മുംബൈ∙ ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിൽ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് ഓപ്പണറുടെ റോളിൽ കളിക്കും. 15 അംഗ ടീമിലെ പ്രധാന വിക്കറ്റ് കീപ്പറായ സഞ്ജുവായിരിക്കും യുവതാരം അഭിഷേക് ശർമയ്ക്കൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യുന്നത്. ഒക്ടോബർ ആറിന് ഗ്വാളിയോറിലാണ് മൂന്നു മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ പോരാട്ടം. നേരത്തേ ഇന്ത്യയ്ക്കായി ഓപ്പണറുടെ റോളിൽ ഇറങ്ങിയിട്ടുള്ള സഞ്ജുവിന് ബംഗ്ലദേശിനെതിരായ പ്രകടനം നിർണായകമാകും.
സ്റ്റാർക്ക് 24.75 കോടിക്ക് അർഹനോ? ലേലം വിളി നീണ്ടാലും ഇനി വിദേശികൾ പണം വാരില്ല
Cricket
തിളങ്ങാൻ സാധിച്ചില്ലെങ്കിൽ, ഇന്ത്യൻ ടീമിലെ സ്ഥാനം നഷ്ടപ്പെടാനും ഇടയുണ്ട്. ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലാണ് സഞ്ജു ഒടുവിൽ കളിച്ചത്. രണ്ടു മത്സരങ്ങളിലും താരം റണ്ണൊന്നുമെടുക്കാതെ പുറത്തായിരുന്നു. സിംബാബ്വെയ്ക്കെതിരായ പരമ്പരയിലെ മൂന്നാം മത്സരത്തിൽ താരം അർധ സെഞ്ചറി സ്വന്തമാക്കിയിരുന്നു. ദുലീപ് ട്രോഫിയിൽ സെഞ്ചറി നേടിയ സഞ്ജു മികച്ച ഫോമിലാണു കളിക്കുന്നത്.
സൂര്യകുമാർ നയിക്കുന്ന ടീമിൽ യുവതാരം മയങ്ക് യാദവുമുണ്ട്. ഐപിഎല്ലിൽ 150 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞിട്ടുള്ള മയങ്ക് യാദവ് പരമ്പരയിലെ എല്ലാ മത്സരങ്ങളും കളിക്കുമെന്നാണ് പ്രതീക്ഷ. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലാണു താരം. പേസർ ഹർഷിത് റാണയും ബംഗ്ലദേശിനെതിരായ പ്ലേയിങ് ഇലവനിൽ ഇടം കണ്ടെത്തിയേക്കും.
ബംഗ്ലദേശിനെതിരായ ആദ്യ മത്സരത്തിനുള്ള സാധ്യതാ ഇലവൻ– അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), റിങ്കു സിങ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, വാഷിങ്ടൻ സുന്ദർ, റിയാൻ പരാഗ്, മയങ്ക് യാദവ്, അർഷ്ദീപ് സിങ്, രവി ബിഷ്ണോയി.
English Summary:
Sanju Samson to play as opening batter against Bangladesh