
കൊച്ചി
പരമാവധി ചില്ലറവിൽപ്പനവിലയേക്കാൾ കൂടുതൽ തുക ഈടാക്കി തട്ടിപ്പ് ഓൺലൈൻ വിൽപ്പനസൈറ്റുകളിൽ സജീവമാകുന്നു. ആമസോൺ, ഫ്ലിപ്കാർട്ട് ഉൾപ്പെടെ മുൻനിര സൈറ്റുകളിലടക്കം തിരികെ അയക്കാൻ കഴിയാത്ത ഉൽപ്പന്നങ്ങളിലാണ് തട്ടിപ്പ് ഏറെയും നടക്കുന്നത്. കഴിഞ്ഞദിവസം ആമസോണിൽനിന്ന് വാങ്ങിയ ഉൽപ്പന്നത്തിന് പരമാവധി ചില്ലറ വിലയേക്കാൾ കൂടുതൽ തുക ഈടാക്കിയെന്ന പരാതിയുമായി കലൂർ സ്വദേശി വിനു ജോസഫ് രംഗത്തെത്തി.
ഇരുചക്രവാഹനത്തിന്റെ എൻജിൻ ഓയിലാണ് ഇദ്ദേഹം ആമസോൺ വഴി വാങ്ങിയത്. 1245 രൂപ നൽകി 26ന് ബുക്ക് ചെയ്തു. തമിഴ്നാട് തിരുവള്ളവൂരിലെ എൽആർഎം ഓട്ടോമൊബൈൽസ് എന്ന കമ്പനിയുടേതായിരുന്നു ഉൽപ്പന്നം. 972.66 രൂപ ഓയിലിന്റെ വിലയും 272.34 രൂപ നികുതിയും ഉൾപ്പെടെയാണ് 1245 രൂപ. ചൊവ്വാഴ്ച കൊറിയറിലെത്തിയ പാക്കിങ് പൊട്ടിച്ചുനോക്കുമ്പോഴാണ് പരമാവധി ചില്ലറ വിൽപ്പനവിലയായ 1170 രൂപ ശ്രദ്ധയിൽപ്പെട്ടത്. നികുതി ഉൾപ്പെടെയുള്ള വിലയാണ് പതിപ്പിച്ചിരുന്നത്. തിരികെ അയക്കാനാകില്ലെന്ന നിബന്ധനയുള്ളതിനാൽ ഉടൻ ആമസോണിന്റെ ഉപഭോക്തൃ സേവന നമ്പറിൽ പരാതി അറിയിച്ചു. അധികമായി ഈടാക്കിയ 75 രൂപ തിരികെ നൽകാമെന്നായിരുന്നു മറുപടി. അധിക തുക ഈടാക്കിയതിന്റെ കാരണം ആവശ്യപ്പെട്ടെങ്കിലും മറുപടി നൽകിയില്ല. ഇതേ കമ്പനിയുടെ ഓയിൽ വീണ്ടും തിരഞ്ഞെങ്കിലും സൈറ്റിൽ ലഭ്യമായിരുന്നില്ല.
പരമാവധി ചില്ലറവിലയേക്കാൾ അധികതുക വാങ്ങുന്നത് കുറ്റമാണെന്നിരിക്കെയാണ് ഓൺലൈൻ സൈറ്റിലെ കൊള്ളയെന്ന് വിനു ജോസഫ് പറയുന്നു. ഉപഭോക്തൃ കോടതിയെ സമീപിച്ചാൽ ഉൽപ്പന്നത്തിന്റെ വിൽപ്പന തടയുന്നതടക്കമുള്ള നിയമനടപടികളിലേക്ക് നീങ്ങാനാകും. ഓൺലൈനിൽ വാങ്ങുന്ന പല ഉൽപ്പന്നങ്ങളുടെയും യഥാർഥ വില വാങ്ങുന്നവർ ശ്രദ്ധിക്കുന്നില്ല. ഇത്തരം തട്ടിപ്പുകൾ പല ഓൺലൈൻ സൈറ്റുകളിലും നടക്കുന്നുണ്ടെന്നും വാങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡുകാലത്ത് ഉൾപ്പെടെ വിലകൂട്ടി വിൽക്കുന്നവരുടെ ഉൽപ്പന്നങ്ങൾ നീക്കുമെന്ന് പ്രഖ്യാപനം നടത്തിയ കമ്പനിയാണ് ആമസോൺ. എന്നാൽ ഇപ്പോഴും തട്ടിപ്പുകൾ സജീവമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]