
പുണെ ∙ വാഷിങ്ടൻ സുന്ദർ: 23.1 ഓവറിൽ 59ന് 7 വിക്കറ്റ്, ആർ.അശ്വിൻ: 24 ഓവറിൽ 64ന് 3 വിക്കറ്റ്– ‘തമിഴ് പയ്യൻമാരുടെ’ മാരക സ്പെല്ലുകളുടെ മികവിൽ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ന്യൂസീലൻഡിനെ 259 റൺസിനു പുറത്താക്കി ഇന്ത്യ. അർധ സെഞ്ചറിയുമായി പൊരുതിയ ഡെവൻ കോൺവേ (76), രചിൻ രവീന്ദ്ര (65) എന്നിവരുടെ ഇന്നിങ്സുകളാണ് സ്പിൻ ഭീഷണിക്കിടയിലും കിവീസിനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്.
വിക്കറ്റിലേക്കു മാത്രം തുടർച്ചയായി പന്തുകൾ, ബാറ്റർക്കു പിഴച്ചാൽ ഔട്ട്; നാലു വർഷത്തിനു ശേഷമെത്തിയ വാഷിങ്ടേൺ ബ്രില്യൻസ്!
Cricket
മറുപടി ബാറ്റിങ്ങിൽ ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 16 റൺസ് എന്ന നിലയിലാണ് ടീം ഇന്ത്യ. 6 റൺസുമായി യശസ്വി ജയ്സ്വാളും 10 റൺസുമായി ശുഭ്മൻ ഗില്ലുമാണ് ക്രീസിൽ. ക്യാപ്റ്റൻ രോഹിത് ശർമയെ (0) തുടക്കത്തിലേ നഷ്ടമായെങ്കിലും ഗിൽ– ജയ്സ്വാൾ സഖ്യം മറ്റു പരുക്കുകളില്ലാതെ ഇന്ത്യയുടെ ഒന്നാം ദിനം അവസാനിപ്പിച്ചു.
സ്പിൻ ഓൺ ട്രാക്ക്
ആദ്യ ടെസ്റ്റിലെ തിരിച്ചടി രണ്ടാം ടെസ്റ്റിലും ആവർത്തിക്കാതിരിക്കാൻ സ്പിന്നർമാർക്ക് അനുകൂലമായ പിച്ചാണ് പുണെയിൽ ടീം ഇന്ത്യ ഒരുക്കിയിരുന്നത്. ആദ്യ സെഷനിൽ തന്നെ പിച്ചിൽ സ്പിന്നർമാർക്ക് മേൽക്കൈ ലഭിച്ചു. ടോം ലാതത്തെയും (15) വിൽ യങ്ങിനെയും (18) പുറത്താക്കിയ അശ്വിൻ ആദ്യ സെഷനിൽ ഇന്ത്യയ്ക്ക് മേൽക്കൈ നൽകാൻ ശ്രമിച്ചെങ്കിലും രചിൻ– കോൺവേ കൂട്ടുകെട്ട് ഇന്ത്യയെ പ്രതിരോധത്തിലാക്കി. രണ്ടാം വിക്കറ്റിൽ 62 റൺസാണ് ഇരുവരും ചേർന്നു നേടിയത്. കോൺവേയെ അശ്വിൻ പുറത്താക്കിയെങ്കിലും നാലാം വിക്കറ്റിൽ ഡാരൽ മിച്ചലിനെ (18) കൂട്ടുപിടിച്ച് രചിൻ കിവീസിനെ മുന്നോട്ടുനയിച്ചു.
വാഷിങ്ടന്റെ വരവ്
കിവീസ് 3ന് 197ൽ നിൽക്കുമ്പോഴാണ് രണ്ടാം സ്പെല്ലിനായി വാഷിങ്ടൻ സുന്ദർ എത്തുന്നത്. വൈകാതെ മിഡിൽ സ്റ്റംപിൽ പിച്ച് ചെയ്ത് രചിന്റെ ഓഫ് സ്റ്റംപ് തെറിപ്പിച്ച സ്വപ്നതുല്യമായ പന്തിലൂടെ വാഷിങ്ടൻ വേട്ടതുടങ്ങി. പിന്നാലെയെത്തിയ ബാറ്റർമാരെല്ലാം വാഷിങ്ടന്റെ കൃത്യതയാർന്ന ബോളിങ്ങിനു മുന്നിൽ പിടിച്ചുനിൽക്കാനാകാതെ മടങ്ങി. വാഷിങ്ടൻ നേടിയ 7 വിക്കറ്റിൽ അഞ്ചും ബോൾഡായിരുന്നു. വാലറ്റത്തു പൊരുതിയ മിച്ചൽ സാന്റ്നറുടെ (33) ഇന്നിങ്സാണ് കിവീസ് സ്കോർ 250 കടത്തിയത്.
വിരാട് കോലിയുടെ വാക്കു കേട്ടില്ല, ഡിആർഎസ് എടുത്ത് രോഹിത്; റീപ്ലേയിൽ നോട്ടൗട്ട്
Cricket
കരുതലോടെ ഇന്ത്യ
കൂറ്റൻ സ്കോറിലേക്ക് കുതിക്കുമെന്നു തോന്നിച്ച സന്ദർശക ടീമിനെ 260ൽ താഴെ ഒതുക്കാൻ സാധിച്ചതിന്റെ ആത്മവിശ്വാസത്തിൽ ഇറങ്ങിയ ഇന്ത്യയ്ക്കു തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ രോഹിത് ശർമയെ നഷ്ടമായി. ടിം സൗത്തിയുടെ ഔട്ട് സ്വിങ്ങർ രോഹിത്തിന്റെ ഓഫ് സ്റ്റംപ് ഇളക്കി.
∙ ടെസ്റ്റിൽ ആദ്യമായാണ് ഒരു ഇന്നിങ്സിലെ 10 വിക്കറ്റും ഇന്ത്യയുടെ വലംകൈ ഓഫ് സ്പിന്നർമാർ നേടുന്നത്. കിവീസിന്റെ ഒന്നാം ഇന്നിങ്സിലെ 10 വിക്കറ്റും പങ്കിട്ടെടുത്തത് വാഷിങ്ടനും അശ്വിനും ചേർന്നായിരുന്നു.
English Summary:
India vs New Zealand Second Test, Day 2 Updates