ന്യൂഡൽഹി ∙ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) പ്രസിഡന്റ് പി.ടി.ഉഷ അംഗങ്ങൾക്ക് അയച്ച കത്ത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഇന്നു നടക്കുന്ന ഐഒഎ ഭരണസമിതി യോഗത്തെ ചൂടുപിടിപ്പിക്കും. പാരിസ് ഒളിംപിക്സിലെ ചെലവ് വർധിച്ചതു ചർച്ച ചെയ്യണമെന്ന ആവശ്യവും അംഗങ്ങൾ ഉയർത്തിയിട്ടുണ്ട്. ഭരണസമിതിയിൽ പ്രസിഡന്റും അംഗങ്ങളും തമ്മിലുള്ള ഉൾപ്പോര് അതിരൂക്ഷമായിരിക്കെയാണ് ഇന്നു യോഗം ചേരുന്നത്.
ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) ട്രഷറർ സഹ്ദേവ് യാദവ് പദവിയിൽ തുടരുന്നതു ദേശീയ കായിക ചട്ടങ്ങൾ ലംഘിച്ചാണെന്നും ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നുമാവശ്യപ്പെട്ട് ഐഒഎ പ്രസിഡന്റ് പി.ടി. ഉഷ നേരത്തേ കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. തന്റെ സൽപേര് കളങ്കപ്പെടുത്തിയ ഉഷയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണു സഹ്ദേവ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
ഭരണസമിതിയിലെ അംഗങ്ങൾക്കു പ്രസിഡന്റ് പലപ്പോഴായി കത്തുകൾ അയച്ച വിഷയം ഏതാനും അംഗങ്ങൾ ഇന്നത്തെ യോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്തുകയായിരുന്നു. പ്രസിഡന്റിന്റെ അധികാര പരിധി നിശ്ചയിക്കൽ, പ്രസിഡന്റിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട വിഷയം ഐഒഎ എത്തിക്സ് കമ്മിഷനിൽ റിപ്പോർട്ട് ചെയ്യേണ്ടതിന്റെ ആവശ്യം എന്നിവയും അജൻഡയുടെ ഭാഗമാക്കിയിട്ടുണ്ട്.
സീനിയർ വൈസ് പ്രസിഡന്റ് അജയ് പട്ടേൽ, വൈസ് പ്രസിഡന്റുമാരായ ഗഗൻ നാരംഗ്, രാജ്ലക്ഷ്മി സിങ് ഡിയോ, യോഗേശ്വർ ദത്ത് തുടങ്ങി 12 അംഗങ്ങളാണു പുതിയ അജൻഡ ഉൾപ്പെടുത്തി പ്രസിഡന്റിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. അതേസമയം മേരി കോം, എ. ശരത് കമൽ എന്നിവർ ഇതിൽ ഒപ്പിട്ടിട്ടില്ല.
English Summary:
PT Usha faces in crucial IOA meeting
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]