
തിരുവനന്തപുരം
കോൺഗ്രസിനെ സെമികേഡർ പാർടിയാക്കാൻ ആവേശം കാണിച്ച് ഇറങ്ങി മുട്ടുമടക്കിയ കെപിസിസി അധ്യക്ഷൻ കെ സുധാകരന് അംഗത്വ വിതരണത്തിലും കിട്ടി മുട്ടൻ പണി. കോൺഗ്രസ് അംഗത്വം ചേർത്തതിൽ ഇന്ത്യയിൽ ഏറ്റവും പിന്നിലുള്ള ഘടകമായി കേരളം.
മാർച്ച് 31 ആയിരുന്നു അംഗത്വം ചേർക്കാനുള്ള അവസാന ദിവസം. അമ്പതുലക്ഷം അംഗത്വം ലക്ഷ്യമിട്ട കെ സുധാകരന് മൂന്ന് ലക്ഷം പേരെയേ ചേർക്കാനായുള്ളൂ. എന്നാൽ, ഏപ്രിൽ 15 വരെ ഹൈക്കമാൻഡ് സമയം നീട്ടി നൽകിയെന്ന് ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ അറിയിച്ചു. സംഘടനാ പ്രവർത്തനത്തിൽ അടിക്കടിയുള്ള വീഴ്ച സുധാകരന് നാണക്കേടുണ്ടാക്കി. രമേശ് ചെന്നിത്തലയടക്കമുള്ളവരുടെ പിന്തുണയുണ്ടായിട്ടും നിശ്ചയിച്ച ആളെ രാജ്യസഭയിലേക്ക് അയക്കാൻ കഴിഞ്ഞില്ല. ‘കുപ്പായം എം ലിജു അണിഞ്ഞു, രാജ്യസഭയിലേക്ക് ജെബി പോയി ’ എന്നാണ് കോൺഗ്രസ് നേതാക്കളുടെതന്നെ കമന്റ്. ഡിസിസി, ബ്ലോക്ക് പുനഃസംഘടനയിലും സുധാകരനെക്കൊണ്ട് സുല്ല് പറയിപ്പിച്ച അവസ്ഥയാണ്. പട്ടിക ഉണ്ടാക്കി പോക്കറ്റിലിട്ട് നടക്കാൻ തുടങ്ങിയിട്ട് ആഴ്ചകളായി. അതും വേണുഗോപാൽ ഇടപെട്ട് തടഞ്ഞു. കെ സുധാകരന് നയിക്കാൻ പറ്റാത്ത സംസ്ഥാനമാണ് കേരളമെന്ന് ഹൈക്കമാൻഡിനെ ബോധ്യപ്പെടുത്തുകയാണ് കെ സി വേണുഗോപാൽ–-വി ഡി സതീശൻ സംഘത്തിന്റെ ലക്ഷ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]