
കുറിച്ചി ∙ പാടശേഖരത്തു കൃഷി ആവശ്യത്തിനായി വെള്ളം എത്തിക്കാൻ മാർഗമില്ല. കർഷകർ പ്രതിസന്ധിയിൽ. മന്ദിരം കവലയ്ക്കു സമീപമുള്ള മുട്ടത്തുകടവ് പ്രദേശത്തെ കാരിക്കുഴി പാടശേഖരത്തെ കൃഷിക്കാരാണു നെൽക്കൃഷിക്കായി വെള്ളം ലഭിക്കാത്തതിനാൽ ആശങ്കയിൽ കഴിയുന്നത്. പാടശേഖരത്തിനു സമീപത്തു കൂടി കടന്നുപോകുന്ന തോട്ടിൽ വേണ്ടത്ര വെള്ളം എത്താത്തതാണു പ്രതിസന്ധിക്കു കാരണം. പ്രധാന തോട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണു മുട്ടത്തുകടവ് ഭാഗത്തു കൂടി കടന്നുപോകുന്ന തോട് ഉള്ളത്.
കുറിച്ചി പഞ്ചായത്ത് 2, 3 വാർഡുകളുടെ അതിർത്തിയിലാണു കാരിക്കുഴി പാടശേഖരം. മുട്ടത്തുകടവ് ഭാഗത്തായി തോടിനു കുറുകെയുള്ള പാലത്തിന്റെ ഉയരക്കുറവ് ഉൾപ്പെടെ പല കാരണങ്ങൾ മൂലം വെള്ളത്തിന്റെ ഒഴുക്കു തടസ്സപ്പെടുന്നതായി കർഷകർ പറയുന്നു. ചെളിയും മണ്ണും അടിഞ്ഞതിനാൽ തോടിനു പലയിടത്തും ആഴക്കുറവാണ്. ഈ കാരണത്താൽ തന്നെ മഴക്കാലത്ത് തോടു കവിഞ്ഞു വെള്ളം കൃഷിയിടത്തിലേക്ക് ഒഴുകും. വേനൽ എത്തുന്നതോടെ തോട്ടിലെ വെള്ളം പെട്ടെന്നു വറ്റിവരണ്ട് ഉണങ്ങും. ഇതു കൃഷിയെ ദോഷമായി ബാധിക്കും.
അനുവദിച്ച തുക നഷ്ടമായി
വർഷങ്ങൾക്കു മുൻപു കുട്ടനാട് പാക്കേജിന്റെ ഭാഗമായി ഇവിടെ പുറംബണ്ട് ബലപ്പെടുത്തുന്നതിനും ബണ്ട് റോഡ് നിർമിക്കുന്നതിനും തോടിന്റെ ആഴം കൂട്ടുന്നതിനുമായി 2 കോടിയോളം രൂപ അനുവദിച്ചിരുന്നു. എന്നാൽ ജോലികൾ ഏറ്റെടുക്കാൻ കരാറുകാർ ഇല്ലാതെ വന്നതോടെ ആ തുക നഷ്ടമായെന്നു കർഷകർ പറയുന്നു. സമീപത്തെ മറ്റു പാടശേഖരങ്ങളിൽ നിന്നു വെള്ളം പമ്പ് ചെയ്യുന്ന ജോലികൾ നടക്കുന്നതിനാൽ ഇപ്പോൾ തോട്ടിൽ ചെറിയ തോതിൽ വെള്ളം ഉണ്ട്. എന്നാൽ ഈ ജോലികൾ കഴിയുന്നതോടെ എന്തു ചെയ്യുമെന്ന് അറിയാതെ വിഷമിക്കുകയാണു കാരിക്കുഴി പാടശേഖരത്തെ കർഷകർ.
കൃഷി ആരംഭിച്ചത്കഴിഞ്ഞ മാസം അവസാനം
കാലാവസ്ഥയിലെ പ്രതികൂല സാഹചര്യങ്ങൾ മൂലം കഴിഞ്ഞ മാസം അവസാനമാണു പാടശേഖരത്ത് കൃഷി ആരംഭിച്ചത്. ഏപ്രിൽ അവസാനമോ മേയ് ആദ്യമോ കൊയ്ത്തു നടത്താനാകും എന്നാണു പ്രതീക്ഷിക്കുന്നത്. എന്നാൽ വേനൽ അതിരൂക്ഷമാകുന്നതിനാൽ കൊയ്ത്തു വരെയുള്ള ഘട്ടങ്ങളിൽ കൃഷിക്കു വെള്ളം എത്തിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകുമെന്നു കർഷകർ ആശങ്കപ്പെടുന്നു. ചെളി നീക്കം ചെയ്ത് തോടിന് ആഴം കൂട്ടി പ്രധാന തോട്ടിൽ നിന്നു വെള്ളം ഒഴുകിയെത്താൻ സാഹചര്യം ഉണ്ടാക്കുകയാണു പ്രശ്നത്തിനുള്ള പരിഹാരം.
എന്നാൽ പുറംബണ്ടിനു ബലക്ഷയം ഉള്ളതിനാൽ ആഴം കൂട്ടുന്ന ജോലികൾക്കിടയിൽ ബണ്ട് ഇടിയാനുള്ള സാധ്യത കൂടുതലാണ്. ബണ്ട് ബലപ്പെടുത്തുന്നതിനും തോടിന്റെ ആഴം കൂട്ടുന്നതിനും വേണ്ടിയുള്ള പദ്ധതിയാണ് ആവശ്യമെന്ന് കർഷകർ പറയുന്നു. ഇതിനായി കൂടുതൽ പണം ആവശ്യമാണ്. കൃഷി വകുപ്പിൽ നിന്നോ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നോ പ്രത്യേക പദ്ധതി തയാറാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. ഇതിനു പുറമേ മന്ദിരം–കൈനടി റോഡിൽ മുട്ടത്തുകടവിൽ തോടിനു കുറുകെയുള്ള പാലം ഉയരം കൂട്ടി പുനർനിർമിക്കാനും നടപടി വേണമെന്ന് ആവശ്യമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]