
കൊളംബോ : സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിൽ ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ശ്രീലങ്കൻ ജനത. രാജ്യതലസ്ഥാനത്ത് പ്രതിഷേധവുമായി തടിച്ചുകൂടിയ ജനങ്ങളെ പ്രതിരോധിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരെത്തിയത് സംഘർഷത്തിലേക്ക് വഴിവെച്ചു. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് തലസ്ഥാന നഗരിയിൽ പ്രതിഷേധവുമായി ആളുകൾ കൂട്ടം ചേർന്നത്.
ആഴ്ചകളായി രാജ്യത്തെ ജനങ്ങൾ അവശ്യസാധനങ്ങൾ ലഭിക്കാതെ വലയുകയാണ്. ലഭിക്കുന്നതിന് ആകട്ടെ അമിത വിലയും നൽകണം. ഇന്ധനം ലഭിക്കാനില്ല. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ 13 മണിക്കൂർ നേരം പവർകട്ട് ഏർപ്പെടുത്തിയിരിക്കുകയാണ്. ആശുപത്രിയുൾപ്പെടെ രാജ്യത്തെ മുഴുവൻ സംവിധാനങ്ങളുടെയും പ്രവർത്തനം അവതാളത്തിലാണ്. ഈ സാഹചര്യത്തിലാണ് സർക്കാരിനെതിരെ പ്രതിഷേധവുമായി ജനങ്ങൾ തെരുവിൽ ഇറങ്ങിയത്.
ശ്രീലങ്കൻ പ്രസിഡന്റ് ഗോതാബായ രജപക്സെയുടെ വീട്ടിലേക്കുള്ള വഴിയിൽ ആയിരുന്നു പ്രതിഷേധക്കാർ തടിച്ചുകൂടിയത്. നിലവിലെ സാഹചര്യം മറികടക്കാൻ അടിയന്തിരമായ ഇടപെടൽ നടത്തണമെന്ന ആവശ്യം ഉന്നയിച്ചാണ് ഇവർ രംഗത്ത് ഇറങ്ങിയത്. രണ്ടായിരത്തിലധികം പേർ റോഡിൽ തടിച്ചു കൂടിയതോടെ ഇവരെ പ്രതിരോധിക്കാൻ പോലീസും സുരക്ഷാ സേനയും സ്ഥലത്ത് എത്തി. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കാനുള്ള ശ്രമമാണ് സംഘർഷത്തിലേക്ക് നയിച്ചത്.
കയ്യിൽ കരുതിയിരുന്ന കുപ്പിയും, കല്ലുകളും ഉപയോഗിച്ച് പ്രതിഷേധക്കാർ പോലീസുകാരെ ആക്രമിച്ചു. പോലീസ് ലാത്തി വീശി. കണ്ണീർ വാതകം പ്രയോഗിച്ചാണ് പോലീസുകാർ പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. പ്രതിഷേധ പ്രകടനത്തിൽ ഭരണകൂട വിരുദ്ധ മുദ്രാവാക്യങ്ങൾ നിറഞ്ഞിരുന്നു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൊളംബോയിലും പ്രധാന നഗരങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂടുതൽ പോലീസിനെയും സുരക്ഷാ സേനയെയും വിന്യസിച്ച് അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാനാണ് സർക്കാർ തീരുമാനം.
The post സാമ്പത്തിക പ്രതിസന്ധി ; ഭരണകൂടത്തിനെതിരെ തെരുവിൽ ഇറങ്ങി ജനങ്ങൾ appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]