ചെന്നൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ട്വന്റി20 മത്സരങ്ങൾക്ക് ഏറ്റവും നാടകീയമായ ക്ലൈമാക്സുകൾ ഉറപ്പാക്കുന്ന പതിവ്, ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷമെത്തിയ മത്സരത്തിലും ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയം കൈവിട്ടില്ല. ആവേശം അവസാന ഓവർ വരെ കൂട്ടിനെത്തിയ മറ്റൊരു നാടകീയ പോരാട്ടത്തിൽ, ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് രണ്ടു വിക്കറ്റ് വിജയം. ഇംഗ്ലണ്ട് ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം, ശ്വാസം പോലും നിലച്ചുപോയ നിമിഷങ്ങൾക്കൊടുവിൽ രണ്ടു വിക്കറ്റും നാലു പന്തും ബാക്കിയാക്കി ഇന്ത്യ മറികടന്നു. സഹതാരങ്ങൾ കൂട്ടത്തോടെ നിരാശപ്പെടുത്തിയിട്ടും, വാലറ്റത്തെ കൂട്ടുപിടിച്ച് തിലക് വർമയെന്ന യുവതാരം നടത്തിയ അസാമാന്യ പോരാട്ടമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഇതോടെ, അഞ്ച് മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇന്ത്യ 2–0ന് മുന്നിലെത്തി. പരമ്പരയിലെ മൂന്നാം മത്സരം ചൊവ്വാഴ്ച രാജ്കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തിൽ നടക്കും.
തിലക് വർമ 55 പന്തിൽ നാലു ഫോറും അഞ്ച് സിക്സും സഹിതം 72 റൺസുമായി പുറത്താകാതെ നിന്നു. ജെയ്മി ഓവർട്ടൻ എറിഞ്ഞ അവസാന ഓവറിൽ ഇന്ത്യയ്ക്ക് രണ്ടു വിക്കറ്റ് കയ്യിലിരിക്കെ വിജയത്തിലേക്ക് വേണ്ടിയിരുന്നത് ആറു റൺസ്. ആദ്യ പന്തിൽ ഡബിളും രണ്ടാം പന്തിൽ ബൗണ്ടറിയും കണ്ടെത്തി തിലക് വർമ രാജകീയമായിത്തന്നെ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു. വാലറ്റത്ത് അഞ്ച് പന്തിൽ രണ്ടു ഫോറുകൾ സഹിതം ഒൻപതു റൺസുമായി പുറത്താകാതെ നിന്ന രവി ബിഷ്ണോയിയുടെ പോരാട്ടവീര്യവും ഇന്ത്യൻ വിജയത്തിൽ നിർണായകമായി. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഇതിനു മുൻപു രണ്ടു രാജ്യാന്തര ട്വന്റി20 മത്സരങ്ങളാണ് നടന്നത്. രണ്ടു മത്സരങ്ങളിലും ഫലം വന്നത് അവസാന പന്തിൽ!
ഇന്ത്യൻ നിരയിൽ തിലക് വർമയ്ക്കു പുറമേ രണ്ടക്കത്തിലെത്തിയത് മൂന്നു താരങ്ങളാണ്. പിന്നെ എക്സ്ട്രാസും. വാഷിങ്ടൻ സുന്ദർ (19 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 26), ഓപ്പണർ അഭിഷേക് ശർമ (ആറു പന്തിൽ മൂന്നു ഫോറുകളോടെ 12), ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (ഏഴു പന്തിൽ മൂന്നു ഫോറുകളോടെ 12) എന്നിവരാണ് രണ്ടക്കത്തിലെത്തിയ താരങ്ങൾ. പിന്നെ എക്സ്ട്രാ ഇനത്തിൽ ഇംഗ്ലിഷ് ബോളർമാർ കനിഞ്ഞു നൽകിയ 11 റൺസും.
2️⃣-0️⃣ 🙌
Tilak Varma finishes in style and #TeamIndia register a 2-wicket win in Chennai! 👌
Scorecard ▶️ https://t.co/6RwYIFWg7i #INDvENG | @IDFCFIRSTBank pic.twitter.com/d9jg3O02IB
— BCCI (@BCCI) January 25, 2025
മലയാളി താരം സഞ്ജു സാംസൺ (ഏഴു പന്തിൽ അഞ്ച്), ധ്രുവ് ജുറേൽ (അഞ്ച് പന്തിൽ നാല്), ഹാർദിക് പാണ്ഡ്യ (ആറു പന്തിൽ ഒരു ഫോർ സഹിതം നാല്), അക്ഷർ പട്ടേൽ (മൂന്നു പന്തിൽ രണ്ട്), അർഷ്ദീപ് സിങ് (നാലു പന്തിൽ ഒരു ഫോർ സഹിതം ആറ്) എന്നിവർ നിരാശപ്പെടുത്തി.
ഇംഗ്ലണ്ടിനായി ബ്രൈഡൻ കാഴ്സ് നാല് ഓവറിൽ 14 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ആദിൽ റഷീദ് നാല് ഓവറിൽ 14 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തി. ജെയ്മി ഓവർട്ടൻ 2.2 ഓവറിൽ 20 റൺസ് വഴങ്ങിയും ലിയാം ലിവിങ്സ്റ്റൺ രണ്ട് ഓവറിൽ 14 റൺസ് വഴങ്ങിയും മാർക്ക് വുഡ് മൂന്ന് ഓവറിൽ 28 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി. ജോഫ്ര ആർച്ചറിനും ഒരു വിക്കറ്റ് ലഭിച്ചെങ്കിലും നാല് ഓവറിൽ വഴങ്ങിയത് 60 റൺസ്.
∙ ബൗണ്ടറികളിലൂടെ ഇംഗ്ലണ്ട്
നേരത്തേ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിലാണ് 165 റൺസെടുത്തത്. തുടർച്ചയായ രണ്ടാം അർധസെഞ്ചറി അഞ്ച് റൺസിന് നഷ്ടമായെങ്കിലും, ഒരിക്കൽക്കൂടി മുന്നിൽനിന്ന് പടനയിച്ച ക്യാപ്റ്റൻ ജോസ് ബട്ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ബട്ലർ 30 പന്തിൽ രണ്ടു ഫോറും മൂന്നു സിക്സും സഹിതമാണ് 45 റൺസെടുത്തത്. ഒരറ്റത്ത് വിക്കറ്റുകൾ കൊഴിയുമ്പോഴും യഥേഷ്ടം ബൗണ്ടറികൾ കണ്ടെത്തിയാണ് ഇംഗ്ലണ്ട് ബാറ്റർമാർ സ്കോർ 160 കടത്തിയത്.
Through the gates! 🎯
The in-form Varun Chakaravarthy strikes in his very first over ⚡️⚡️
Follow The Match ▶️ https://t.co/6RwYIFWg7i#TeamIndia | #INDvENG | @IDFCFIRSTBank | @chakaravarthy29 pic.twitter.com/NddoPmTlDo
— BCCI (@BCCI) January 25, 2025
ഒരിക്കൽക്കൂടി സ്പിന്നർമാരുടെ തകർപ്പൻ ബോളിങ്ങാണ് ഇന്ത്യയ്ക്ക് കരുത്തായത്. 14 ഓവർ ബോൾ ചെയ്ത സ്പിന്നർമാർ 118 റൺസ് വിട്ടുകൊടുത്ത് വീഴ്ത്തിയത് ആറു വിക്കറ്റ്! അരങ്ങേറ്റ മത്സരത്തിന് ഇറങ്ങിയ ജെയ്മി സ്മിത്ത് 12 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 22 റൺസെടുത്ത് പുറത്തായി. ഹാരി ബ്രൂക്ക് (എട്ടു പന്തിൽ ഒരോ സിക്സും ഫോറും സഹിതം 13), ലിയാം ലിവിങ്സ്റ്റൺ (14 പന്തിൽ ഒരു ഫോർ സഹിതം 13), ബ്രൈഡൻ കാഴ്സ് (11 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 14), ജോഫ്ര ആർച്ചർ (ഒൻപതു പന്തിൽ പുറത്താകാതെ 12) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഓപ്പണർമാരായ ഫിലിപ് സാൾട്ട് (മൂന്നു പന്തിൽ നാല്), ബെൻ ഡക്കറ്റ് (ആറു പന്തിൽ മൂന്ന്), ജെയ്മി ഓവർട്ടൻ (ഏഴു പന്തിൽ അഞ്ച്), ആദിൽ റഷീദ് (11 പന്തിൽ 10) എന്നിവർ നിരാശപ്പെടുത്തി. മാർക്ക് വുഡ് മൂന്നു പന്തിൽ അഞ്ച് റൺസുമായി പുറത്താകാതെ നിന്നു.
Off-stump out of the ground!
Varun Chakaravarthy gets his second 🔥🔥
Follow The Match ▶️ https://t.co/6RwYIFWg7i#TeamIndia | #INDvENG | @IDFCFIRSTBank pic.twitter.com/HPb865qPVJ
— BCCI (@BCCI) January 25, 2025
കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ട്വന്റി20 താരമായി ഐസിസി തിരഞ്ഞെടുത്ത അർഷ്ദീപ് സിങ് എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തുതന്നെ ബൗണ്ടറി കടത്തി ഫിൽ സാൾട്ട് മികച്ച തുടക്കമാണ് ഇംഗ്ലണ്ടിനു സമ്മാനിച്ചത്. എന്നാൽ അതേ ഓവറിൽ സാൾട്ടിനെ പുറത്താക്കി അർഷ്ദീപ് ഇന്ത്യ കാത്തിരുന്ന തുടക്കം സമ്മാനിച്ചു. ആദ്യ ബോളിങ് മാറ്റമായി സൂര്യകുമാർ പരീക്ഷിച്ച വാഷിങ്ടൻ സുന്ദറിന്റെ ആദ്യ പന്തിൽ ബെൻ ഡക്കറ്റും പുറത്തായതോടെ ഇംഗ്ലണ്ട് 2ന് 26 റൺസ് എന്ന നിലയിലായി.
കഴിഞ്ഞ മത്സരത്തിലേതിനു സമാനമായി ഒരറ്റത്ത് തകർത്തടിച്ച ക്യാപ്റ്റൻ ജോസ് ബട്ലറാണ് ഇംഗ്ലണ്ട് സ്കോർബോർഡ് ചലിപ്പിച്ചത്. മികച്ച തുടക്കം ലഭിച്ച ഹാരി ബ്രൂക്ക് വിക്കറ്റ് വലിച്ചെറിഞ്ഞത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. ബട്ലർ പുറത്തായതോടെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത അരങ്ങേറ്റ താരം ജെയ്മി സ്മിത്ത് അഭിഷേക് ശർമയ്ക്കെതിരെ സിക്സും ഫോറും അടിച്ചതിനു പിന്നാലെ മൂന്നാം പന്തിൽ പുറത്തായി. പിന്നീട് ഇംഗ്ലിഷ് ആക്രമണത്തിന്റെ കുന്തമുനയായി മാറിയ ബ്രൈഡൻ കാഴ്സ്, ജോഫ്ര ആർച്ചറുമായുള്ള ധാരണപ്പിശകിൽ റണ്ണൗട്ടായി. 17 പന്തിൽ ഒരു ഫോറും മൂന്നു സിക്സും സഹിതം ആക്രമണം ഇന്ത്യൻ ക്യാംപിലേക്ക് നയിക്കുന്നതിനിടെയാണ് കാഴ്സ് നിർഭാഗ്യകരമായ രീതിയിൽ പുറത്തായത്.
ഇന്ത്യയ്ക്കായി അക്ഷർ പട്ടേൽ നാല് ഓവറിൽ 32 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. കഴിഞ്ഞ മത്സരത്തിൽ കളിയിലെ കേമനായ വരുൺ ചക്രവർത്തി ഇത്തവണ നാല് ഓവറിൽ 38 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. അർഷ്ദീപ് സിങ്, വാഷിങ്ടൻ സുന്ദർ, അഭിഷേക് ശർമ, ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. ബോൾ ചെയ്ത ഏഴു പേരിൽ വിക്കറ്റ് ലഭിക്കാതെ പോയത് നാല് ഓവറിൽ 27 റൺസ് മാത്രം വഴങ്ങിയ രവി ബിഷ്ണോയ്ക്കു മാത്രം.
∙ വീണ്ടും ടോസ് ഭാഗ്യം ഇന്ത്യയ്ക്ക്
ഇംഗ്ലണ്ടിനെതിരായ തുടർച്ചയായ രണ്ടാം ട്വന്റി20യിലും ടോസ് ഭാഗ്യം ഇന്ത്യയ്ക്ക്. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ഒരിക്കൽക്കൂടി ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം ട്വന്റി20 ജയിച്ച ഇന്ത്യൻ ടീമിൽ രണ്ടു മാറ്റങ്ങൾ വരുത്തി. പരിശീലനത്തിനിടെ പരുക്കേറ്റ നിതീഷ് കുമാർ റെഡ്ഡി, റിങ്കു സിങ് എന്നിവർക്കു പകരം ധ്രുവ് ജുറേൽ, വാഷിങ്ടൻ സുന്ദർ എന്നിവർ ടീമിലെത്തി. നിതീഷ് കുമാർ റെഡ്ഡിക്ക് പരമ്പര പൂർണമായും നഷ്ടമാകും. രണ്ട്, മൂന്ന് ട്വന്റി20 മത്സരങ്ങളിൽ റിങ്കു സിങ്ങിനും കളിക്കാനാകില്ല.
ഇംഗ്ലണ്ട് നിരയിൽ രണ്ടു മാറ്റം വരുത്തി. ഒന്നാം ട്വന്റി20യിൽ സഞ്ജു സാംസണിന്റെ കനത്ത പ്രഹരമേറ്റു വാങ്ങിയ പേസർ ഗസ് അറ്റ്കിൻസനു പകരം ബ്രൈഡൻ കാഴ്സും അസുഖബാധിതനായ ജേക്കബ് ബെത്തലിനു പകരം ജെയ്മി സ്മിത്തും ടീമിലെത്തി. ജെയ്മി സ്മിത്തിന് ഇത് ട്വന്റി20 അരങ്ങേറ്റമായിരുന്നു.
English Summary:
India vs England, 2nd T20I – Live Updates
TAGS
Indian Cricket Team
Board of Cricket Control in India (BCCI)
England Cricket Team
Sanju Samson
Gautam Gambhir
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]