
അതിസമ്മർദം നിറയുന്ന ലോക ചെസ് ചാംപ്യൻഷിപ് പോരാട്ട വേദി. മാസങ്ങളുടെ തയാറെടുപ്പുമായി ഡി.ഗുകേഷും ഡിങ് ലിറനും. പോരാട്ടം നടക്കുന്ന ആ ചില്ലുകൂട്ടിൽ അവർ രണ്ടുപേരുമല്ലാതെ മൂന്നാമതൊരാളുണ്ടാകും; അബ്ദുൽ ഹമീദ് ബിൻ അബ്ദുൽ മജീദ്–കളി നിയന്ത്രിക്കുന്ന ചീഫ് ആർബിറ്റർ. മലേഷ്യയിൽനിന്നുള്ള ഇന്റർനാഷണൽ ആർബിറ്ററാണ് അബ്ദുൽ മജീദ്. ‘‘ലോക ചാംപ്യൻഷിപ്പിന്റെ ഗൗരവവും ഗരിമയും നിലനിർത്തുന്ന രീതിയിൽ മാച്ച് നടത്തുക എന്നതാണ് എന്റെ ചുമതല’’–‘മനോരമ’യ്ക്ക് അനുവദിച്ച അഭിമുഖത്തിൽ ഹമീദ് പറഞ്ഞു.
എൺപതുകളുടെ തുടക്കം മുതൽ ചെസ് ടൂർണമെന്റുകൾ സംഘടിപ്പിച്ച തഴക്കമാണ് ഹമീദിനെ ഈ ചുമതലയിലെത്തിച്ചത്. ലോക ചാംപ്യൻഷിപ്പിന്റെ അതിഗാഢമായ സമ്മർദം താങ്ങാൻ പറ്റുന്നൊരാൾ. ഹമീദിന്റെ പേരുയർന്നപ്പോൾ ഗുകേഷിന്റെയും ഡിങ്ങിന്റെയും ടീമിന് എതിർപ്പുണ്ടായിരുന്നില്ല.
‘‘2 കളിക്കാർ മാത്രം. ഈ മട്ടിൽ മുൻപും പല ലോക ചാംപ്യൻഷിപ്പുകളുടെയും പിന്നണിയിൽ പ്രവർത്തിച്ച പരിചയ സമ്പത്തുള്ളതുകൊണ്ട് എനിക്കു പ്രയാസമുണ്ടാവില്ല. വീട്ടുകാർ നൽകുന്ന പിന്തുണയും പ്രധാനമാണ്’’–ഹമീദ് പറഞ്ഞു.
ഇന്ത്യയിലും കേരളത്തിലും മുൻപു വന്നിട്ടുണ്ട് ഹമീദ്. എല്ലാം നല്ല ഓർമകളെന്ന് ഹമീദ് പറയുന്നു. കേരളത്തെക്കുറിച്ചോ? ‘‘കേരള ഫിഷ് കറി ഈസ് ഔട്ട് ഓഫ് ദിസ് വേൾഡ്!’’ ലോക ചാംപ്യൻഷിപ്പ് ഒരുക്കുന്ന എല്ലാ രുചിക്കൂട്ടുകൾക്കും സാക്ഷിയായി ചാംപ്യൻഷിപ്പ് തീരുന്നതുവരെ ഹമീദുണ്ടാകും, മൂന്നാമതൊരാളായി!
English Summary:
The chief arbiter of the world chess championship speaks
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]