ന്യൂഡൽഹി ∙ അടുത്ത ഒളിംപിക്സിൽ സ്വർണം തന്നെയാണ് തന്റെ ലക്ഷ്യമെന്നും പരിശീലനവും മത്സരങ്ങളും പുനരാരംഭിക്കുന്നതിനു മുൻപുള്ള ‘ചെറിയ ഇടവേള’ ആസ്വദിക്കുകയാണ് ഇപ്പോഴെന്നും ഇന്ത്യൻ ഷൂട്ടിങ് താരം മനു ഭാക്കർ. പാരിസ് ഒളിംപിക്സിൽ ഇരട്ട വെങ്കലവുമായി തിളങ്ങിയ ഹരിയാനക്കാരി മനു ഇപ്പോൾ പ്രമോഷനൽ പരിപാടികളും സോഷ്യൽ മീഡിയ ഇടപെടലുകളുമായി സജീവമാണ്. മനു ഭാക്കർ സംസാരിക്കുന്നു.
തുക കുറവെങ്കിൽ ‘മുങ്ങൽ’, വിദേശതാരങ്ങളുടെ ആ തന്ത്രം ഇനി നടക്കില്ല; പണി കിട്ടും
Cricket
ഒളിംപിക്സിനു ശേഷമുള്ള ജീവിതം?
ഇപ്പോഴുള്ള ഈ മൂന്നു മാസക്കാലം കോച്ച് എനിക്കു തന്ന കൂൾ ഓഫ് ടൈം ആണ്. വിശ്രമത്തിനും ചെറിയ പരുക്കുകൾ ഭേദമാകാനുമാണ് സമയം ചെലവഴിക്കുന്നത്. നവംബറിൽ വീണ്ടും പരിശീലനം തുടങ്ങും. ഷൂട്ടിങ് റേഞ്ചിലേക്ക് അടുത്ത വർഷമാദ്യം തന്നെ തിരികെയെത്തും. അടുത്ത ഒളിംപിക്സിൽ സ്വർണം നേടുക എന്നതു തന്നെയാണ് വലിയ ലക്ഷ്യം. ആ നേട്ടത്തിലേക്ക് ഇനി ഒരു പടി മാത്രം അകലമേയുള്ളു എന്നാണ് മനസ്സ് പറയുന്നത്. ശരിയായ പാതയിലാണ് മുന്നോട്ടുനീങ്ങുന്നത്. ആ ലക്ഷ്യം നേടുന്നതുവരെ യാത്ര അവസാനിപ്പിക്കില്ല.
മനു ഭാക്കറിന്റെ ‘ബ്രാൻഡ് മൂല്യം’ കുതിച്ചുയരുകയാണ്?
എനിക്ക് വിശ്വാസമുള്ള ബ്രാൻഡുകളുടെ ഒപ്പമാണ് ഞാൻ സഹകരിക്കുന്നത്. വളരെയധികം ആലോചിച്ചാണ് ഓരോ പരസ്യങ്ങളും തിരഞ്ഞെടുക്കുന്നത്. സാമ്പത്തിക സ്വാതന്ത്ര്യം എന്നത് ഒരു കായിക താരത്തെ സംബന്ധിച്ച് പ്രധാനമായൊരു കാര്യം തന്നെയാണ്. മക്കളെ കായിക രംഗത്തേക്ക് അയയ്ക്കുമ്പോൾ മാതാപിതാക്കൾക്കു മുന്നിലുള്ള വലിയ ആശങ്കയാണ് സാമ്പത്തികം. എന്നാൽ ഇന്ന് സാഹചര്യങ്ങൾ മാറി. ഒട്ടേറെ സാധ്യതകൾ തുറന്നു. അതു ഞാൻ ഉപയോഗപ്പെടുത്തുന്നു.
ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പര: സഞ്ജു സാംസൺ പ്രധാന വിക്കറ്റ് കീപ്പർ; മയാങ്കും നിതീഷും പുതുമുഖങ്ങൾ
Cricket
സോഷ്യൽ മീഡിയയിലും സജീവമായല്ലോ?
സോഷ്യൽ മീഡിയ ലൈഫും പല മേഖലകളുമായി ബന്ധപ്പെടുന്നതും ഞാൻ ഇപ്പോൾ ആസ്വദിക്കുന്നുണ്ട്. കുറച്ചുകാലത്തേക്ക് ഞാൻ സ്വയം അനുവദിച്ചതാണത്. എന്നാൽ അപ്പോഴും എന്റെ ലൈഫിൽ ഒന്നാം സ്ഥാനം സ്പോർട്സിനു തന്നെയാണ്. ആ പ്രാധാന്യം എന്നും അങ്ങനെ തന്നെ തുടരും. മറ്റ് കാര്യങ്ങളെല്ലാം രണ്ടാമതേ വരുന്നുള്ളു.
പോകുന്നിടത്തെല്ലാം ഒളിംപിക് മെഡലുകളും കൊണ്ടു പോകുന്നു എന്ന വിമർശനത്തിന് മുറി നിറയെ സ്വന്തം മെഡലുകൾ നിരത്തിവച്ച ചിത്രം പോസ്റ്റുചെയ്താണല്ലോ മനു മറുപടി കൊടുത്തത്..?
പല തരത്തിലുള്ള ആളുകളുണ്ട്. എന്നെ സ്നേഹിക്കുന്നവരുമുണ്ട്, അല്ലാത്തവരുമുണ്ട്. എല്ലാവരും ഒരുപോലെ ആകണമെന്ന് നിർബന്ധം പിടിക്കാനാവില്ലല്ലോ. എന്നാൽ ചിലപ്പോഴൊക്കെ എനിക്ക് അസ്വസ്ഥത തോന്നും. രാജ്യത്തിനുവേണ്ടി എന്റെ മേഖലയിൽ കഴിവിന്റെ പരമാവധി ചെയ്യാൻ ശ്രമിക്കുമ്പോഴും അതു ചെയ്തു, ഇതു ചെയ്തു എന്നൊക്കെ വിമർശനം കേൾക്കുമ്പോൾ വിഷമമുണ്ടായിട്ടുണ്ട്. എന്നാൽ എന്നെ സ്നേഹിക്കുന്ന ഒരുപാട് പേർ ഒപ്പമുള്ളതാണ് എന്റെ ബലം. ബാക്കിയുള്ളതൊക്കെ കാണാത്തതു പോലെ മുന്നോട്ടുപോകും.
English Summary:
Shooting star Manu Bhakar speaks