മുംബൈ∙ ഐപിഎൽ താരലേലത്തിൽ വാങ്ങാൻ ആളില്ലാതെ ‘അൺസോൾഡ്’ ആയതിനു പിന്നാലെ, സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ട്രോളുകളിൽ പ്രതികരണവുമായി ഇന്ത്യൻ താരം പൃഥ്വി ഷാ. എന്തു തെറ്റു ചെയ്തിട്ടാണ് എല്ലാവരും തന്നെ ട്രോളുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് പൃഥ്വി ഷാ പ്രതികരിച്ചു. എല്ലാവരും തന്നെ ശ്രദ്ധിക്കുന്നതുകൊണ്ടാണ് വ്യാപകമായി ട്രോളുകൾ വരുന്നതെങ്കിലും, ചിലപ്പോഴെങ്കിലും അത് വേദനിപ്പിക്കാറുണ്ടെന്നും അദ്ദേഹം തുറന്നുപറഞ്ഞു. ഒരിക്കൽ ജന്മദിനാഘോഷത്തിന്റെ ഭാഗമായി കുടുംബാംഗങ്ങൾക്കൊപ്പം നൃത്തം ചെയ്തതിനു വ്യാപകമായി ട്രോൾ ചെയ്യപ്പെട്ടതായി ‘ഫോക്കസ്ഡ് ഇന്ത്യൻ’ എന്ന യുട്യൂബ് ചാനലിൽ പൃഥ്വി ഷാ പ്രതികരിച്ചു.
ഇന്ത്യയ്ക്ക് അണ്ടർ 19 ലോകകപ്പ് കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനായ പൃഥ്വി ഷാ, 2018 മുതൽ ഏഴു സീസണുകളിൽ ഡൽഹി ക്യാപിറ്റൽസിന്റെ താരമായിരുന്നു. ഇത്തവണ മെഗാ താരലേലത്തിനു മുന്നോടിയായി താരത്തെ ഒഴിവാക്കുകയായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലും പ്രകടനം മോശമായതിനെ തുടർന്ന് പൃഥ്വി ഷായെ മുംബൈ രഞ്ജി ട്രോഫി ടീമിൽനിന്ന് പുറത്താക്കിയിരുന്നു. ഇത്തവണ ഐപിഎൽ താരലേലത്തിന് അടിസ്ഥാന വില 2 കോടി രൂപയിൽനിന്ന് 75 ലക്ഷം രൂപയാക്കി കുറച്ചെങ്കിലും, താരത്തെ ആരും ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിനു പിന്നാലെയാണ് താരത്തിനെതിരെ ട്രോളുകൾ പ്രവഹിച്ചത്.
‘‘എന്നെ കൃത്യമായി നിരീക്ഷിക്കാത്ത, സമൂഹമാധ്യമങ്ങളിൽ ഫോളോ ചെയ്യാത്ത ഒരാൾ എങ്ങനെയാണ് എനിക്കെതിരെ ട്രോളുകൾ സൃഷ്ടിക്കുക? എന്നെ കുറേപ്പേർ ട്രോളുന്നുണ്ടെങ്കിൽ അതിന്റെ അർഥം അവരുടെ ഒരു കണ്ണ് എപ്പോഴും എന്റെ മേൽ ഉണ്ടെന്നാണ്. അത് നല്ലതല്ലേ. ട്രോളുന്നത് വളരെ നല്ല കാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല. തീരെ മോശം കാര്യമാണെന്നും തോന്നലില്ല. ആളുകൾ ഉണ്ടാക്കുന്ന ട്രോളുകൾ കാണുമ്പോൾ ചിലപ്പോൾ വേദന തോന്നാറുണ്ട്’ – പൃഥ്വി ഷാ പറഞ്ഞു.
‘‘എന്തു തെറ്റാണ് ഞാൻ ചെയ്തതെന്ന് ഇടയ്ക്ക് തോന്നാറുണ്ട്. എന്തെങ്കിലും പാളിച്ച എനിക്കു സംഭവിക്കുന്നുണ്ടെങ്കിൽ അതു മനസ്സിലാക്കാനുള്ള കഴിവ് എനിക്കുണ്ട്. തെറ്റല്ലാത്ത ഒരു കാര്യത്തെ ആ കണ്ണുകൊണ്ടല്ലേ കാണേണ്ടത്?’ – പൃഥ്വി ഷാ ചോദിച്ചു.
Prithvi Shaw making some sense, well said! pic.twitter.com/OnbOaQQX69
— Prayag (@theprayagtiwari) November 25, 2024
പൃഥ്വി ഷാ ഇത്തവണ താരലേലത്തിൽ ‘അൺസോൾഡ്’ ആയത് നാണക്കേടാണെന്ന് ചൂണ്ടിക്കാട്ടി ഡൽഹി ടീമിന്റെ സഹപരിശീലകനായിരുന്ന മുഹമ്മദ് കൈഫ് രംഗത്തെത്തിയിരുന്നു. എത്രയും വേഗം ആഭ്യന്തര ക്രിക്കറ്റിലേക്കി മടങ്ങിപ്പോയി നഷ്ടപ്പെട്ട വിശ്വാസ്യതയും പ്രതാപവും പൃഥ്വി ഷാ വീണ്ടെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
‘‘ഡൽഹി ക്യാപിറ്റൽസ് പൃഥ്വി ഷായെ ഒരുപാടു പിന്തുണച്ചിട്ടുണ്ട്. പവർപ്ലേയിൽ എതിർ ബോളർമാർക്കു മേൽ ആധിപത്യം സ്ഥാപിക്കാനും സിക്സറുകളും ഫോറുകളും യഥേഷ്ടം കണ്ടെത്താനുമുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. ആ വിശ്വാസം അദ്ദേഹം കാക്കുകയും ചെയ്തിട്ടുണ്ട്. ശിവം മാവിക്കെതിരെ ഷാ ഒരു ഓവറിൽ ആറു ഫോർ നേടിയത് മറക്കരുത്’ – കൈഫ് ചൂണ്ടിക്കാട്ടി.
‘‘ഒരുപക്ഷേ അദ്ദേഹം അടിസ്ഥാനപാഠങ്ങളിലേക്ക് മടങ്ങേണ്ട സമയമാണ് ഇത്. ആഭ്യന്തര ക്രിക്കറ്റിൽ റൺസ് വാരിക്കൂട്ടി സർഫറാസ് ഖാൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ എത്തിയത് അദ്ദേഹത്തിന് മാതൃകയാണ്’ – കൈഫ് പറഞ്ഞു.
English Summary:
Prithvi Shaw breaks silence on social media trolling after going unsold at IPL 2025 auction
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]