മെൽബൺ ∙ പൊരുതിനേടിയ അർധസെഞ്ചറിയുമായി നിതീഷ് കുമാർ റെഡ്ഡിയെന്ന ചെറുപ്പക്കാരൻ മെൽബണിലും ഇന്ത്യയുടെ രക്ഷകനായി. ബ്രിസ്ബെയ്നു പിന്നാലെ മെൽബണിലും ഫോളോ ഓൺ ഭീഷണി തുറിച്ചുനോക്കിയ ഘട്ടത്തിൽ അവസരോചിത ഇന്നിങ്സുമായി ടെസ്റ്റിലെ കന്നി അർധസെഞ്ചറി നേടിയ നിതീഷ് കുമാർ റെഡ്ഡിയും, ഉറച്ച പിന്തുണയുമായി വാഷിങ്ടൻ സുന്ദറും ക്രീസിലുറച്ചുനിന്നു. ഫലം, ഫോളോ ഓൺ ഭീഷണിയിൽനിന്ന് രക്ഷപ്പെട്ട ഇന്ത്യ, മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ പൊരുതുന്നു. 84 ഓവർ പൂർത്തിയാകുമ്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 275 റൺസ് എന്ന നിലയിലാണ് ഇന്ത്യ. നിതീഷ് റെഡ്ഡി 54 റൺസോടെയും വാഷിങ്ടൻ സുന്ദർ 22 റൺസോടെയും ക്രീസിൽ. പിരിയാത്ത എട്ടാം വിക്കറ്റിൽ ഇരുവരും അർധസെഞ്ചറി കൂട്ടുകെട്ടും തീർത്തു.
81 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതമാണ് നിതീഷ് റെഡ്ഡി അർധസെഞ്ചറി പൂർത്തിയാക്കിയത്. ഇതുവരെ 86 പന്തുകൾ നേരിട്ടാണ് റെഡ്ഡി 54 റൺസെടുത്തത്. 68 പന്തുകൾ നേരിട്ട വാഷിങ്ടൻ സുന്ദറാകട്ടെ, ഒരു ബൗണ്ടറി പോലും ഇല്ലാതെയാണ് 22 റൺസെടുത്തത്. പിരിയാത്ത എട്ടാം വിക്കറ്റിൽ 115 പന്തിലാണ് ഇരുവരും 54 റൺസ് കൂട്ടിച്ചേർത്തത്. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസുമായി മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക്, വിശ്വസ്തരായ ഋഷഭ് പന്ത് (28), രവീന്ദ്ര ജഡേജ (17) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് ആദ്യ സെഷനിൽ നഷ്ടമായത്. 37 പന്തുകൾ നേരിട്ട പന്ത് മൂന്നു ഫോറുകളോടെയാണ് 28 റൺസെടുത്തത്. രവീന്ദ്ര ജഡേജ 51 പന്തിൽ മൂന്നു ഫോറുകളോടെ 17 റൺസുമെടുത്തു.
ഇന്ന് ഇന്ത്യയ്ക്ക് നഷ്ടമായ രണ്ടു വിക്കറ്റുകൾ സ്കോട്ട് ബോളണ്ട്, നേഥൻ ലയോൺ എന്നിവർ പങ്കിട്ടു. ഓസീസ് നിരയിൽ മൂന്നു വിക്കറ്റുമായി ബോളണ്ടാണ് നിലവിൽ മുന്നിൽ. ക്യാപ്റ്റൻ പാറ്റ് കമിൻസിന് രണ്ടും നേഥൻ ലയണിന് ഒരു വിക്കറ്റും ലഭിച്ചു.
∙ ‘വേണ്ടായിരുന്നു’!
നേരത്തെ, ഫോമിലായിരുന്ന ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ അനാവശ്യ റണ്ണൗട്ടാണ് ഇന്ത്യൻ ഇന്നിങ്സിന്റെ ട്രാക്ക് തെറ്റിച്ചത്. മിഡ് ഓണിൽ പാറ്റ് കമിൻസിന്റെ കൈകളിലേക്ക് നീങ്ങിയ പന്തിൽ അനാവശ്യ സിംഗിളിനു ശ്രമിച്ച് റണ്ണൗട്ടാകുമ്പോൾ സെഞ്ചറിക്ക് 18 റൺസ് മാത്രം അകലെയായിരുന്നു ഇന്ത്യൻ ഓപ്പണർ. മെൽബൺ സ്റ്റേഡിയത്തിലെ ബോളിങ് ട്രാക്കിൽ കരുതലോടെ വളയം പിടിച്ച ജയ്സ്വാൾ (82) വീണതോടെ നാലാം ടെസ്റ്റിൽ ഇന്ത്യൻ ബാറ്റിങ്ങിനും വഴി പിഴച്ചു. രണ്ടിന് 153 എന്ന സുരക്ഷിത നിലയിലായിരുന്ന ഇന്ത്യയ്ക്ക് അടുത്ത 4 ഓവറിനുള്ളിൽ നഷ്ടമായത് 3 വിക്കറ്റുകൾ. നേരത്തെ ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സിൽ 474 റൺസ് നേടിയിരുന്നു.
The eighth maximum of the series for Nitish Kumar Reddy! #AUSvIND pic.twitter.com/yOPTdJhL64
— cricket.com.au (@cricketcomau) December 28, 2024
കെ.എൽ.രാഹുലിനെ മൂന്നാമതാക്കി ഓപ്പണിങ്ങിലേക്ക് തിരിച്ചെത്തിയിട്ടും രോഹിത് ശർമയുടെ രണ്ടക്ക ദോഷം മാറിയില്ല. ഓസ്ട്രേലിയ ഉയർത്തിയ റൺമല കീഴടക്കാനിറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ഓവറിൽ തന്നെ ക്യാപ്റ്റനെ (3) നഷ്ടമായി. പരമ്പരയിൽ ഇതുവരെ കളിച്ച 4 ഇന്നിങ്സുകളിൽ നിന്ന് 22 റൺസ് മാത്രം നേടാനായ ഇന്ത്യൻ ക്യാപ്റ്റന്റെ ശരാശരി ആറിൽ താഴെയാണ്. പരമ്പരയിൽ ആദ്യമായി സ്ഥാനം മാറി ബാറ്റിങ്ങിനിറങ്ങിയ കെ.എൽ.രാഹുലിനും അധികം ആയുസ്സുണ്ടായില്ല (22). എന്നാൽ ക്രീസിലുറച്ചുനിന്ന ജയ്സ്വാൾ, വിരാട് കോലിക്കൊപ്പം (36) 102 റൺസിന്റെ കൂട്ടുകെട്ടുമായി ഇന്ത്യയെ മത്സരത്തിലേക്കു തിരിച്ചെത്തിച്ചു.
രണ്ടാംദിനത്തിൽ മത്സരം അവസാനിക്കാൻ ഏതാനും ഓവറുകൾ മാത്രം ബാക്കിനിൽക്കെയായിരുന്നു ഇന്ത്യയെ ഞെട്ടിച്ച ജയ്സ്വാളിന്റെ പുറത്താകൽ. 41–ാം ഓവറിൽ സ്കോട് ബോളണ്ടിന്റെ അവസാന പന്ത് മിഡോണിലേക്ക് ഫ്ലിക് ചെയ്ത ജയ്സ്വാൾ സിംഗിളിനായി ‘കോൾ’ ചെയ്ത് നോൺ സ്ട്രൈക്കർ എൻഡിലേക്ക് കുതിച്ചു. റണ്ണിനായി ആദ്യം ക്രീസ് വിട്ടിറങ്ങിയെങ്കിലും പന്ത് കമിൻസിന്റെ കയ്യിലേക്കെത്തുന്നതു കണ്ട് കോലി തിരിച്ചുകയറി. ഇതിനിടെ അപായ സൂചന നൽകി ജയ്സ്വാളിനെ മടക്കി അയയ്ക്കാൻ കോലിയും മറന്നു. 2 ഇന്ത്യൻ ബാറ്റർമാരും നോൺ സ്ട്രൈക്കർ എൻഡിൽ ഒരുമിച്ചെത്തിയതോടെ മറുവശത്തെ സ്റ്റംപ് തെറിപ്പിക്കാൻ ഓസീസ് ഫീൽഡർമാർക്ക് പ്രയാസമുണ്ടായില്ല.
ഓഫ് സ്റ്റംപിന് പുറത്തേക്കുള്ള പന്തുകളെയെല്ലാം ഒഴിവാക്കിവിട്ട് കരുതലോടെ പിടിച്ചുനിന്ന കോലിയെ ജയ്സ്വാളിന്റെ പുറത്താകൽ മാനസികമായി ഉലച്ചുകളഞ്ഞു. 2 ഓവറുകൾക്കുശേഷം ഓഫ്സ്റ്റംപിനു പുറത്തേക്കു നീങ്ങിയ സ്കോട് ബോളണ്ടിന്റെ പന്തിൽ ഡ്രൈവിനു ശ്രമിച്ച കോലിയെ വിക്കറ്റ് കീപ്പർ അലക്സ് ക്യാരി പിടികൂടി. നൈറ്റ് വാച്ച്മാനായെത്തിയ ആകാശ് ദീപിനെക്കൂടി (0) പുറത്താക്കിയ ബോളണ്ട് ഇന്ത്യയെ വലിയ നിരാശയിലേക്ക് തള്ളിയിട്ടു. രണ്ടാംദിനം അവസാനിക്കുമ്പോൾ ഋഷഭ് പന്തും (6 ബാറ്റിങ്) രവീന്ദ്ര ജഡേജയുമായിരുന്നു (4 ബാറ്റിങ്) ക്രീസിൽ.
വീണ്ടും സ്മിത്ത്
6ന് 311 എന്ന സ്കോറിൽ രണ്ടാംദിനം ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയയെ എളുപ്പത്തിൽ ചുരുട്ടിക്കെട്ടാമെന്ന ഇന്ത്യൻ ബോളർമാരുടെ പ്രതീക്ഷകൾ തകർത്തത് കരിയറിലെ 34–ാം ടെസ്റ്റ് സെഞ്ചറി നേടിയ സ്റ്റീവ് സ്മിത്തിന്റെ (140) ഉജ്വല ബാറ്റിങ്ങാണ്. പാറ്റ് കമിൻസിനൊപ്പം (49) ഏഴാം വിക്കറ്റിൽ 112 റൺസും മിച്ചൽ സ്റ്റാർക്കിനൊപ്പം (15) എട്ടാം വിക്കറ്റിൽ 44 റൺസും നേടിയാണ് സ്മിത്ത് ആതിഥേയരെ മികച്ച സ്കോറിലെത്തിച്ചത്. ഇന്ത്യയ്ക്കെതിരെ കൂടുതൽ ടെസ്റ്റ് സെഞ്ചറികളെന്ന റെക്കോർഡിൽ സ്മിത്ത് (11) ജോ റൂട്ടിനെ മറികടന്നു.
English Summary:
Australia Vs India 4th Test, Day 3
TAGS
Sports
Malayalam News
Melbourne
Virat Kohli
Nathan Lyon
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]