ജിദ്ദ∙ ഹൈസ്കൂൾ ക്ലാസ് പിന്നിടും മുൻപ് രാജ്യാന്തര ക്രിക്കറ്റിൽ തകർപ്പൻ സെഞ്ചറിയുമായി ‘ക്ലാസ്’ തെളിയിച്ച വൈഭവ് സൂര്യവംശിക്ക് ഐപിഎൽ താരലേലത്തിൽ വൻ ഡിമാൻഡ്. ഡൽഹി ക്യാപിറ്റൽസുമായുള്ള വാശിയേറിയ ലേലംവിളിക്കൊടുവിൽ 1.10 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. ഐപിഎൽ ചരിത്രത്തിൽ താരലേലത്തിനെത്തുന്ന പ്രായം കുറഞ്ഞ താരമാണ് ബിഹാറിൽ നിന്നുള്ള വൈഭവ് സൂര്യവംശി. വാങ്ങിയത് രാജസ്ഥാനാണെങ്കിലും, ഈ പതിമൂന്നുകാരനെ ഐപിഎലിലേക്ക് സ്വാഗതം ചെയ്ത് മിക്ക ടീമുകളും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ഒക്ടോബറിൽ ഓസ്ട്രേലിയൻ അണ്ടർ 19 ടീമിനെതിരായ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ അണ്ടർ 19 ടീമിനായി സെഞ്ചറി നേടുമ്പോൾ 13 വയസ്സും 188 ദിവസവുമായിരുന്നു ബിഹാറുകാരൻ വൈഭവിന്റെ പ്രായം. ക്രിക്കറ്റിലെ എല്ലാ പ്രായവിഭാഗങ്ങളിലുമായി രാജ്യാന്തര സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും വൈഭവിന് സ്വന്തം.
നിലവിലെ ബംഗ്ലദേശ് സീനിയർ ടീം ക്യാപ്റ്റൻ നജ്മുൽ ഷാന്റോയുടെ റെക്കോർഡാണ് വൈഭവ് മറികടന്നത്. 2013ൽ ശ്രീലങ്കൻ അണ്ടർ 19 ടീമിനെതിരെ സെഞ്ചറി നേടുമ്പോൾ 14 വയസ്സും 241 ദിവസവുമായിരുന്നു ഷാന്റോയുടെ പ്രായം.
ചെപ്പോക്കിൽ നടക്കുന്ന മത്സരത്തിൽ 62 പന്തുകളിൽ 104 റൺസാണ് വൈഭവിന്റെ നേട്ടം. 14 ഫോറും 4 സിക്സും ഉൾപ്പെടുന്ന ഉജ്വല ഇന്നിങ്സ്. 58 പന്തിൽ സെഞ്ചറി തികച്ച താരം അണ്ടർ 19 ടെസ്റ്റിൽ വേഗത്തിൽ സെഞ്ചറി നേടുന്ന രണ്ടാമത്തെ താരമായും മാറിയിരുന്നു. ഇംഗ്ലണ്ട് താരം മൊയീൻ അലിയാണ് (56 പന്തിൽ സെഞ്ചറി) ഒന്നാമത്.
ഈ വർഷമാദ്യം 12–ാം വയസ്സിൽ ബിഹാറിനായി രഞ്ജി ട്രോഫി അരങ്ങേറ്റം കുറിച്ചാണ് വൈഭവ് സൂര്യവംശി ആദ്യം വാർത്തകളിൽ നിറഞ്ഞത്. ഇംഗ്ലണ്ടിനും ബംഗ്ലദേശിനുമെതിരായ അണ്ടർ 19 പരമ്പരകളിലും വൈഭവ് ഇന്ത്യൻ ടീമിൽ അംഗമായിരുന്നു.
English Summary:
13 year old star Vaibhav Suryavanshi to play for Rajastan Royals
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]