
കോഴിക്കോട്: സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. അന്വേഷണം സുപ്രധാന ഘട്ടത്തിലെത്തി നില്‍ക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ കോഴിക്കോട് ജില്ലാ സി ബ്രാഞ്ച് എസിപി ശ്രീജിത്തിനെ വയനാട് സ്പെഷല്‍ ബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.
അച്ചടക്ക നടപടിയെ തുടര്‍ന്ന് ഏറെനാളായി പോസ്റ്റിംഗ് നല്‍കാതിരുന്ന അനില്‍ ശ്രീനിവാസിനാണ് പുതിയ അന്വേഷണച്ചുമതല. സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസില്‍ അന്വേഷണം നയതന്ത്ര സ്വര്‍ണകടത്ത് കേസിലെ പ്രതി കെ.ടി.
റമീസിലേക്കും നീങ്ങിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗേജ് മറയാക്കി സ്വര്‍ണം കടത്തിയതിന് കസ്റ്റംസും എന്‍ഐഎയും എന്‍ഫോഴ്സമെന്റും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതിയാണ് കെ.ടി.
റമീസ്. റമീസിന് വേണ്ടി താന്‍ നിരവധി തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് ഹൈദരാബാദില്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിയതിന് അറസ്റ്റിലായ റസല്‍ തെലങ്കാന പോലീസിന് നല്കിയ മൊഴി.
കൂടാതെ സ്വര്‍ണം കടത്താന്‍ സഹായിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കും കടത്ത് സംഘത്തിനുമിടയിലെ ഏജന്റായും ഇയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് തെലങ്കാന പോലീസ് കണ്ടെത്തിയിട്ടുണ്ട്. റസലിനെ 2020ല്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിപ്പുമായി ബന്ധപ്പെട്ട
കേസില്‍ എറണാകുളത്ത് പോലീസ് അറസ്റ്റ് ചെയ്തെങ്കിലും കോടതി ജാമ്യത്തില്‍ വിട്ടു. റസലും ഇതേ കേസില്‍ പ്രതിയായ ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന മലപ്പുറം സ്വദേശി സലീം പുന്നക്കോട്ടിലും കോഴിക്കോട് കേസിലെ പ്രതികളും ചേര്‍ന്നാണ് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയതെന്നാണ് കേരള പോലീസിന്റെ കണ്ടെത്തല്‍.
സമാന്തര എക്സ്ചേഞ്ചുകള്‍ക്ക് വേണ്ടി വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വന്‍തോതില്‍ സിംകാര്ഡുകളെത്തിച്ച് നല്കിയതും റസാലാണെന്നാണ് നിഗമനം. ഈ സിംകാര്‍ഡുകളുപയോഗിച്ച് ഓണ്‍ലൈന്‍ പെയ്മെന്റ് ആപ്പുകള്‍ വഴി സാമ്പത്തിക ഇടപാടുകളും നടത്തിയിട്ടുണ്ട്.
ഈ ഇടപാടുകള്‍ സ്വര്‍ണകടത്തിലെ ഇടപാടുമായി ബന്ധപ്പെട്ട പണമാണോയെന്നും പരിശോധിക്കുന്നുണ്ട്.
കൊച്ചിയിലെ എന്‍ഐഎ ഉദ്യോഗസ്ഥര്‍ വീണ്ടും കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കേസ് വിവരങ്ങള്‍ ശേഖരിച്ചു. സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസിലെ പ്രതികള്‍ക്ക് റമീസുമായുള്ള ബന്ധമടക്കം പോലീസ് കേന്ദ്ര ഏജന്‍സികളെ അറിയിച്ചു കഴിഞ്ഞു.
ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമേ സ്വര്‍ണ ഖനനം നടക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളിലും കേസിലെ പ്രതികള്‍ എക്സ്ചേഞ്ചുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൊയിലാണ്ടിയില്‍ സ്വര്‍ണ കടത്ത് കാരിയറായ ഹനീഫയെ തട്ടികൊണ്ടുപോയ കടത്ത് സംഘം മോചിപ്പിക്കാന്‍ പണമാവശ്യപ്പെട്ട് വിളിച്ചത് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് ഉപയോഗിച്ചാണെന്ന് കണ്ടെത്തിയിരുന്നു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]