![](https://newskerala.net/wp-content/uploads/2024/09/virat-kohli-sreejesh-1024x533.jpg)
ന്യൂഡൽഹി∙ ഇന്ത്യയിൽ ഏറ്റവും കായികക്ഷമതയുള്ളത് ഹോക്കി താരങ്ങൾക്കാണെന്ന അവകാശവാദവുമായി ഹോക്കി താരം ഹാർദിക് സിങ്. ‘യോ–യോ’ ടെസ്റ്റിൽ ഏതെങ്കിലും ക്രിക്കറ്റ് താരങ്ങൾ 19, 20 സ്കോർ ചെയ്താൽ ‘ഫിറ്റസ്റ്റ്’ താരമെന്നാണ് ആളുകൾ വിശേഷിപ്പിക്കുന്നത്. ഹോക്കിയിൽ ഗോൾകീപ്പറായിരുന്ന ശ്രീജേഷ് പോലും 21 സ്കോർ ചെയ്യാറുണ്ടെന്ന് ഹാർദിക് സിങ് ചൂണ്ടിക്കാട്ടി. സിമ്രൻജ്യോത് മക്കാറുമായുള്ള പോഡ്കാസ്റ്റിലാണ് ഹാർദിക് സിങ് ഇക്കാര്യം പറഞ്ഞത്. രണ്ടാഴ്ച മുൻപ് പുറത്തുവന്ന വിഡിയോ ഇപ്പോഴാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
ഇന്ത്യയ്ക്കായി ഇതുവരെ 142 മത്സരങ്ങൾ കളിച്ചിട്ടുള്ള പഞ്ചാബ് സ്വദേശിയായ ഈ ഇരുപത്തിയാറുകാരൻ, 11 ഗോളുകളും നേടിയിട്ടുണ്ട്. കായികക്ഷമത അളക്കാനുള്ള ശാസ്ത്രീയ രീതിയാണു യോ–യോ െടസ്റ്റിലേത്. 20 മീറ്റർ അങ്ങോട്ടും അത്രയും ദൂരം തിരിച്ചും ഓടി, സെക്കൻഡുകൾ മാത്രം വിശ്രമിച്ചു വീണ്ടും ഓട്ടം ആവർത്തിക്കുന്നതാണു ടെസ്റ്റിന്റെ രീതി.
‘‘യോ–യോ ടെസ്റ്റിന്റെ പ്രധാന ഘട്ടം ആരംഭിക്കുന്നത് സ്കോർ 15 മുതലാണ്. ആകെ എട്ട് സ്പിന്റുകളുണ്ട്. പരമാവധി സ്കോർ ചെയ്യാൻ കഴിയുക 23.8 വരെയാണ്. ഞങ്ങളുടെ കൂട്ടത്തിൽ ഈ സ്കോറിലെത്തിയ ഏഴു താരങ്ങളുണ്ട്’ – ഒരു യുട്യൂബ് വിഡിയോയിൽ ഹാർദിക് സിങ് പറഞ്ഞു. ജൂനിയർ വനിതാ താരങ്ങൾ പോലും ശരാശരി 17–18 സ്കോർ ചെയ്യാറുണ്ടെന്നും സീനിയർ ടീമിനെ സംബന്ധിച്ച് ഇത് 22–23 ആണെന്നും ഹാർദിക് വ്യക്തമാക്കി.
Virat @imVkohli can be India’s biggest sports person, but he is not India’s fittest athlete. Virat’s fitness is comparable to junior girls’ Indian hockey players. Actually, it’s the senior hockey players who are the fittest sportsmen in India, scoring 23.8 on the yo-yo test. So,… pic.twitter.com/GcwPdoUrFd
— TAJINDER 🏏🏑 (@Tajinder_13_13) September 26, 2024
നേരത്തേ, ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കിടയിൽ നടത്തിയ യോയോ ടെസ്റ്റിൽ ഓപ്പണർ ശുഭ്മൻ ഗിൽ ഒന്നാമതെത്തിയതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. അന്ന് ഗില്ലിന് 18.7 പോയിന്റ് ലഭിച്ചെന്നാണ് വിവരം. കുറഞ്ഞത് 16.5 പോയിന്റ് എങ്കിലും നേടിയാൽ മാത്രമേ ടെസ്റ്റ് പാസാവുകയുള്ളൂ. സാധാരണയായി കളിക്കാരുടെ യോയോ ടെസ്റ്റ് സ്കോർ പുറത്തുവിടാറില്ല. എന്നാൽ കഴിഞ്ഞ ദിവസം, യോയോ ടെസ്റ്റിൽ തനിക്ക് 17.2 പോയിന്റ് ലഭിച്ചതായി വിരാട് കോലി ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നു. 7 വർഷം മുൻപ്, അന്നത്തെ സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ് കോച്ച് ശങ്കർ ബസുവിന്റെ നേതൃത്വത്തിലാണ് ഇന്ത്യൻ ടീമിൽ യോയോ ടെസ്റ്റ് നടപ്പാക്കാൻ തീരുമാനിച്ചത്. അന്ന് 16.1 ആയിരുന്നു മിനിമം സ്കോർ. പിന്നീട് 16.5 ആയി ഉയർത്തി.
∙ എന്താണ് യോയോ?
ക്രിക്കറ്റ്, ഫുട്ബോൾ തുടങ്ങി വിവിധ മത്സരങ്ങളിൽ കായികതാരങ്ങളുടെ ശാരീരിക ക്ഷമത ഉറപ്പാക്കാൻ നടത്തുന്ന ഫിറ്റ്നസ് പരീക്ഷയാണ് യോയോ ടെസ്റ്റ്. 1990ൽ ഡാനിഷ് സോക്കർ സൈക്കോളജിസ്റ്റായ ഡോ. ജീൻ ബാങ്ക്ബോയാണ് യോയോ ടെസ്റ്റ് രൂപീകരിച്ചത്. തുടക്കത്തിൽ ഫുട്ബോൾ താരങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കാനാണ് യോയോ ടെസ്റ്റ് ഉപയോഗപ്പെടുത്തിയതെങ്കിലും പിന്നീട് മറ്റു കായിക ഇനങ്ങളിലേക്കും യോയോ എത്തി. ക്രിക്കറ്റിൽ 20 മീറ്റർ അകലത്തിൽ വച്ചിരിക്കുന്ന 2 കോണുകൾക്കിടയിലാണ് യോയോ ടെസ്റ്റ് നടത്തുന്നത്.
ഒരു കോണിൽ നിന്ന് ഓടി മറ്റേ കോണിൽ തൊട്ട് നിശ്ചിത സമയത്തിനുള്ളിൽ തിരിച്ചെത്തണം. ഇത്തരത്തിൽ ഒരു തവണ പോയിവരുന്നതിനെ ‘ഷട്ടിൽ’ എന്നു വിളിക്കും. ആദ്യ ലെവലിൽ ഒരു ഷട്ടിലായിരിക്കും. ലെവൽ കൂടും തോറും ഷട്ടിലുകളുടെ എണ്ണം കൂടുകയും ഷട്ടിൽ പൂർത്തിയാക്കാനുള്ള സമയം കുറയുകയും ചെയ്യും. ഇങ്ങനെ 16.1 ഷട്ടിൽ പൂർത്തിയാക്കുമ്പോൾ ഒരു താരം 1120 മീറ്റർ ഓടുന്നു എന്നാണ് കണക്ക്. ന്യൂസീലൻഡ് പോലുള്ള ടീമുകളുടെ മിനിമം യോയോ സ്കോർ 20നു മുകളിലാണ്.
English Summary:
Hardik Singh Says Not Cricketers But Hockey Players Are The Fittest Indian Athletes
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]