
മുംബൈ∙ ദീർഘകാലം കളിക്കാരനായും കഴിഞ്ഞ സീസണിൽ ബോളിങ് പരിശീലകനായും ചെന്നൈ സൂപ്പർ കിങ്സ് നിരയിൽ തിളങ്ങിയ വെസ്റ്റിൻഡീസ് താരം ഡ്വെയിൻ ബ്രാവോ പുതിയ തട്ടകത്തിലേക്ക്. ചെന്നൈയുമായുള്ള വർഷങ്ങൾ നീണ്ട ബന്ധം വിച്ഛേദിച്ച ബ്രാവോ, വരുന്ന സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്ററാകും. ഗൗതം ഗംഭീർ ഇന്ത്യൻ പരിശീലകനായ ഒഴിവിലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്ററായി നാൽപ്പത്തൊന്നുകാരനായ ഡ്വെയിൻ ബ്രാവോയുടെ വരവ്.
കരീബിയൻ പ്രീമിയർ ലീഗിന്റെ (സിപിഎൽ) സമയത്ത് കൊൽക്കത്ത ടീമിന്റെ സിഇഒ വെങ്കി മൈസൂരുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് ടീമിലേക്കുള്ള ബ്രാവോയുടെ വരവ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു പുറമേ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നൈറ്റ് റൈഡേഴ്സിന്റെ ഉടമസ്ഥതയിലുള്ള ടീമുകളെയെല്ലാം ചുമതലയും ബ്രാവോയ്ക്കായിരിക്കും.
ഐപിഎലിൽ നിലവിലെ ചാംപ്യൻമാരായ കൊൽക്കത്തയുടെ പരിശീലകൻ ചന്ദ്രകാന്ത് പണ്ഡിറ്റാണ്. മുൻപ് ഇന്ത്യൻ ടീമിനൊപ്പം ഉണ്ടായിരുന്ന ഭരത് അരുണാണ് കൊൽക്കത്തയുടെ ബോളിങ് പരിശീലകൻ.
2011ൽ ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ താരമായെത്തിയ ബ്രാവോ, 2022ലാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. തുടർന്ന് അവിടെത്തന്നെ ബോളിങ് പരിശീലകനായി ചേർന്നു. പരിശീലകനെന്ന നിലയിൽ 2023ൽ ആദ്യ സീസണിൽത്തന്നെ ചെന്നൈ സൂപ്പർ കിങ്സ് കിരീടം ചൂടിയിരുന്നു. ഐപിഎലിലെ വിക്കറ്റ് വേട്ടക്കാരിൽ മൂന്നാമനും, ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയതിനുള്ള പർപ്പിൾ ക്യാപ്പ് രണ്ടു തവണ ആദ്യമായി സ്വന്തമാക്കിയ താരവുമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]