
കാൻപുർ∙ ബംഗ്ലദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ട്വന്റി20 സ്റ്റൈൽ ബാറ്റിങ്ങുമായി ഇന്ത്യ. ആദ്യ ഇന്നിങ്സിൽ ബാറ്റു ചെയ്യാനിറങ്ങിയ ഇന്ത്യ 10.1 ഓവറിലാണ് 100 പിന്നിട്ടത്. ടെസ്റ്റ് ചരിത്രത്തിൽ അതിവേഗം 50 ഉം 100 ഉം സ്കോറുകൾ പിന്നിടുന്ന ടീമെന്ന റെക്കോർഡ് ഇതോടെ ഇന്ത്യയുടെ പേരിലായി. ഇന്ത്യൻ ഇന്നിങ്സിലെ ആദ്യ മൂന്ന് ഓവറിൽ 51 റണ്‍സാണ് ഓപ്പണർമാരായ യശസ്വി ജയ്സ്വാളും രോഹിത് ശർമയും ചേർന്ന് അടിച്ചുകൂട്ടിയത്.
ബുമ്രയുടെ പന്ത് ഒഴിവാക്കിവിട്ടു, മുഷ്ഫിഖറിന്റെ വിക്കറ്റ് തെറിച്ചു; ബംഗ്ലദേശ് 233 ന് പുറത്ത്
Cricket
11 ഓവറുകൾ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 110 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 11 പന്തിൽ 23 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയാണു പുറത്തായത്. അർധ സെഞ്ചറിയുമായി യശസ്വി ജയ്സ്വാളും (42 പന്തിൽ 69), ശുഭ്മൻ ഗില്ലുമാണ് (14 പന്തിൽ 16) ക്രീസിൽ.
നാലാം ദിവസം ബംഗ്ലദേശ് 233 റൺസിന് ഓൾഔട്ടായിരുന്നു. സെഞ്ചറിയുമായി മൊമീനുൽ ഹഖ് പുറത്താകാതെനിന്നു. 194 പന്തുകൾ നേരിട്ട മൊമിനുൽ ഹഖ് 107 റൺസെടുത്തു. മത്സരത്തിന്റെ രണ്ടും മൂന്നും ദിനങ്ങളിൽ മഴ കാരണം ഒരു പന്തുപോലും എറിയാൻ സാധിച്ചിരുന്നില്ല.
35 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 107 റൺസ് എന്ന നിലയിലാണ് നാലാം ദിവസം ബംഗ്ലദേശ് ബാറ്റിങ് തുടങ്ങിയത്. മുഷ്ഫിഖർ റഹിം (32 പന്തിൽ 11), ലിറ്റൻ ദാസ് (30 പന്തിൽ 13), ഷാക്കിബ് അൽ ഹസൻ (17 പന്തിൽ ഒൻപത്), മെഹ്ദി ഹസൻ മിറാസ് (42 പന്തിൽ 20), തൈജുൽ ഇസ്ലാം (എട്ട് പന്തിൽ അഞ്ച്), ഹസൻ മഹ്മൂദ്(ഒന്ന്), ഖാലിദ് അഹമ്മദ് (പൂജ്യം) എന്നിവരാണ് നാലാം ദിവസം പുറത്തായത്. സ്കോർ 112 ൽ നിൽക്കെ മുഷ്ഫിഖർ റഹീമിനെ ജസ്പ്രീത് ബുമ്ര ബോൾഡാക്കുകയായിരുന്നു. ബുമ്രയുടെ പന്തിന്റെ ഗതി നിർണയിക്കുന്നതിൽ പരാജയപ്പെട്ട മുഷ്ഫിഖർ, ബോൾ ഒഴിവാക്കിവിടുകയായിരുന്നു. ഇതോടെ താരം ബോൾഡായി.
ഖാലിദ് അഹമ്മദിനെ ക്യാച്ചെടുത്ത് പുറത്താക്കി, ടെസ്റ്റിൽ 300 വിക്കറ്റുകൾ തികച്ച് രവീന്ദ്ര ജഡേജ- വിഡിയോ
Cricket
50–ാം ഓവറിൽ മുഹമ്മദ് സിറാജിന്റെ പന്തില്‍ ക്യാപ്റ്റന്‍ രോഹിത് ശർമ തകർപ്പൻ ക്യാച്ചെടുത്താണ് ലിറ്റൻ ദാസിനെ മടക്കിയത്. ഷാക്കിബ് അൽ ഹസനെ പുറത്താക്കിയത് സ്പിന്നർ ആർ. അശ്വിനായിരുന്നു. മെഹ്ദി ഹസൻ മിറാസിനെയും തൈജുൽ ഇസ്ലാമിനെയും പുറത്താക്കിയ ബുമ്ര വിക്കറ്റു നേട്ടം മൂന്നാക്കി ഉയർത്തി.
വാലറ്റത്ത് ഹസൻ മഹ്മൂദിനെ മുഹമ്മദ് സിറാജ് എൽബിഡ്ബ്ല്യുവിൽ കുടുക്കി. സ്പിന്നര്‍ രവീന്ദ്ര ജഡേജ സ്വന്തം പന്തിൽ ക്യാച്ചെടുത്ത് ഖാലിദ് അഹമ്മദിനെയും മടക്കിയതോടെ ആദ്യ ഇന്നിങ്സിൽ ബംഗ്ലദേശിന്റെ പതനം പൂർണമായി.
English Summary:
India vs Bangladesh Second Test, Day 4 Updates