മുംബൈ∙ ഓസ്ട്രേലിയൻ പര്യടനത്തിനിടെ പ്രശസ്തയായ നടിയുടെ ഷൂസൂമിട്ട് ടീം ബസിൽ യാത്ര ചെയ്യേണ്ടിവന്ന സംഭവം വിവരിച്ച് മുൻ ഇന്ത്യൻ യുവരാജ് സിങ്. ഒഴിവാക്കാനാകാത്ത സാഹചര്യത്തിലാണ് അന്ന് ഡേറ്റ് ചെയ്തിരുന്ന നടിയുടെ ഷൂസ് ധരിച്ച് യാത്ര ചെയ്യേണ്ടി വന്നതെന്നും, സഹതാരങ്ങളിൽനിന്ന് ഇത് ഒളിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ അത് കണ്ടുപിടിച്ചെന്നും യുവരാജ് വെളിപ്പെടുത്തി. അതേസമയം, നടിയുടെ പേര് വെളിപ്പെടുത്താൻ യുവരാജ് തയാറായില്ല. മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൻ, മുൻ ഓസീസ് താരം ആദം ഗിൽക്രിസ്റ്റ് തുടങ്ങിയവർ പങ്കെടുത്ത യുട്യൂബ് ഷോയിലാണ് യുവരാജിന്റെ വെളിപ്പെടുത്തൽ.
2007–08 കാലഘട്ടത്തിലെ ബോർഡർ–ഗാവസ്കർ ട്രോഫിക്കിടെ നടന്ന രസകരമായ സംഭവമാണ് യുവരാജ് വിവരിച്ചത്. ‘‘അന്നത്തെ ഓസ്ട്രേലിയൻ പര്യടനത്തിനിടെ നടന്ന രസകരമായ ചില സംഭവങ്ങളുണ്ട്. അന്ന് ഞാൻ ഒരു നടിയുമായി അടുപ്പത്തിലായിരുന്നു. അവരുടെ പേര് തൽക്കാലം പറയുന്നില്ല. നിലവിൽ അവർ നല്ല നിലയിലാണ്. ഓസ്ട്രേലിയൻ പരമ്പരയ്ക്കായി ഞങ്ങൾ എത്തുന്ന സമയത്ത് സിനിമാ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് അവർ അഡ്ലെയ്ഡിലുണ്ട്.
‘‘ഓസ്ട്രേലിയൻ പരമ്പരയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമായിരുന്നതിനാൽ, അവിടെ വച്ച് തൽക്കാലം നമുക്കു കാണേണ്ടെന്ന് ഞാൻ അവരോടു പറഞ്ഞു. പക്ഷേ, അവൾ സമ്മതിച്ചില്ല. കാൻബറയിലേക്കുള്ള യാത്രയിൽ അവൾ ബസിൽ എന്നെ പിന്തുടർന്നു. ആദ്യത്തെ രണ്ടു ടെസ്റ്റിലും എനിക്ക് കാര്യമായി റൺസ് സ്കോർ ചെയ്യാനായില്ല. ഇതോടെ നീ എന്താണ് ഇവിടെ എന്ന ലൈനിലായി അവളോടു ഞാൻ. എനിക്ക് നിന്റെയൊപ്പം ഉണ്ടാകണം എന്നായിരുന്നു അവളുടെ മറുപടി.
‘‘അന്ന് വൈകിട്ട് ഞങ്ങൾ കുറേനേരം സംസാരിച്ചു. പിറ്റേന്ന് രാവിലെ ഞങ്ങൾ കാൻബറയിൽനിന്ന് അഡ്ലെയ്ഡിലേക്കാണെന്നു തോന്നുന്നു, പോകാൻ തുടങ്ങുമ്പോഴാണ് ഒരു ചെറിയ പ്രശ്നം. എന്റെ ഷൂസ് കാണാനില്ല. തലേന്ന് രാത്രി എന്റെ സ്യൂട്ട്കേസ് പായ്ക്ക് ചെയ്തത് അവളായിരുന്നു. ഷൂസ് എവിടെയെന്ന് ചോദിച്ചപ്പോൾ, അത് പായ്ക്ക് ചെയ്തെന്നായിരുന്നു മറുപടി. സ്യൂട്ട്കേസ് ആണെങ്കിൽ തലേന്നു രാത്രി തന്നെ കൊണ്ടുപോവുകയും ചെയ്തു.
‘‘ടീം ബസിൽ കയറാൻ ആകെയുള്ളത് 10 മിനിറ്റ് മാത്രമാണ്. ഷൂസില്ലാതെ എങ്ങനെ പോകുമെന്ന് ഞാൻ ചോദിച്ചു. നീ എന്റെ ഷൂസ് ധരിച്ചോളൂ എന്നായിരുന്നു അവളുടെ മറുപടി. പിങ്ക് നിറമുള്ള ഷൂസായിരുന്നു അവളുടേത്. ബസിൽ കയറി വിമാനത്താവളത്തിലേക്ക് നഗ്നപാദനായി പോകാൻ മടിയായതുകൊണ്ട് ഞാൻ അവളുടെ ഷൂസ് ധരിച്ചു.
‘‘ആ പിങ്ക് ഷൂസ് ആരും കാണാതിരിക്കാൻ ബാഗ് മുന്നിൽ പിടിച്ച് മറയ്ക്കാൻ ഞാൻ പരമാവധി ശ്രമിച്ചു. പക്ഷേ ബസിൽ കയറുന്ന സമയത്ത് എന്റെ പിങ്ക് ഷൂസ് എല്ലാവരും കണ്ടു. അവർ ഒന്നിച്ച് കയ്യടിക്കാൻ തുടങ്ങി. അന്ന് ആ പിങ്ക് ഷൂസ് ധരിച്ചാണ് ഞാൻ എയർപോർട്ടിലെത്തിയത്. പിന്നീട് സ്യൂട്ട്കേസ് കിട്ടിയ ശേഷമാണ് അത് മാറ്റാനായത്. തുടർന്നുള്ള ടെസ്റ്റിൽനിന്ന് എന്നെ ഒഴിവാക്കുകയും ചെയ്തു’ – യുവരാജ് വിവരിച്ചു.
English Summary:
‘I was dating an actress. Told her, let’s not meet…’: Yuvraj Singh reveals hilarious untold story
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]