
കൊച്ചി
ഗെയിൽ പ്രകൃതിവാതക പൈപ്പുലൈൻ പദ്ധതി മൂന്നാംഘട്ടത്തിന്റെ ഭാഗമായി കോയമ്പത്തൂർ ഐഒസിക്ക് ഗ്യാസ് എത്തിച്ചു. കോയമ്പത്തൂർ ജില്ലയിലെ മധുക്കര പീച്ചാനൂർ ഐഒസി ചാർജിങ് സ്റ്റേഷനിലേക്ക് വ്യാഴാഴ്ചയാണ് ഇന്ധനം എത്തിച്ചത്.
ഇതോടെ കോയമ്പത്തൂർ നഗരത്തിലെ സിറ്റി ഗ്യാസ് പദ്ധതി യാഥാർഥ്യമാകും. വാഹനങ്ങൾക്ക് സിഎൻജിയും വീടുകളിൽ പാചക ആവശ്യത്തിന് പൈപ്പിലൂടെ പിഎൻജിയുമാണ് (പൈപ്ഡ് നാച്വറൽ ഗ്യാസ്) നൽകുക.
കോയമ്പത്തൂരിൽ ഐഒസി നേരിട്ടാണ് സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുന്നത്. വാളയാറിൽനിന്ന് കോയമ്പത്തൂരിലേക്ക് ഗ്യാസ് എത്തിക്കുന്ന പൈപ്പുലൈനിന് ദ പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷന്റെ (പെസോ) സുരക്ഷാ അനുമതി മാർച്ച് ഒമ്പതിനാണ് ലഭിച്ചത്.
പാലക്കാട് കൂറ്റനാടുമുതൽ വാളയാർവരെ 94 കിലോമീറ്റർ പൈപ്പുലൈനിന്റെ നിർമാണം കഴിഞ്ഞ ഏപ്രിലിൽ പൂർത്തിയായിരുന്നു. ഇതും വാളയാറിൽനിന്ന് കോയമ്പത്തൂർവരെയുള്ള 12 കിലോമീറ്റർ പൈപ്പുലൈനുമാണ് ഇപ്പോൾ പ്രവർത്തനസജ്ജമായത്.
കോയമ്പത്തൂരിലേക്ക് ഗ്യാസ് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം വ്യാഴാഴ്ച പാലക്കാട് ഡെപ്യൂട്ടി ജനറൽ മാനേജർമാരായ ജോർജ് ആന്റണിയും പി ശശീന്ദ്രനാഥും നിർവഹിച്ചു. പാലക്കാട് സിറ്റി ഗ്യാസ് പദ്ധതിക്ക് കഴിഞ്ഞ വെള്ളിയാഴ്ച ഇന്ധനം എത്തിച്ചിരുന്നു.
പാലക്കാട്, മലപ്പുറം, തൃശൂർ പമ്പുകളിൽ ആദ്യം സിഎൻജി എത്തും. പിഎൻജി ഏപ്രിൽ അവസാനം പാലക്കാട് എലപ്പുള്ളി, പുതുശേരി പഞ്ചായത്തുകളിലെ വീടുകളിൽ എത്തിക്കും.
ദേശീയപാത അതോറിറ്റിയുടെ അനുമതി ലഭിക്കുന്നതോടെ പാലക്കാട് നഗരത്തിലും എത്തിക്കും. തുടർന്ന് കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലെ സിറ്റി ഗ്യാസ് പദ്ധതികൾക്കും ഇന്ധനം ലഭിക്കും.
കേരളത്തിൽ സിറ്റി ഗ്യാസിന്റെ വിതരണച്ചുമതല ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിനാണ് (ഐഒഎജിപിഎൽ). source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]