ന്യൂഡൽഹി∙ ഐപിഎലിൽ നിന്നു ലഭിച്ച പണവും ഗ്ലാമറും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാതെ പോയതാണ് ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായുടെ കരിയറിൽ തിരിച്ചടിയായതെന്ന് മുൻ ഇന്ത്യൻ താരവും ഡൽഹി ക്യാപിറ്റൽസിന്റെ മുൻ സഹപരിശീലകനുമായ പ്രവീൺ ആംറെ. ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും പ്രതീക്ഷ നൽകിയ യുവതാരത്തിൽനിന്ന്, ഇന്നത്തെ അവസ്ഥയിലേക്കുള്ള പൃഥ്വി ഷായുടെ വീഴ്ച നിരാശാജനകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് പൃഥ്വി ഷായുടെ കരിയറിൽ സംഭവിച്ച തിരിച്ചടികളെക്കുറിച്ച് പ്രവീൺ ആംറെ വിശദീകരിച്ചത്.
അണ്ടർ 19 ലോകകപ്പ് ടീമിന്റെ നായകനായിരുന്ന പൃഥ്വി ഷായെ 2018ലെ ഐപിഎൽ താരലേലത്തിൽ 1.2 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത് ആംറയുടെ കൂടി ഇടപെടലിലാണ്. ഏഴു സീസണുകൾക്കു ശേഷം പൃഥ്വി ഷായെ ഡൽഹി തഴഞ്ഞ സാഹചര്യത്തിലാണ്, ആംറെ പ്രതികരണവുമായി രംഗത്തെത്തിയത്.
‘‘പൃഥ്വി ഷായേപ്പോലെ പ്രതിഭാധനനായ ഒരു താരം വളർച്ചയുടെ കാര്യത്തിൽ എതിർ ദിശയിൽ സഞ്ചരിക്കുന്നത് നിരാശാജനകമാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കായി മുംബൈയിലേക്കു പുറപ്പെടുന്നതിനു തൊട്ടുമുൻപ് പൃഥ്വി ഷാ ഒരു പരിശീലന മത്സരത്തിൽ സെഞ്ചറി നേടിയതായി ആരോ പറഞ്ഞിരുന്നു. നോക്കൂ, ഇന്നും ഐപിഎലിൽ 30 പന്തിൽ അർധസെഞ്ചറി നേടാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. ഐപിഎലിന്റെ പാർശ്വഫലങ്ങളായ പണത്തിന്റെ കുത്തൊഴുക്കും ഗ്ലാമറും ഒരുപക്ഷേ അദ്ദേഹത്തിന് കൈകാര്യം ചെയ്യാൻ സാധിച്ചിട്ടുണ്ടാകില്ല.’
‘‘പൃഥ്വി ഷായുടെ കരിയർ ഇന്ത്യൻ ക്രിക്കറ്റിൽ ഒരു കേസ് സ്റ്റഡിയായി എടുക്കാവുന്നതാണ്. അദ്ദേഹത്തിനു സംഭവിച്ചത് മറ്റൊരു ക്രിക്കറ്റ് താരത്തിനും സംഭവിക്കരുത്. പ്രതിഭയുണ്ടായതുകൊണ്ടു മാത്രം വലിയ നിലയിലെത്തണമെന്ന് നിർബന്ധമില്ല. മൂന്ന് ‘ഡി’കൾ ഇക്കാര്യത്തിൽ പ്രധാനമാണ്. ഡിസിപ്ലിൻ (അച്ചടക്കം), ഡിറ്റർമിനേഷൻ (ദൃഢനിശ്ചയം), ഡെഡിക്കേഷൻ (സമർപ്പണം) എന്നിവയാണത്. അദ്ദേഹം ചെറുതായിരുന്ന സമയത്ത്, എയർ ഇന്ത്യയിൽനിന്ന് ഞാൻ അഞ്ച് വർഷത്തെ സ്കോളർഷിപ് ശരിയാക്കിക്കൊടുത്തിരുന്നു. മൂന്നു വർഷം മുൻപ് ഞാൻ വിനോദ് കാംബ്ലിയുടെ ഉദാഹരണവും പറഞ്ഞുകൊടുത്തു. കാംബ്ലിയുടെ വീഴ്ച ഏറ്റവും അടുത്തുനിന്ന് കണ്ടിട്ടുള്ളവരിൽ ഒരാളാണ് ഞാൻ.
‘‘ഈ തലമുറയിൽപ്പെട്ടവർക്ക് ചില കാര്യങ്ങൾ എത്ര പറഞ്ഞുകൊടുത്താലും മനസ്സിലാകില്ല. ഡൽഹി ക്യാപിറ്റൽസിൽ തുടർച്ചയായി കളിച്ചിരുന്നതുകൊണ്ട്, 23 വയസ്സായപ്പോഴേക്കും പൃഥ്വി ഷാ 30–40 കോടി രൂപയെങ്കിലും എന്തായാലും സമ്പാദിച്ചിട്ടുണ്ടാകും. ഐഐഎമ്മിൽനിന്ന് പഠിച്ചിറങ്ങുന്ന ഒരാൾക്ക് അത്രയും പണം സമ്പാദിക്കാനാകുമോ? അത്രയും ചെറിയ പ്രായത്തിൽ ഇതുപോലെ വലിയ തുക സമ്പാദിക്കുമ്പോൾ, ശ്രദ്ധ നഷ്ടമാകുന്നത് സ്വാഭാവികം. പണം എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് മനസ്സിലാക്കുന്നതും നല്ല സുഹൃദ് വലയമുണ്ടാകുന്നതും ക്രിക്കറ്റിന് എപ്പോഴും പ്രാധാന്യം നൽകുന്നതും പ്രധാനപ്പെട്ട കാര്യങ്ങളാണ്.’’ – പ്രവീൺ ആംറെ പറഞ്ഞു.
English Summary:
Prithvi Shaw Lost His Way Due to Money and Glamour, Says Praveen Amre
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]