
കാൻപുർ ∙ ഗ്രീൻപാർക്ക് സ്റ്റേഡിയത്തിന്റെ ആകാശത്തേക്കു നോക്കി മഴ ദൈവങ്ങളോടു മനമുരുകി പ്രാർഥിക്കുകയാണ് ഇന്ത്യൻ ആരാധകർ; ഇനിയുള്ള 5 നാൾ ഇവിടെ മാനം തെളിഞ്ഞുനിൽക്കണമേയെന്ന്. ആദ്യ മത്സരത്തിലെ 280 റൺസ് വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ഇന്നു ബംഗ്ലദേശിനെതിരായ രണ്ടാം ടെസ്റ്റിനിറങ്ങുമ്പോൾ ഇന്ത്യയുടെ പ്രധാന ഭീഷണി മഴയാണ്. കാൻപുരിൽ അടുത്ത 3 ദിവസം മഴ പെയ്തേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.
വിരാട് കോലിയുടെയും രോഹിത് ശർമയുടെയും ഫോമിലേക്കുള്ള തിരിച്ചുവരവും ഇന്ത്യയുടെ സമ്പൂർണ വിജയവുമടക്കമുള്ള ആരാധകരുടെ മോഹങ്ങൾ സഫലമാകണമെങ്കിൽ മഴ മാറിനിൽക്കണം, സൂര്യൻ ജ്വലിക്കണം. ഇന്നു രാവിലെ 9.30 മുതലാണ് മത്സരം. സ്പോർട്സ് 18 ചാനലിലും ജിയോ സിനിമയിലും തൽസമയം.
∙ ഇന്ത്യയ്ക്ക് മോഹപ്പിച്ച്
‘ആദ്യ സെഷനുകളിൽ പിച്ച് പേസ് ബോളർമാരെ തുണയ്ക്കും, കളി പുരോഗമിക്കുന്നതനുസരിച്ച് സ്പിൻ വിക്കറ്റായി മാറും’– കാൻപുർ സ്റ്റേഡിയത്തിലെ ചീഫ് ക്യുറേറ്റർ ശിവ് കുമാറിന്റെ വാക്കുകളിൽ നെഞ്ചിടിക്കുന്നത് ബംഗ്ലദേശ് ക്യാപ്റ്റൻ നജ്മുൽ ഷാന്റോയ്ക്കും സംഘത്തിനുമാകും. ഒരാഴ്ച മുൻപ് സമാന സ്വഭാവം കാണിച്ച ചെപ്പോക്കിലെ പിച്ചിലാണ് ബംഗ്ലദേശ് ദയനീയ തോൽവി വഴങ്ങിയത്. സ്പിന്നർമാരെ കൈയയച്ചു സഹായിക്കുന്ന പിച്ചിന്റെ ചരിത്രം, ഇന്ന് ഇന്ത്യൻ പ്ലേയിങ് ഇലവനിൽ മാറ്റത്തിനു കാരണമായേക്കും.
കാൻപുരിലെ ഗ്രൗണ്ട് ഇന്നലെ മഴയെത്തുടർന്ന് മൂടിയപ്പോൾ.
ഒരു പേസറെ പുറത്തിരുത്തി മൂന്നാം സ്പിന്നറെ കളത്തിലിറക്കാൻ തീരുമാനിച്ചാൽ കുൽദീപ് യാദവ്, അക്ഷർ പട്ടേൽ എന്നിവരിലൊരാൾക്ക് അവസരം ലഭിക്കും. 2021 നവംബറിൽ ഇവിടെ നടന്ന അവസാന ടെസ്റ്റിൽ ഇന്ത്യ 3 സ്പിന്നർമാരെ കളിപ്പിച്ചിരുന്നു. ആദ്യ ടെസ്റ്റിൽ 3 പേസർമാരുമായി ഇറങ്ങിയ ബംഗ്ലദേശ് ടീമും കാൻപുരിൽ 3 സ്പിന്നർമാരെ പരീക്ഷിച്ചേക്കും.
∙ കോലിയും രോഹിത്തും
ഇന്ത്യയുടെ സ്പെഷലിസ്റ്റ് ബാറ്റർമാരിൽ ആദ്യ ടെസ്റ്റിൽ തിളങ്ങാനാകാതെ പോയത് രോഹിത് ശർമയ്ക്കും വിരാട് കോലിക്കും മാത്രമാണ്. 2 ഇന്നിങ്സുകളിലും രണ്ടക്കം കാണാതെ രോഹിത് പുറത്തായപ്പോൾ 17 റൺസായിരുന്നു കോലിയുടെ മികച്ച സ്കോർ. ഫോമിലേക്കുള്ള തിരിച്ചുവരവിനായി ഇന്നലെ നെറ്റ്സിൽ കഠിന പരിശീലനത്തിലായിരുന്നു ഇരുവരും.
ബാറ്റിങ്ങിലെ ഉജ്വല സെഞ്ചറിയിലൂടെ തിരിച്ചുവരവ് ആഘോഷിച്ചെങ്കിലും ആദ്യ ടെസ്റ്റിൽ വിക്കറ്റ് കീപ്പിങ്ങിലുണ്ടായ പിഴവുകൾ പരിഹരിക്കാനാകും ഋഷഭ് പന്തിന്റെ ശ്രമം.
∙ അതിവേഗം ജഡേജ
300 വിക്കറ്റ്, 3000 റൺസ്; ടെസ്റ്റ് ക്രിക്കറ്റിലെ മറ്റൊരു നാഴികക്കല്ലിന് അരികിൽ നിൽക്കുകയാണ് ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. 73 ടെസ്റ്റുകളിൽ നിന്നായി 299 വിക്കറ്റും 3122 റൺസും സ്വന്തം പേരിലുള്ള ജഡേജയ്ക്ക് ഒരു വിക്കറ്റ് കൂടി നേടിയാൽ ഈ നാഴികക്കല്ലിലെത്താം.
300 വിക്കറ്റും 3000 റൺസും വേഗത്തിൽ സ്വന്തമാക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും ജഡേജയ്ക്ക് അരികിലുണ്ട്. 72 ടെസ്റ്റുകളിൽനിന്ന് ഈ നേട്ടം കൈവരിച്ച മുൻ ഇംഗ്ലിഷ് ഓൾറൗണ്ടർ ഇയാൻ ബോതമാണ് ഒന്നാമത്.
English Summary:
India vs Bangladesh, 2nd Test, Day 1 – Live Cricket Score
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]