കൊച്ചി ∙ ‘‘അതിലങ്ങനെ സീക്രട്ടൊന്നുമില്ല! പെനൽറ്റിയെടുക്കാൻ വരുന്നവരുടെ സമ്മർദം കാണുമ്പോൾ ഞാനൊരു തീരുമാനം എടുക്കുന്നതാണ്. പിന്നെ, കളിക്കു മുൻപു തന്നെ എതിർ കളിക്കാരുടെ കിക്കിങ് രീതികളും നോക്കും. പിന്നെയെല്ലാം ആ സമയത്തിന് അനുസരിച്ച്!’’ – തീയുണ്ട പോലെ വരുന്ന പെനൽറ്റി കിക്കുകളെ എങ്ങനെ കൂളായി നേരിടുന്നുവെന്ന ചോദ്യത്തിനു കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പർ തൃശൂർ സ്വദേശി സച്ചിൻ സുരേഷിന്റെ മറുപടി!
കഴിഞ്ഞ ഐഎസ്എൽ ഫുട്ബോൾ സീസണിൽ മികച്ച പ്രകടനം നടത്തിയ സച്ചിനു പക്ഷേ, പരുക്കുമൂലം സീസൺ പൂർത്തിയാക്കാനായില്ല. അതിനു മുൻപു കളിച്ച 15 മത്സരങ്ങളിൽ വഴങ്ങിയത് 15 ഗോളുകൾ മാത്രം. 5 ക്ലീൻ ഷീറ്റുകളും 33 സേവുകളും; നിഷ്ഫലമാക്കിയതു രണ്ടു പെനൽറ്റി കിക്കുകൾ.
∙ ഇടവേള കഴിഞ്ഞ്
പരുക്കും ശസ്ത്രക്രിയയും പിന്നിട്ടു തിരിച്ചെത്തിയ ഇരുപത്തിമൂന്നുകാരൻ സച്ചിൻ ആദ്യം കളത്തിലിറങ്ങിയതു ഡ്യുറാൻഡ് കപ്പിൽ. ഐഎസ്എൽ പുതിയ സീസണിലും സച്ചിൻ മികവു തുടരുകയാണ്; ഈസ്റ്റ് ബംഗാളിനെതിരെ ബ്ലാസ്റ്റേഴ്സ് നേടിയ ജയത്തിനു പിന്നിൽ ഗോൾ വലയ്ക്കു മുന്നിൽ സച്ചിന്റെ മികച്ച പ്രകടനവുമുണ്ട്. ആദ്യ പകുതിയിൽ അക്ഷരാർഥത്തിൽ ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനായതു സച്ചിനാണ്.
A wall of determination! 🧱
Sachin’s big 𝘀𝗮𝘃𝗲 was one of the high points of #KBFCEBFC
Watch #ISL 2024-25 live on @JioCinema, @Sports18-3 & #AsianetPlus 👉 https://t.co/E7aLZnvjll#KBFC #KeralaBlasters pic.twitter.com/MxeOfSNiv2
— Kerala Blasters FC (@KeralaBlasters) September 24, 2024
വലതു വിങ്ങിൽ നിന്നു ബ്ലാസ്റ്റേഴ്സ് ബോക്സിലെത്തിയ ക്രോസിൽ ഈസ്റ്റ് ബംഗാൾ താരം നന്ദകുമാറിന്റെ മിന്നൽ ഷോട്ട് സച്ചിൻ തടഞ്ഞു. പന്തു കയ്യിലൊതുക്കാനുള്ള ശ്രമത്തിനിടെ സച്ചിൻ വീണുപോയപ്പോൾ പന്തെത്തിയത് ഈസ്റ്റ് ബംഗാളിന്റെ മാദി തലാലിന്റെ കാലിൽ. ഒറ്റക്കുതിപ്പിൽ തലാലിന്റെ കാലിൽ നിന്നു പന്തു റാഞ്ചിയെടുത്ത സച്ചിൻ ടീമിനെ രക്ഷിച്ചത് ഉറച്ച ഗോളിൽ നിന്ന്!
ഈസ്റ്റ് ബംഗാൾ ക്യാപ്റ്റൻ സോൾ ക്രെസ്പോയുടെ ഗ്രൗണ്ടർ, വീണ്ടും മാദി തലാലിന്റെ ആക്രമണം. അപ്പോഴെല്ലാം രക്ഷകനായതു സച്ചിൻ തന്നെ. സച്ചിനും പ്രതിരോധ നിരയും ചേർന്നൊഴുക്കിയ വിയർപ്പായിരുന്നു ഈസ്റ്റ് ബംഗാളിനെതിരായ വിജയത്തിൽ ബ്ലാസ്റ്റേഴ്സിന്റെ മൂലധനം.
∙ ഒന്നല്ല, രണ്ടു മോഹങ്ങൾ
കഴിഞ്ഞ സീസണുമായി തട്ടിച്ചു നോക്കിയാൽ മെച്ചപ്പെട്ട ഡിഫൻസീവ് യൂണിറ്റാണു ബ്ലാസ്റ്റേഴ്സിനുള്ളതെന്നു സച്ചിൻ കരുതുന്നു. ‘‘ലെസ്കോവിച്ച് പോയപ്പോൾ അലക്സാണ്ടർ കോയെഫ് വന്നു. പിന്നെ, മിലോസ് ഡ്രിൻസിച് കഴിഞ്ഞ സീസൺ മുഴുവൻ കളിച്ചു പരിചയമുള്ളയാളാണ്.’’
Celebrating a memorable victory with one of Kerala’s sporting icons, IM Vijayan! 🤩#KBFCEBFC #KBFC #KeralaBlasters pic.twitter.com/jIbm0OUZDJ
— Kerala Blasters FC (@KeralaBlasters) September 24, 2024
ഡിഫൻഡർമാരുമായുള്ള ആശയവിനിമയം മെച്ചപ്പെട്ടാൽ ഗോൾകീപ്പറുടെ അധ്വാന ഭാരം പകുതി കുറയുമെന്നു പറയുന്നു, സച്ചിൻ. ‘‘ ഡിഫൻസ് ഓർഗനൈസേഷൻ നന്നായാൽ എതിർ ടീം അറ്റാക്ക് ചെയ്യാൻ പ്രയാസപ്പെടും.’’ ബ്ലാസ്റ്റേഴ്സിന് ഐഎസ്എൽ കിരീടം നേടിക്കൊടുക്കുകയെന്ന മോഹത്തിനൊപ്പം സച്ചിൻ ഉള്ളിൽ സൂക്ഷിക്കുന്ന മറ്റൊരു സ്വപ്നമുണ്ട്; ഇന്ത്യയ്ക്കു വേണ്ടി കളിക്കുക. രണ്ടും വൈകാതെ നടക്കുമെന്നാണു ബ്ലാസ്റ്റേഴ്സ് താരത്തിന്റെ പ്രതീക്ഷ.
English Summary:
Kerala Blasters goalkeeper Sachin Suresh in brilliant form
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]