
ന്യൂഡൽഹി ∙ ടെന്നിസുമായി സാമ്യമുള്ള കായികമത്സരമായ പിക്കിൾബോളിൽ രാജ്യാന്തര ഭൂപടത്തിൽ ഇടം നേടാനുള്ള ശ്രമങ്ങളുമായി ഇന്ത്യ. ഇതിന്റെ ഭാഗമായി പിക്കിൾബോൾ വേൾഡ് റാങ്കിങ്(പിഡബ്ല്യുആർ) ഡിയുപിആർ ഇന്ത്യ മാസ്റ്റേഴ്സ് ടൂർണമെന്റിനു ഡൽഹിയിൽ തുടക്കമായി. രാജ്യാന്തര താരങ്ങൾ അടക്കം 750ൽ ഏറെപ്പേരാണു മത്സരത്തിൽ പങ്കെടുക്കുന്നത്. പുതിയ താരങ്ങൾക്കു രാജ്യാന്തര റാങ്കിങ്ങിലേക്ക് ഉയർന്നുവരാനുള്ള അവസരമാണിതെന്നു സംഘാടകർ പറഞ്ഞു.
യുഎസിൽ നിന്നുള്ള ഡസ്റ്റിൻ ബോയർ, ഫ്യൂ ഹൈനൂഹ്, നെതലൻഡ്സിന്റെ റൂസ് വാൻ റീക്ക്, ഓസ്ട്രേലിയയുടെ മിച്ച് ഹാർഗ്രേസ്, ഇന്ത്യയിലെ മുൻനിര താരങ്ങളായ അർമാൻ ഭാട്ടിയ, ആദിത്യ റുഹേല തുടങ്ങിയവരെല്ലാം പങ്കെടുക്കുന്നുണ്ട്. ഡൽഹിയിലെ ആർകെ ഖന്ന ടെന്നിസ് സ്റ്റേഡിയത്തിൽ ഇന്നു ഡബിൾസ് മത്സരങ്ങളും നാളെ മിക്സ്ഡ് ഡബിൾസും നടക്കും. ഇന്നലെ സിംഗിൾസിന്റെ സെമി വരെയുള്ള മത്സരങ്ങൾ പൂർത്തിയായി. ഞായറാഴ്ചയാണ് എല്ലാ വിഭാഗങ്ങളുടെയും ഫൈനൽ. പിഡബ്ല്യുആർ 700 ഇവന്റാണ് ഡൽഹിയിൽ നടക്കുന്നതെന്നും വിജയികൾക്ക് 700 റാങ്കിങ് പോയിന്റ് വരെ ലഭിക്കുമെന്നും സിഇഒ പ്രണവ് കോലി പറഞ്ഞു.
എന്താണ് പിക്കിൾബോൾ?
ലോകമാകെ വേഗം പ്രചരിക്കുന്ന കളികളിലൊന്നാണ് പിക്കിൾബോൾ. ടെന്നിസ്, ടേബിൾ ടെന്നിസ് എന്നിവയോടു സാദൃശ്യമുള്ള കളി. ബാഡ്മിന്റൻ കോർട്ടുമായി സാമ്യമുള്ള കളത്തിലാണു മത്സരം. ടെന്നിസ് കോർട്ടിന്റെ അത്രയും ഉയരം മാത്രമുള്ള നെറ്റ്. ടേബിൾ ടെന്നിസിൽ ഉപയോഗിക്കുന്നതു പോലുള്ള, എന്നാൽ അതിനെക്കാൾ അൽപം കൂടി വലുപ്പമുള്ള ബാറ്റും (പാഡിൽ) അകം പൊള്ളയായ പ്ലാസ്റ്റിക് ബോളുമാണ് ഉപയോഗിക്കുന്നത്.
1965ൽ വാഷിങ്ടനിലെ ബ്രിജ് ഐലന്റിൽ ജോയൽ പ്രിച്ചഡ്, ബിൽബൽ, ബാർണി മക്കല്ലം എന്നിവർ ചേർന്നാണു പിക്കിൾബോൾ കളിക്കു രൂപം നൽകിയത്. 2005ൽ രൂപീകരിച്ച യുഎസ്എ പിക്കിൾബോൾ അസോസിയേഷനാണു മത്സരത്തിനു കൃത്യമായ നിയമങ്ങളും മറ്റുമുണ്ടാക്കിയത്.
English Summary:
International Stars Descend on Delhi for Pickleball Showdown
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]