മുംബൈ∙ ഇന്ത്യൻ ടെസ്റ്റ് ടീമിലെ താരങ്ങളെ ‘കളി പഠിപ്പിക്കാൻ’ വിട്ട സിലക്ടർമാരുടെ തീരുമാനം അവരെ ഉൾപ്പെടുത്തി കളത്തിലിറങ്ങിയ ടീമുകൾക്ക് തിരിച്ചടിയാകുന്ന കാഴ്ച സമ്മാനിച്ച് രഞ്ജി ട്രോഫി മത്സരങ്ങളുടെ മൂന്നാം ദിനം. ഇന്ത്യൻ നായകൻ രോഹിത് ശർമയും യുവതാരങ്ങളിൽ ശ്രദ്ധേയനായ യശസ്വി ജയ്സ്വാളും ഓപ്പണർമാരായി എത്തിയ മുംബൈ, താരതമ്യേന ദുർബലരായ ജമ്മു കശ്മീരിനോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങി. സാക്ഷാൽ ഋഷഭ് പന്തിനെ വിക്കറ്റ് കാക്കാൻ ഏൽപ്പിച്ച് കളത്തിലിറങ്ങിയ ഡൽഹി, സൗരാഷ്ട്രയോട് 10 വിക്കറ്റിനു തോറ്റപ്പോൾ, ഭാവി ക്യാപ്റ്റനായി വിശേഷിപ്പിക്കപ്പെടുന്ന ശുഭ്മൻ ഗില്ലിന്റെ നേതൃത്വത്തിൽ കളത്തിലിറങ്ങിയ പഞ്ചാബ്, കർണാടകയോട് ഇന്നിങ്സിനും 207 റൺസിനും തോറ്റു.
ഇന്ത്യൻ ടീമംഗങ്ങളെ ഉൾപ്പെടുത്തി കളത്തിലിറങ്ങിയ ടീമുകളെല്ലാം മൂന്നാം ദിനം തന്നെ തോൽവി വഴങ്ങിയെന്ന യാദൃച്ഛികതയുമുണ്ട്. അതേസമയം, സൗരാഷ്ട്രയ്ക്കായി കളത്തിലിറങ്ങിയ രവീന്ദ്ര ജഡേജ മാത്രം, തകർപ്പൻ പ്രകടനവുമായി ആഭ്യന്തര തലത്തിൽ തന്റെ ‘രാജ്യാന്തര പേര്’ കാത്തു. ഡൽഹിക്കെതിരായ മത്സരത്തിൽ തകർപ്പൻ ഓൾറൗണ്ട് പ്രകടനവുമായി തിളങ്ങിയ ജഡേജ, കളിയിലെ കേമനായും തിരഞ്ഞെടുക്കപ്പെട്ടു.
∙ രോഹിത്തിന്റെ പാളിയ ‘തുടക്കം’, ജയ്സ്വാളിന്റെയും
ഇന്ത്യൻ ക്യാപ്റ്റനെ തന്നെ ഓപ്പണറാക്കി കളത്തിലിറങ്ങിയ മുംബൈയുടെ തോൽവിയാണ് കൂട്ടത്തിൽ ഏറ്റവും ഞെട്ടിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ താരതമ്യേന ദുർബലരായ ജമ്മു കശ്മീരിനെതിരെ, ചരിത്രത്തിലെ ആദ്യ തോൽവിയെന്ന നാണക്കേടാണ് സ്വന്തം തട്ടകമായ ശരദ് പവാർ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തിൽ മുംബൈ ഏറ്റുവാങ്ങിയത്. സ്കോർ: മുംബൈ 120 & 290, ജമ്മു കശ്മീർ 206 & 207/5.
207 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ജമ്മു കശ്മീരിനെതിരെ എങ്ങനെയും വിജയം പിടിച്ചെടുക്കുന്നതിന് രണ്ടാം ഇന്നിങ്സിൽ ബോളിങ്ങിന് ഇറങ്ങും മുൻപ് ടീമംഗങ്ങളെ പ്രചോദിപ്പിക്കാൻ എല്ലാവരെയും ചേർത്തുനിർത്തി സംസാരിക്കുന്ന രോഹിത് ശർമയുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഒന്നും ഫലം കണ്ടില്ലെന്ന് തെളിയിക്കുന്നതായി മത്സരഫലം. മത്സരത്തിൽ ബാറ്റിങ്ങിലും രോഹിത്തും ജയ്സ്വാളും നിരാശപ്പെടുത്തി. രോഹിത് 3, 28 റൺസ് വീതവും, ജയ്സ്വാൾ 4, 26 എന്നിങ്ങനെയുമാണ് സ്കോർ ചെയ്തത്.
∙ ‘പന്താട്ട’മില്ല, മിണ്ടാട്ടമില്ലാതെ ഡൽഹി
ഋഷഭ് പന്തിന്റെ താരപ്രഭയുമായെത്തി ശ്രദ്ധ നേടിയ ഡൽഹിയെ, രവീന്ദ്ര ജഡേജയുടെ താരത്തിളക്കത്തിൽ നിസാരരാക്കിയാണ് സൗരാഷ്ട്ര അനായാസ ജയം നേടിയത്. ജഡേജ ഓൾറൗണ്ട് പ്രകടനവുമായി തിളങ്ങിയ മത്സരം, ഋഷഭ് പന്ത് ഒരിക്കലും ഓർമിക്കാൻ ആഗ്രഹിക്കാത്ത ഒന്നുമായി. സ്കോർ: ഡൽഹി – 188 & 94, സൗരാഷ്ട്ര – 271 & 15/0.
ഒന്നാം ഇന്നിങ്സിൽ 10 പന്തു നേരിട്ട ഒറ്റ റണ്ണെടുത്ത് പുറത്തായ പന്ത്, രണ്ടാം ഇന്നിങ്സിൽ 26 പന്തിൽ ഒരേയൊരു ഫോർ സഹിതം നേടിയത് 17 റൺസ്. മറുവശത്ത് തകർപ്പൻ ഫോമിലായിരുന്ന ജഡേജ ഒന്നാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നേട്ടത്തോടെയും രണ്ടാം ഇന്നിങ്സിൽ ഏഴു വിക്കറ്റ് നേട്ടത്തോടെയും ഡൽഹിയുടെ അന്തകനായി. 36 പന്തിൽ 38 റൺസെടുത്ത് ജഡേജ ബാറ്റിങ്ങിലും തിളങ്ങി.
∙ വൈകിപ്പോയ സെഞ്ചറിയും ഗില്ലും!
മറ്റുള്ളവർ ‘സാധാരണ’ താരങ്ങളാണ് രഞ്ജി ട്രോഫി കളിക്കാനെത്തിയതെങ്കിൽ, ക്യാപ്റ്റന്റെ അധിക ഭാരം കൂടി ചുമലിലേറ്റിയെത്തി നാണംകെട്ട കഥയാണ് യുവതാരം ശുഭ്മൻ ഗില്ലിന്റേത്. ബാറ്റിങ്ങിൽ ഒന്നാം ഇന്നിങ്സിലെ ദയനീയ പ്രകടനത്തിന് രണ്ടാം ഇന്നിങ്സിൽ സെഞ്ചറിയുമായി പ്രായശ്ചിത്തം ചെയ്തെങ്കിലും, കർണാടകയ്ക്കെതിരെ പഞ്ചാബ് വഴങ്ങിയത് കനത്ത തോൽവി. ഇന്നിങ്സിനും 207 റൺസിനുമാണ് കർണാടക പഞ്ചാബിനെ നാണംകെടുത്തിയത്. സ്കോർ: കർണാടക – 475, പഞ്ചാബ് – 55 & 213.
ശുഭ്മൻ ഗിൽ എട്ടു പന്തിൽ നാലു റൺസെടുത്ത് പുറത്തായ ഒന്നാം ഇന്നിങ്സിൽ, പഞ്ചാബ് വെറും 55 റൺസിന് പുറത്തായി. രണ്ടാം ഇന്നിങ്സിൽ ഗിൽ സെഞ്ചറിയുമായി കരുത്തു കാട്ടിയെങ്കിലും വൈകിപ്പോയിരുന്നു. 171 പന്തിൽ 14 ഫോറും മൂന്നു സിക്സും സഹിതമാണ് ഗിൽ 102 റൺസെടുത്തത്.
English Summary:
Ranji Trophy Upsets: Rohit, Pant, and Gill’s Teams Suffer Crushing Defeats
TAGS
Indian Cricket Team
Ranji Trophy
Rohit Sharma
Rishabh Pant
Shubman Gill
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]