടെ വീടുകളിൽ എത്തുന്നതുവരെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു സംസ്ഥാന സർക്കാരിന്റെ ഉദ്യോഗസ്ഥ സംഘം ഇരു വിമാനത്താവളങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. ഇതുവരെ 135 വിദ്യാർഥികൾ കേരളത്തിൽ എത്തിയിട്ടുണ്ട്. ഇതിൽ തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിലായി 41 പേർ ഇന്നു(മാർച്ച് 01)മാത്രം എത്തിയവരാണ്. ഓരോരുത്തരുടേയും സ്വദേശത്തോട് ഏറ്റവും അടുത്തുള്ള വിമാനത്താവളത്തിലേക്കുള്ള ടിക്കറ്റ് ലഭ്യതയനുസരിച്ചാണു നാട്ടിലേക്ക് അയക്കുന്നത്. മുംബൈയിൽനിന്നും ഡൽഹിയിൽനിന്നും നാട്ടിൽ എത്തുന്നതുവരെയുള്ള ടിക്കറ്റ് ചെലവ് സംസ്ഥാന സർക്കാരാണു വഹിക്കുന്നത്.
ന്യൂഡൽഹി വിമാനത്താവളത്തിൽ കേരള ഹൗസിലെ ലെയ്സൺ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രത്യേക കൺട്രോൾ റൂം തുറന്നാണു പ്രവർത്തനം. മുംബൈ വിമാനത്താവളത്തിൽ മുംബൈ കേരള ഹൗസിലെ നോർക്ക വിഭാഗത്തിന്റെ നേതൃത്വത്തിലാണു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കേരളത്തിലെത്തുന്ന വിദ്യാർഥികളുടെ യാത്രയടക്കമുള്ള കാര്യങ്ങൾക്കു മേൽനോട്ടം വഹിക്കുന്നതിനായി നോർക്ക റൂട്ട്സിലെ ഉദ്യോഗസ്ഥരേയും വിന്യസിച്ചിട്ടുണ്ട്. ഇതിനു പുറമേ ഉക്രെയിനുള്ള വിദ്യാർഥികൾക്കും നാട്ടിലുള്ള അവരുടെ രക്ഷകർത്താക്കൾക്കും ബന്ധപ്പെടുന്നതിനായി നോർക്ക റൂട്ട്സിന്റെ 24 മണിക്കൂർ കൺട്രോൾ റൂമും പ്രവർത്തിക്കുന്നുണ്ട്. 1800-425-3939 എന്ന ടോൾഫ്രീ നമ്പറിൽ സഹായം ലഭ്യമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]