
ഹൈദരാബാദ്∙ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ രണ്ടാം മത്സരത്തിൽ മഹാരാഷ്ട്രയ്ക്കെതിരെ കേരളത്തിന് നിരാശപ്പെടുത്തുന്ന തോൽവി. ഹൈദരാബാദ് രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നാലു വിക്കറ്റിനാണ് മഹാരാഷ്ട്ര കേരളത്തെ വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റു ചെയ്ത കേരളം നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 187 റൺസ്. മറുപടി ബാറ്റിങ്ങിൽ ഒരു പന്തു ബാക്കിനിൽക്കെ ആറു വിക്കറ്റ് നഷ്ടത്തിൽ മഹാരാഷ്ട്ര ലക്ഷ്യത്തിലെത്തി.
ഒരു ഘട്ടത്തിൽ വിജയത്തിന്റെ വക്കിലായിരുന്ന കേരളത്തിന്, ദിവ്യാങ് ഹിൻഗനേക്കറിന്റെ ഓൾറൗണ്ട് പ്രകടനമാണ് തിരിച്ചടിയായത്. ഏഴാമനായി ക്രീസിലെത്തിയ ഹിൻഗനേക്കർ 18 പന്തിൽ അഞ്ച് ഫോറും രണ്ടു സിക്സും സഹിതം 43 റൺസുമായി പുറത്താകാതെ നിന്നു. രാമകൃഷ്ണ ഘോഷ് അഞ്ച് പന്തിൽ ഓരോ സിക്സും ഫോറും സഹിതം 13 റൺസെടുത്തും ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് മൂന്നു പന്തിൽ ഒരു റണ്ണെടുത്ത് പുറത്തായെങ്കിലും, രാഹുൽ ത്രിപാഠിയുടെ അവസരോചിത പ്രകടനം മഹാരാഷ്ട്രയ്ക്ക് തുണയായി. 28 പന്തുകൾ നേരിട്ട ത്രിപാഠി നാലു ഫോറും ഒരു സിക്സും സഹിതം 44 റൺസെടുത്തു. അസിം കാസി 26 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 32 റൺസെടുത്തും പുറത്തായി. 21 പന്തിൽ 3 ഫോറുകളോടെ 24 റൺസെടുത്ത അർഷിൻ കുൽക്കർണിയാണ് ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച മറ്റൊരാൾ.
കേരളത്തിനായി എം.ഡി. നിധീഷ് നാല് ഓവറിൽ 32 റൺസ് വഴങ്ങിയും സിജോമോൻ ജോസഫ് നാല് ഓവറിൽ 42 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. വിനോദ് കുമാർ, അബ്ദുൽ ബാസിത് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
∙ തിളങ്ങി രോഹൻ, സച്ചിൻ, അസ്ഹറുദ്ദീൻ
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം, നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 187 റൺസെടുത്തത്. 24 പന്തിൽ അഞ്ച് ഫോറും രണ്ടു സിക്സും സഹിതം 45 റൺസെടുത്ത രോഹൻ എസ്.കുന്നുമ്മലാണ് കേരളത്തിന്റെ ടോപ് സ്കോറർ. 40 റൺസ് വീതം നേടിയ മുഹമ്മദ് അസ്ഹറുദ്ദീൻ, സച്ചിൻ ബേബി എന്നിവരുടെ ഇന്നിങ്സുകളും ടീമിനു കരുത്തായി.
25 പന്തുകൾ നേരിട്ട സച്ചിൻ ബേബി, മൂന്നു ഫോറും രണ്ടു സിക്സും സഹിതം 40 റൺസുമായി പുറത്താകാതെ നിന്നു. 29 പന്തുകൾ നേരിട്ട അസ്ഹറുദ്ദീനാകട്ടെ, മൂന്നു ഫോറും രണ്ടു സിക്സും സഹിതം 40 റൺസെടുത്ത് പുറത്തായി. സഞ്ജു സാംസൺ 15 പന്തിൽ മൂന്നു ഫോറുകളോടെ 19 റൺസെടുത്തു. അവസാന ഓവറുകളിൽ 14 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 24 റൺസെടുത്ത അബ്ദുൽ ബാസിതാണ് കേരളത്തിന് മികച്ച സ്കോർ ഉറപ്പാക്കിയത്.
ഐപിഎൽ താരലേലത്തിൽ ഇന്നലെ സൺറൈസേഴ്സ് ഹൈദരാബാദ് 95 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയ വിഷ്ണു വിനോദ് (ഏഴു പന്തിൽ 9), സൽമാൻ നിസാർ (അഞ്ച് പന്തിൽ ഒന്ന്), വിനോദ് കുമാർ (0) എന്നിവർ നിരാശപ്പെടുത്തി. അഖിൽ സ്കറിയ നേരിട്ട ഒരേയൊരു പന്തിൽ ബൗണ്ടറി നേടി. മഹാരാഷ്ട്രയ്ക്കായി ഹിൻഗനേകർ, അർഷിൻ കുൽക്കർണി എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
English Summary:
Kerala vs Maharashtra, Syed Mushtaq Ali Trophy 2024, Group E Match – Live Updates
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]