ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ, ഹൈലാൻഡേഴ്സിന്റെ ആദ്യത്തെ ഹോം മാച്ചിനു മുൻപുള്ള മാധ്യമസമ്മേളനം. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സ്പാനിഷ് പരിശീലകൻ യുവാൻ പെദ്രോ ബെനാലി കസേരയിലിരിക്കും മുൻപേ തന്നെ ആദ്യ ചോദ്യം. സീസണിലെ ആദ്യ ഹോം മാച്ചല്ലേ, പ്രഷർ കാണുമല്ലോ?
‘‘നോ പ്രഷർ, ഒൺലി പ്ലഷർ!’’
സമ്മർദമില്ല, സന്തോഷം മാത്രമെന്ന കോച്ചിന്റെ രസികൻ മറുപടിയിൽ മത്സരത്തലേന്നത്തെ സംഘർഷമേഘങ്ങൾ അലിഞ്ഞുപോയി. ഗുവാഹത്തിയിൽ ഇന്നലെ വൈകിട്ടു പെയ്ത കനത്ത മഴയിൽ, ഉച്ചവരെ കത്തിനിന്ന വെയിൽച്ചൂടിനും ശമനം.
പക്ഷേ, മണ്ണും മനസ്സും തണുത്തപ്പോഴും ഇന്നത്തെ മത്സരച്ചൂടിനു കുറവില്ല. ഐഎസ്എൽ ഫുട്ബോളിലെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്– കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിനു കിക്കോഫ് ഇന്നു രാത്രി 7.30ന്. സ്പോർട്സ് 18 ചാനലിലും ജിയോ സിനിമയിലും തൽസമയം.
രണ്ട് ഹോം മത്സരങ്ങൾക്കു ശേഷം കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ എവേ മാച്ച്; രണ്ട് എവേ മത്സരങ്ങൾക്കു ശേഷം നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ആദ്യ ഹോം മാച്ചും. സീസണിൽ രണ്ടു ടീമും ഒരു കളി വീതം തോറ്റു, ജയിച്ചു. പോയിന്റ് പട്ടികയിലും അടുത്തടുത്ത സ്ഥാനങ്ങളിലുണ്ട് ഇരുടീമും. കൊച്ചിയിൽ നടന്ന മത്സരത്തിൽ കൊൽക്കത്ത ഈസ്റ്റ് ബംഗാളിനെ 2–1നു തോൽപിച്ചതിന്റെ ഹാപ്പി മൂഡിലാണ് ബ്ലാസ്റ്റേഴ്സ്. കൊൽക്കത്തയിൽ മോഹൻ ബഗാനോടു 3–2ന് തോറ്റ നോർത്ത് ഈസ്റ്റിന് ഇന്നു ജയിച്ചേ തീരൂ.
ബ്ലാസ്റ്റേഴ്സ് സെറ്റാണ്
മാധ്യമ സമ്മേളനത്തിനു 10 മിനിറ്റ് മുൻപേയെത്തിയ ബ്ലാസ്റ്റേഴ്സ് കോച്ച് മികായേൽ സ്റ്റാറെയ്ക്ക് അറിയേണ്ടത് ഒരേയൊരു കാര്യമായിരുന്നു. എത്ര പേർ മത്സരം കാണാനെത്തും? 30,000 പേർക്കിരിക്കാവുന്ന സ്റ്റേഡിയത്തിൽ പകുതിയെങ്കിലും കാണികളെ പ്രതീക്ഷിക്കുന്നതായി സംഘാടകർ. കാരണം, ഡ്യുറാൻഡ് കപ്പ് വിജയത്തിനു ശേഷം നോർത്ത് ഈസ്റ്റ് ഹോം ഗ്രൗണ്ടിൽ ഇതാദ്യമായി ഒരു മത്സരത്തിനിറങ്ങുകയാണ്.
ഈസ്റ്റ് ബംഗാളിനെ തോൽപിച്ച ബ്ലാസ്റ്റേഴ്സ് ടീമിൽ കാര്യമായൊരു മാറ്റത്തിനു സ്റ്റാറെ തുനിഞ്ഞേക്കില്ലെന്നാണ് സൂചന. കഴിഞ്ഞ കളിയിൽ, മധ്യനിരയിലെ 3 കളിക്കാരെയും മുൻനിരയിലെ ഹെസൂസ് ഹിമിനെയെയും കോച്ച് സബ്സ്റ്റിറ്റ്യൂട്ട് ചെയ്തിരുന്നു. ഹെസൂസിനു പകരമിറങ്ങിയ പെപ്ര വിജയഗോൾ നേടുകയും ചെയ്തു.
നോവ സദൂയി, ഹെസൂസ്, കെ.പി.രാഹുൽ എന്നിവരുൾപ്പെടുന്ന മുൻനിരയ്ക്കൊപ്പം മധ്യനിരയിൽ ലൂണ കൂടി വന്നാൽ ഏതൊരു പരിശീലകനും സ്വപ്നം കാണുന്ന കോംപിനേഷനാകുമത്. ഡിഫൻഡർ മിലോസ് ഡ്രിൻസിച്ച് കഴിഞ്ഞ കളിയിൽ ഒരു മഞ്ഞക്കാർഡ് കണ്ടതിനാൽ ഈ കളിയിൽ ഒതുങ്ങിക്കളിക്കേണ്ടി വന്നേക്കാം.
നോർത്ത് ഈസ്റ്റ് ഡിഫൻസ്
4–2–3–1 ശൈലിയിൽ പ്രതിരോധത്തിൽ ‘ബസ് പാർക്കിങ്’ ടാക്റ്റിക്സ് അനുവർത്തിക്കുന്ന ടീമാണു നോർത്ത് ഈസ്റ്റ്. മുൻനിരയിൽ സ്പാനിഷ് ഫോർവേഡ് ഗില്ലർമോ ഫെർണാണ്ടസ്. തൊട്ടുപിന്നിലായി വിങ്ങർമാരായ എം.എസ്. ജിതിനും മൊറോക്കൻ താരം അലിഡൈൻ അജരിയും. നടുവിൽ നിക്സൺ. പ്രതിരോധത്തിലെ 4 കളിക്കാർക്കു തൊട്ടുമുന്നിലായി 2 മിഡ്ഫീൽഡർമാരെക്കൂടി നിയോഗിക്കുന്ന ശൈലിയാണ് നോർത്ത് ഈസ്റ്റ് കോച്ച് യുവാൻ പെദ്രോ ബെനാലിയുടേത്.
ഛേത്രിക്ക് റെക്കോർഡ്
ബെംഗളൂരു∙ ഐഎസ്എൽ ഫുട്ബോളിലെ ഓൾടൈം ഗോൾ സ്കോറർമാരുടെ പട്ടികയിൽ സൂപ്പർ താരം സുനിൽ ഛേത്രി ഒന്നാമതെത്തിയ മത്സരത്തിൽ ബെംഗളൂരു എഫ്സി
3–0ന് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെ തോൽപിച്ചു. ഐഎസ്എൽ കരിയറിൽ 64–ാം ഗോൾ നേടിയ ഛേത്രി ബർത്തലോമിയോ ഓഗ്ബെച്ചെയെയാണ് മറികടന്നത്. എഡ്ഗർ മെൻഡസ് (9), സുരേഷ് സിങ് വാങ്ഗാം (20) എന്നിവരും ബെംഗളൂരുവിനായി ലക്ഷ്യം കണ്ടു. മറ്റൊരു മത്സരത്തിൽ ജംഷഡ്പുർ എഫ്സിയെ 2–1ന് തോൽപിച്ച ഒഡീഷ എഫ്സി, സീസണിലെ ആദ്യ ജയം സ്വന്തമാക്കി. ഡിയേഗോ മൗറീഷ്യോ (20–ാം മിനിറ്റ്), മുർതാദ ഫോൾ (42) എന്നിവരാണ് ഒഡീഷയ്ക്കായി ലക്ഷ്യം കണ്ടത്.
Head to Head
ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റ് യുണൈറ്റഡും ഏറ്റുമുട്ടിയത് ഇതുവരെ 20 തവണ. 8 കളികളിൽ ബ്ലാസ്റ്റേഴ്സ് ജേതാക്കളായി. നോർത്ത് ഈസ്റ്റ് ജയിച്ചത് 5 വട്ടം. 7 സമനില.
English Summary:
Kerala Blasters vs North East United today in ISL
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]