
തിരുവനന്തപുരം
സിൽവർ ലൈൻ പദ്ധതിയെ ഏതുവിധേനയും എതിർക്കാൻ ഉന്നയിക്കുന്ന ആക്ഷേപങ്ങൾ ഇ ശ്രീധരനെ തിരിഞ്ഞുകുത്തുന്നു. വ്യാഴാഴ്ച ‘ജന്മഭൂമി’യിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലും വസ്തുതാപരമല്ലാത്ത പഴയ ആക്ഷേപങ്ങൾ ആവർത്തിച്ചു.
കെ–- റെയിൽ നേരത്തേ വ്യക്തമായ മറുപടി നൽകിയിട്ടുണ്ട്. വീണ്ടും അതുതന്നെ ആവർത്തിക്കുന്നതിലൂടെ രാഷ്ട്രീയ എതിർപ്പിൽ കൂടുതൽ ഒന്നും ശ്രീധരനും പറയാനില്ലെന്ന് വ്യക്തം.
ലേഖനത്തിൽ പറയുന്നത്: ‘പദ്ധതി വലിയ പാരിസ്ഥിതിക ആഘാതമുണ്ടാക്കും, ജപ്പാൻ ബാങ്കിൽനിന്ന് വായ്പയെടുത്താൽ അവരുടെ താൽപ്പര്യപ്രകാരം സാധനങ്ങൾ വാങ്ങണം, സ്റ്റാൻഡേർഡ് ഗേജായാൽ കണക്ടിവിറ്റിയില്ല, തറനിരപ്പിൽ ഇത്ര വേഗത്തിൽ ട്രെയിൻ ഓടിക്കാനാകില്ല, മരം വച്ചുപിടിപ്പിക്കുമെന്ന് പറയുന്നില്ല, നെടുകെ മതിൽ ഉയരും, പഠിക്കാതെയാണ് ഡിപിആർ. ’ഡിഎംആർസിയുടെ മുഖ്യ ഉപദേഷ്ടാവായിരിക്കെ ഇ ശ്രീധരൻ യുഡിഎഫ് സർക്കാരിന് നൽകിയ റിപ്പോർട്ടിൽ അതിവേഗ പാത പദ്ധതിക്ക് പാരിസ്ഥിതിക ആഘാതം പ്രശ്നമായിരുന്നില്ല. വായ്പെടുക്കുന്നതു കൂടാതെ മൊത്തം മേൽനോട്ടവും പദ്ധതി നടത്തിപ്പുംകൂടി ജപ്പാൻ ബാങ്കിനെ ഏൽപ്പിക്കണമെന്നായിരുന്നു ശ്രീധരന്റെ നിർദേശം.
കൊൽക്കത്ത മെട്രോ നിർമാണകാലത്തുപോലും സ്റ്റാൻഡേർഡ് ഗേജിന് വാദിച്ചയാളാണ് ശ്രീധരൻ. നിരവധി രാജ്യങ്ങളിൽ തറനിരപ്പിലാണ് അതിവേഗ ട്രെയിൻ. മതിലില്ല, പകരം വേലിയാണെന്നും നഷ്ടമാകുന്ന മരത്തിനും നെൽക്കൃഷിക്കും പകരം വൃക്ഷം നടലും കരനെൽക്കൃഷിക്ക് സഹായവും കെ–- റെയിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
അന്നത്തെ ആശങ്ക
‘ഹൈസ്പീഡ് ട്രെയിൻ എത്രകാലം നീട്ടിക്കൊണ്ടുപോകാനാകും? ’
( ‘ഹൈസ്പീഡ് റെയിൽ എത്രകാലം നീട്ടിക്കൊണ്ടുപോകും’ എന്ന തലക്കെട്ടിൽ
2016 ജനുവരി 15ന് ഇ ശ്രീധരൻ മാതൃഭൂമി പത്രത്തിൽ എഴുതിയ ലേഖനത്തിൽനിന്ന് )
● അതിവേഗ ട്രെയിനിന് മണിക്കൂറിൽ 350 കി.മീ. വേഗത്തിൽ ഓടാൻ കഴിയും. തിരുവനന്തപുരം–- കണ്ണൂർ രണ്ടുമണിക്കൂർ മതി.
● ഏറ്റവും വാഹനസാന്ദ്രത കേരളത്തിലാണ്. പ്രതിവർഷം 8000 റോഡപകടം, അതിവേഗ പാത വന്നാൽ വർഷത്തിൽ ചുരുങ്ങിയത് 2400 ജീവൻ രക്ഷിക്കാം. 30 ശതമാനം റോഡപകടം കുറയും.
● പാതയുടെ സാധ്യതാ പഠനം 2011 ൽ ഡിഎംആർസി നൽകി. 2016ൽ ഡിപിആർ നൽകും.
ദേശീയപാതയെ അപേക്ഷിച്ച് 70 മീറ്ററിന്റെ സ്ഥാനത്ത് 20 മീറ്റർ സ്ഥലം എടുത്താൽ മതി.
● പദ്ധതി വന്നാൽ സാമ്പത്തിക വികസനത്തിന്റെ നവയുഗം അവതരിപ്പിച്ച് കേരളത്തിന്റെ മുഖച്ഛായ മാറ്റാമെന്നാണ് എന്റെ അഭിപ്രായം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]