

കണ്ണൂർ: കേരള സന്ദർശനത്തിനെത്തിയ വയനാട് എംപി രാഹുലിന് സുരക്ഷയൊരുക്കാൻ നിയോഗിച്ച പോലീസുകാർക്ക് തുടർച്ചയായ 50 മണിക്കൂർ ഡ്യൂട്ടിയെന്ന് ആരോപണം. ബുധനാഴ്ചയാണ് രാഹുൽ കേരളത്തിൽ എത്തിയത്. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടുമണിക്ക് ഡ്യൂട്ടിയിൽ പ്രവേശിച്ച 40 പോലീസ് ഉദ്യോഗസ്ഥരുടെ ജോലി അവസാനിക്കുക ഇന്ന് കണ്ണൂരിൽ നടക്കുന്ന പരിപാടിക്ക് ശേഷം.
കണ്ണൂർ വിമാനത്താവളത്തിൽ നിന്നാണ് രാഹുൽ മടങ്ങുന്നത്. വിമാനം കയറ്റി വിട്ടശേഷം വിടുതൽ അറിയിപ്പ് വന്നാൽ മാത്രമേ പോലീസുകാർക്ക് വയനാട്ടിലേയ്ക്ക് മടങ്ങാനാകുകയുള്ളു. അപ്പോഴേയ്ക്കും ഡ്യൂട്ടി സമയം 50 മണിക്കൂർ പിന്നിടുമെന്നാണ് പോലീസുകാർ പറയുന്നത്. പതിവ് തെറ്റിച്ച് വയനാട്ടിലും കണ്ണൂരിലൂം ഒരേ സംഘത്തെ സുരക്ഷയ്ക്ക് നിയോഗിച്ചതാണ് ദുരിതത്തിന് കാരണം. ധരിച്ച വസ്ത്രം പോലും മാറാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു രണ്ടു ദിവസത്തെ ഉദ്യോഗസ്ഥരുടെ സുരക്ഷ ഡ്യൂട്ടി.
കണ്ണൂർ റേഞ്ച് ഡിഐജിയാണ് രാഹുലിന്റെ സുരക്ഷക്കായി ഒരേ സംഘത്തെ രണ്ടിടങ്ങളിലും നിയോഗിച്ചത്. ഇതിനെ തുടർന്ന് 40 പേരും ബുധനാഴ്ച രാവിലെ തന്നെ സുരക്ഷാ ബ്രീഫിംഗിനായി ഹാജരാവുകയും ചെയ്തു. തുടർന്ന് ഉച്ചയ്ക്ക് നാടുകാണിയിൽ വെച്ചാണ് അകമ്പടി ആരംഭിച്ചത്. സാധാരണ വയനാട് കണ്ണൂർ അതിർത്തിയായ ചന്ദനത്തോട് വരെ വയനാട്ടിൽ നിന്ന് നിശ്ചയിക്കുന്ന ഉദ്യോഗസ്ഥർ അകമ്പടി പോയാൽ മതി.
സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കിടയിൽ അമർഷമുണ്ട്. രണ്ട് ദിവസം നീണ്ടു നിൽക്കുന്ന അകമ്പടിയിലെ പ്രയാസങ്ങൾ അറിയിച്ചപ്പോൾ പരിഗണിച്ചില്ലെന്നും പോലീസുകാർ പറയുന്നു. എന്നാൽ കണ്ണൂരിൽ പോലീസുകാരുടെ കുറവുണ്ടെന്നായിരുന്നു മറുപടി ലഭിച്ചത്.