
ലേ കയേസ്: വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ട വിമാനം നടുറോഡിലേക്ക് തള്ളിക്കൊണ്ടുപോയി തീയിട്ട് കത്തിച്ചു. കരീബിയന്‍ രാജ്യമായ ഹെയ്തിയിലെ ലേ കയേസ് എന്ന നഗരത്തിലാണ് ആള്‍ക്കൂട്ടം വിമാനത്തിന് തീവച്ചത്. ഹെയ്തിയില്‍ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭം അക്രമാസക്തമായിമാറുകയാണ്. അമേരിക്കന്‍ മിഷനറി സംഘടനയുടെ ഉടമസ്ഥതയിലുള്ള വിമാനത്തിനാണ് ആള്‍ക്കൂട്ടം തീയിട്ടതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തെ തുടര്‍ന്ന് രാജ്യത്തെ വ്യോമഗതാഗതം തടസപ്പെട്ടു. പ്രമുഖ കമ്പനികള്‍ ഇവിടേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രധാനമന്ത്രി ഏരിയല്‍ ഹെന്റിയുടെ ഭരണത്തിന് എതിരെ രാജ്യത്ത് നടന്നു വരുന്ന ജനകീയ പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് ഇവിടെയും ജനക്കൂട്ടം തെരുവിലിറങ്ങിയത്. സമാധാനപരമായി നടന്നുവന്ന പ്രക്ഷോഭം ലേ കയേസിലെ വിമാനത്താവളത്തിലേക്ക് നീങ്ങിയതിനെ തുടര്‍ന്നാണ് അക്രമാസക്തമായത്.
വിമാനത്താവളത്തിന് കാവല്‍ നിന്നിരുന്ന പോലീസുകാര്‍ പ്രകടനക്കാര്‍ക്കെതിരെ കണ്ണീര് വാതക പ്രയോഗിച്ചു. പക്ഷേ പോലീസിനെ വകവെക്കാതെ നൂറുകണക്കിന് ആളുകള്‍ വിമാനത്താവളത്തിലേക്ക് തള്ളിക്കയറുകയായിരുന്നു. എണ്ണത്തില്‍ കുറവായ പോലീസുകാരെ ഓടിച്ചശേഷം ആള്‍ക്കൂട്ടം വിമാനത്താവളത്തിന്റെ റണ്‍വേയില്‍ നിര്‍ത്തിയിട്ട എഗേയ്പ് ഫ്ളൈറ്റ്സ് വിമാനത്തിന് നേര്‍ക്ക് തിരിഞ്ഞു.
തുടര്‍ന്ന് വിമാനത്തിന് മുകളിലേക്ക് കയറിയ പ്രക്ഷോഭകര്‍ അത് തല്ലിത്തകര്‍ക്കാന്‍ ശ്രമിച്ചു. അതിനുശേഷം വിമാനം ഉന്തി തെരുവിലേക്ക് എത്തിച്ചു. അതിനു ശേഷമാണ് ആള്‍ക്കൂട്ടം, വിമാനത്തിന് തീയിട്ടത്. വിമാനം കത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. വിമാനത്തിന് പുറത്തായിരുന്നതിനാല്‍ ജീവനക്കാര്‍ക്കാര്‍ക്കും സംഭവത്തില്‍ പരിക്കില്ല. വിമാനം പൂര്‍ണമായി നശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]