ലോക ചെസ് ചാംപ്യൻഷിപ്പിനോടനുബന്ധിച്ചൊരുക്കിയ ഫാൻസോണിൽ പതിവില്ലാത്ത തിരക്ക്. ഒരേസമയം പത്തു പേരോടു ചെസ് കളിക്കുകയാണ് ഒരാൾ അവിടെ; ബോറിസ് ഗെൽഫൻഡ്– 2012ലെ ലോക ചാംപ്യൻഷിപ്പിൽ വിശ്വനാഥൻ ആനന്ദിന്റെ എതിരാളി. ഇത്തവണ ഡിങ്-ഗുകേഷ് ലോക ചാംപ്യൻഷിപ്പിനെക്കുറിച്ച് കൂടുതൽ വിലയിരുത്താനായിട്ടില്ലെന്ന് ഗെൽഫൻഡിന്റെ വാക്കുകൾ.
പുതുതലമുറയിലെ കളിക്കാരെ പരിശീലിപ്പിക്കാൻ പലവട്ടം ഇന്ത്യയിലെത്തിയിട്ടുള്ള ഇസ്രയേൽ ഗ്രാൻഡ് മാസ്റ്റർക്ക് അവരെക്കുറിച്ചെല്ലാം നല്ല മതിപ്പാണ്. ‘‘അമേസിങ് ജനറേഷൻ. പ്രതിഭയുണ്ടെന്നു മാത്രമല്ല, അവർക്കു വേഗവും കൂടുതലാണ്. റാങ്കിങ്ങിൽ ഇത്ര പെട്ടെന്നു മുന്നിലെത്തുന്നത് വിസ്മയകരമാണ്.
അർജുൻ എരിഗെയ്സി, ആർ. പ്രഗ്നാനന്ദ, ഗുകേഷ് എന്നിവരെ എടുത്തു പറയണം. ഗുകേഷിനെപ്പോലെ പ്രഗ്നാനന്ദയും അർജുനും ലോക ചാംപ്യൻഷിപ് ഫൈനൽ കളിച്ചാൽ അദ്ഭുതപ്പെടേണ്ട. പുതിയ താരങ്ങൾ ആരെങ്കിലും വരാനും മതി.’’
കേരളത്തിന്റെ സ്വന്തം നിഹാൽ സരിനെക്കുറിച്ചു ചോദിച്ചപ്പോൾ ഇതായിരുന്നു മറുപടി-‘‘നിഹാലും വലിയ പ്രതിഭയാണ്. പക്ഷേ, നിഹാൽ ബ്ലിറ്റ്സിലും റാപിഡിലും സ്പെഷലൈസ് ചെയ്യാനാണ് താൽപര്യപ്പെടുന്നതെന്നാണ് എന്റെ തോന്നൽ’’– ഫോട്ടോയെടുക്കാൻ തിരക്കുകൂട്ടുന്നവർക്കിടയിലേക്ക് നടക്കുമ്പോൾ ഗെൽഫൻഡ് പറഞ്ഞു.
English Summary:
The Amazing Rise of Indian Stars: Israeli grandmaster Boris Gelfand speaks
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]