
കൊൽക്കത്ത∙ മഴയ്ക്കൊപ്പം ബംഗാൾ ബോളർമാരും വില്ലൻമാരായപ്പോൾ ബംഗാളിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കൂട്ടത്തകർച്ചയിലേക്കു നീങ്ങിയ കേരളത്തിന്, ഒടുവിൽ ഒരുകൈ സഹായവുമായി അതിഥി താരം ജലജ് സക്സേന. തകർപ്പൻ അർധസെഞ്ചറിയുമായി ബംഗാൾ ആക്രമണത്തെ ചെറുത്തുനിൽക്കുന്ന ജലജ് സക്സേനയുടെ മികവിൽ കേരളം ഭേദപ്പെട്ട സ്കോറിലെത്തി. 76 ഓവർ പൂർത്തിയാകുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 185 റൺസ് എന്ന നിലയിലാണ് കേരളം. ജലജ് സക്സേന 67 റൺസോടെയും സൽമാൻ നിസാർ 33 റൺസോടെയും ക്രീസിലുണ്ട്.
ഒരു ഘട്ടത്തിൽ കൂട്ടത്തോടെ തകർന്ന് ആറു വിക്കറ്റ് നഷ്ടത്തിൽ 83 റൺസ് എന്ന നിലയിലേക്ക് പതിച്ച കേരളത്തിന്, പിരിയാത്ത ഏഴാം വിക്കറ്റിൽ സെഞ്ചറി കൂട്ടുകെട്ട് തീർത്താണ് ജലജ് സക്സേന – സൽമാൻ നിസാർ സഖ്യം കരുത്തായത്. ഇതുവരെ 257 പന്തുകൾ നേരിട്ട സഖ്യം 103 റൺസാണ് കേരള സ്കോർബോർഡിൽ എത്തിച്ചത്. 128 പന്തുകൾ നേരിട്ട സക്സേന, 10 ഫോറുകളോടെയാണ് 67 റൺസെടുത്തത്. 130 പന്തുകൾ സൽമാൻ നിസാർ രണ്ടു ഫോറുകളോടെ 33 റൺസുമെടുത്തു.
ക്യാപ്റ്റൻ സച്ചിൻ ബേബി (65 പന്തിൽ 12), അക്ഷയ് ചന്ദ്രൻ (72 പന്തിൽ ആറു ഫോറുകളോടെ 31) എന്നിവരാണ് ഇന്ന് കേരള നിരയിൽ പുറത്തായത്. രണ്ടാം ദിനം മൂന്നു വിക്കറ്റ് പിഴുത് കേരളത്തെ കൂട്ടത്തകർച്ചയിലേക്കു തള്ളിയിട്ട ഇഷാൻ പോറലാണ് ഇന്ന് ഇരുവരെയും പുറത്താക്കിയത്. ഇതുവരെ 18 ഓവറുകൾ എറിഞ്ഞ പോറൽ 53 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. പ്രദീപ്ത പ്രമാണിക്ക് 25 ഓവറിൽ 47 റൺസ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി.
നേരത്തേ, കനത്ത മഴമൂലം ഒന്നാം ദിനം പൂർണമായും നഷ്ടമായ മത്സരത്തിന്റെ രണ്ടാംദിനം ബാറ്റിങ്ങിനിറങ്ങിയ കേരളം, കളി നിർത്തുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 51 എന്ന നിലയിലായിരുന്നു. രണ്ടാം ദിനവും 15 ഓവർ മാത്രമാണ് മത്സരം നടന്നത്. വിക്കറ്റ് നഷ്ടമില്ലാതെ 33 റൺസുമായി മികച്ച തുടക്കം നേടിയശേഷമായിരുന്നു കേരളത്തിന്റെ ബാറ്റിങ് തകർച്ച. ഓപ്പണർ വത്സൽ ഗോവിന്ദ് (30 പന്തിൽ അഞ്ച്), രോഹൻ എസ്. കുന്നുമ്മൽ (22 പന്തിൽ 23), ബാബ അപരാജിത് (0), ആദിത്യ സർവതെ (എട്ടു പന്തിൽ അഞ്ച്) എന്നിവരാണ് രണ്ടാം ദിനം പുറത്തായത്.
English Summary:
Bengal vs Kerala, Ranji Trophy 2024-25 Elite Group C Match, Day 3 – Live Cricket Score
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]