ആഗോളതലത്തിൽ സ്മാർട്ട്ഫോൺ അടക്കമുള്ള വിവിധ ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, പ്രമുഖ ടെക് ഭീമനായ ഗൂഗിളും തങ്ങളുടെ ജനപ്രിയ ഉൽപ്പന്നങ്ങളുടെ വില ഉയർത്തുന്നു. ഡിആർഎഎം (DRAM), നാൻഡ് (NAND) ഫ്ലാഷ് മെമ്മറി വിലകളിൽ ഉണ്ടായ കുതിച്ചുചാട്ടമാണ് ആഗോള വിപണിയിൽ ഈ പ്രതിസന്ധിക്ക് പ്രധാന കാരണം.
ഇതിന്റെ ഭാഗമായി ഗൂഗിളിന്റെ ഗൂഗിൾ ടിവി സ്ട്രീമർ (Google TV Streamer) ഉൾപ്പെടെയുള്ള നിരവധി ഉൽപ്പന്നങ്ങളുടെ വിലയാണ് കമ്പനി ഗണ്യമായി വർദ്ധിപ്പിച്ചിരിക്കുന്നത്. 2024-ൽ വിപണിയിലിറങ്ങിയപ്പോൾ $100 ഡോളർ വിലയുണ്ടായിരുന്ന ഗൂഗിൾ ടിവി സ്ട്രീമറിന് നിലവിൽ 50% വില വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ഇതോടെ ഉപയോക്താക്കൾക്ക് ഏറെ പ്രിയങ്കരമായിരുന്ന ഈ സ്ട്രീമിംഗ് ബോക്സിന്റെ പുതിയ വിപണി വില $150 ഡോളറായി ഉയർന്നു. ഗൂഗിൾ നെസ്റ്റ് (Nest) ഉൽപ്പന്ന നിരയിലും സമാനമായ രീതിയിൽ വില വർദ്ധനവ് നടപ്പിലാക്കിയിട്ടുണ്ട്.
നെസ്റ്റ് ക്യാമറകളുടെയും ഡോർബെൽ മോഡലുകളുടെയും വിലയിൽ $20 ഡോളറിന്റെ വർദ്ധനവാണ് വരുത്തിയിട്ടുള്ളത്. വയേർഡ്, ബാറ്ററിയിൽ പ്രവർത്തിക്കുന്ന നെസ്റ്റ് ഡോർബെൽ മോഡലുകളുടെ നിലവിലെ വില $200 ഡോളറിലെത്തിയിരിക്കുന്നു.
വിലക്കയറ്റത്തെക്കുറിച്ച് കമ്പനി ഔദ്യോഗികമായി നൽകിയ വിശദീകരണം ഇങ്ങനെയാണ്:
“Due to rising component costs, we are adjusting the U.S. pricing of select Google Nest cameras, doorbells and Google TV streamer 4K, effective August 31.
We remain committed to providing our customers with industry-leading smart home security and continuous feature updates.” നിലവിൽ ഗൂഗിൾ സ്റ്റോറിലും ബെസ്റ്റ് ബൈ (Best Buy) പ്ലാറ്റ്ഫോമുകളിലുമാണ് ഈ വില വർദ്ധനവ് നിലവിൽ വന്നിട്ടുള്ളത്. ആമസോൺ പോലുള്ള മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പഴയ വിലയായ $100 ഡോളറിന് ഉപയോക്താക്കൾക്ക് ഈ ഉപകരണം ലഭ്യമാകുന്നുണ്ടെങ്കിലും, ഈ ആനുകൂല്യം അധികനാൾ നീണ്ടുനിൽക്കാൻ സാധ്യതയില്ലെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.
ഉയർന്ന ഘടകച്ചെലവും വിപണിയിലെ പ്രതികൂല സാഹചര്യങ്ങളും കാരണം ഗൂഗിൾ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ വിലക്കയറ്റം വലിയ തിരിച്ചടിയാകുമെന്നാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

