
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ വെസ്റ്റ് ഹാമിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തോൽവിക്കു പിന്നാലെ മാനേജർ എറിക് ടെൻ ഹാഗിനെ പരിശീലക സ്ഥാനത്തുനിന്ന് നീക്കി. പകരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സഹപരിശീലകനും മുൻ സ്ട്രൈക്കറുമായ റൂഡ് വാൻ നിസ്റ്റൽറൂയ് താൽക്കാലികമായി ചുമതലയേൽക്കുമെന്ന് ക്ലബ് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് എറിക് ടെൻ ഹാഗിനെ പരിശീലക സ്ഥാനത്തുനിന്ന് നീക്കിയത്.
9 മത്സരങ്ങളിൽ നിന്ന് മൂന്നു വിജയവും നാലു തോൽവിയും രണ്ടു സമനിലയുമായി 11 പോയിന്റുമായി പട്ടികയിൽ 14-ാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഈ സീസണിൽ യൂറോപ്പിൽ ഇതുവരെ വിജയം നേടാൻ ടീമിനു സാധിച്ചിട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി 2022 ഏപ്രിലിൽ നിയമിതനായ എറിക് ടെൻ ഹാഗ്, യുണൈറ്റഡിനെ രണ്ട് ആഭ്യന്തര കിരീടങ്ങളിലേക്ക് നയിച്ചു – ലീഗ് കപ്പ് (2023), എഫ്എ കപ്പ് (2024). എന്നാൽ പ്രീമിയർ ലീഗിൽ കഴിഞ്ഞ സീസണിൽ 38 മത്സരങ്ങളിൽ നിന്ന് 18 വിജയവും 14 തോൽവിയും ആറു സമനിലയുമായി 60 പോയിന്റോടെ എട്ടാം സ്ഥാനത്ത് എത്താനെ യുണൈറ്റഡിന് സാധിച്ചുള്ളു. യുണൈറ്റഡിന്റെ എക്കാലത്തെയും മോശം പ്രകടനമായിരുന്നു അത്. പിന്നാലെ ഈ സീസണിലും ടീം മോശം പ്രകടനം തുടർന്നതോടെയാണ് പരിശീലകനെ നീക്കാൻ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ഇൻജറി ടൈം ഗോളിൽ വെസ്റ്റ് ഹാം, മാഞ്ചസ്റ്റർ യുണൈറ്റഡിനെ (2–1) വീഴ്ത്തിയിരുന്നു. സ്വന്തം മൈതാനമായ ലണ്ടൻ സ്റ്റേഡിയത്തിൽ 74–ാം മിനിറ്റിൽ ക്രൈസൻസിയോ സമർവിലിന്റെ ഗോളിലൂടെ ആതിഥേയർ മുന്നിലെത്തിയെങ്കിലും മിനിറ്റുകൾക്കുള്ളിൽ കാസെമിറോയിലൂടെ (81–ാം മിനിറ്റ്) യുണൈറ്റഡ് തിരിച്ചടിച്ചു. മത്സരം സമനിലയിൽ അവസാനിക്കുമെന്നു കരുതിയപ്പോഴാണ് ഇൻജറി ടൈമിൽ (90+2) ലഭിച്ച പെനൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് ജാരദ് ബോവൻ വെസ്റ്റ്ഹാമിന് വിജയം സമ്മാനിച്ചത്.
English Summary:
Erik ten Hag sacked as Manchester United manager
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]