
മഞ്ചേരി∙ സൂപ്പർ ലീഗ് കേരളയിൽ തൃശൂർ മാജിക് എഫ്സിക്ക് ആശ്വാസ ജയം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന ഒൻപതാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ ലീഗിലെ ഒന്നാമന്മാരായ കാലിക്കറ്റ് എഫ്സിയെയാണ് അവസാന സ്ഥാനക്കാരായ തൃശൂർ തോല്പിച്ചത് (1-0). ആദ്യ പകുതിയിൽ കെ.പി. ഷംനാദാണ് വിജയഗോൾ നേടിയത്. എട്ട് കളികളിൽ രണ്ട് സമനില മാത്രമുണ്ടായിരുന്ന തൃശൂരിന് ലീഗിലെ ആദ്യ വിജയത്തിന് ഒൻപതാം മത്സരം വരെ കാത്തിരിക്കേണ്ടി വന്നു. അഞ്ച് പോയിന്റാണ് തൃശൂരിന്റെ സമ്പാദ്യം. നേരത്തേ തന്നെ സെമി ഫൈനൽ ഉറപ്പിച്ച കാലിക്കറ്റ് എഫ്സി ഒൻപത് കളികളിൽ 16 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു.
പുറത്തായതിന്റെ രോഷം ‘വാട്ടര് ബോക്സിൽ’ തീർത്തു, ബാറ്റുകൊണ്ട് ആഞ്ഞടിച്ച് കോലി- വിഡിയോ
Cricket
ലീഗിലെ ആദ്യ തോൽവിയാണ് കാലിക്കറ്റ് വഴങ്ങിയത്. പത്താം മിനിറ്റിലാണ് തൃശൂർ സ്കോർ ചെയ്തത്. വലതു വിങ്ങിൽ നിന്നുള്ള നീളൻ ത്രോ ബോൾ ബാക്ക് ഹെഡർ വഴി പോസ്റ്റിൽ എത്തിച്ചാണ് ഷംനാദ് തൃശൂരിനെ മുന്നിലെത്തിച്ചത്. ഗോൾ മടക്കാൻ ആദ്യപകുതിയിൽ കാലിക്കറ്റ് കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. റിയാസ് – ഗനി – ബെൽഫോർട്ട് സഖ്യം നിരവധി മുന്നേറ്റങ്ങൾ നടത്തി. കാലിക്കറ്റിന്റെ ഫിനിഷിങ് പാളിച്ചകൾ ആദ്യ പകുതി തൃശൂരിന്റെ ഒരു ഗോൾ ലീഡിൽ അവസാനിപ്പിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ കാലിക്കറ്റ് എണസ്റ്റ് ബെർഫോക്ക് പകരം ബ്രസീലുകാരൻ റാഫേൽ റസന്റെയെ കളത്തിലിറക്കി. 82–ാം മിനിറ്റിൽ തൃശൂരിന് അനുകൂലമായി പെനാൽറ്റി കിക്ക് ലഭിച്ചെങ്കിലും നായകൻ ലൂക്കാസ് സിൽവ എടുത്ത കിക്ക് പോസ്റ്റിൽ തട്ടിത്തെറിച്ചു. 86–ാം മിനിറ്റിൽ കാലിക്കറ്റ് ഗോൾ കീപ്പർ വിശാൽ ജൂൻ രണ്ടാം മഞ്ഞ കാർഡും ചുവപ്പും വാങ്ങി കളംവിട്ടു. ആദ്യ ലെഗ്ഗിൽ ഇരു ടീമുകളും കോഴിക്കോട് ഏറ്റുമുട്ടിയപ്പോൾ 2-2 സമനിലയായിരുന്നു ഫലം.
ഞായറാഴ്ച കണ്ണൂർ വാരിയേഴ്സ് എഫ്സി മലപ്പുറം എഫ്സിയെ നേരിടും. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ വൈകിട്ട് 7.30 ന് കിക്കോഫ്. സെമി ഫൈനൽ ലക്ഷ്യമിടുന്ന ഇരു ടീമുകൾക്കും മത്സരം ഏറെ നിർണായകമാണ്. സമനില നേടിയാൽ തന്നെ കണ്ണൂർ സെമി സ്ഥാനം ഉറപ്പാക്കും. തോറ്റാലും അവസാന മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസിനെ മികച്ച മാർജിനിൽ വീഴ്ത്താൻ കഴിഞ്ഞാൽ മലപ്പുറത്തിനും സെമി ഫൈനൽ സാധ്യതയുണ്ട്. എട്ട് കളികളിൽ കണ്ണൂരിന് 13 ഉം മലപ്പുറത്തിന് ഒൻപതും പോയിന്റാണുള്ളത്.
English Summary:
Super League Kerala, Calicut FC beat Thrissur Magic FC
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]