
പുണെ ∙ മേലെ തെളിഞ്ഞ ആകാശം, താഴെ കറുത്തമണ്ണിൽ സ്പിന്നർമാർക്ക് അരങ്ങുവാഴാൻ തയാറാക്കിയിരിക്കുന്ന പിച്ച്, ഒപ്പം ടീമിൽ 3 സ്പിന്നർമാരും ! ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റിലേറ്റ അപ്രതീക്ഷിത തോൽവിയുടെ ക്ഷീണം മാറ്റാൻ, അരങ്ങ് തങ്ങൾക്ക് അനുകൂലമായി ഒരുക്കിയാണ് ടീം ഇന്ത്യ രണ്ടാം ടെസ്റ്റിനായി ഇന്നിറങ്ങുന്നത്. ബെംഗളൂരുവിൽ നടന്ന ആദ്യ ടെസ്റ്റിൽ പേസർമാർക്ക് അപ്രതീക്ഷിത മേൽക്കൈ ലഭിച്ചത് ഇന്ത്യയുടെ കണക്കുകൂട്ടലുകൾ മുഴുവൻ തെറ്റിച്ചിരുന്നു. ഇതോടെയാണ് രണ്ടാം ടെസ്റ്റിനുള്ള പിച്ച് സ്പിന്നർമാർക്ക് ആധിപത്യം ലഭിക്കുന്ന രീതിയിൽ ഒരുക്കാൻ ടീം മാനേജ്മെന്റ് തീരുമാനിച്ചത്.
ടോസ് ഒപ്പം നിന്നാൽ ആദ്യ മത്സരത്തിലേറ്റ തോൽവി രണ്ടാം ടെസ്റ്റിൽ ഇന്നിങ്സ് ജയത്തോടെ മറന്ന്, 3 മത്സര പരമ്പരയിൽ കിവീസിന് ഒപ്പമെത്താൻ ഇന്ത്യയ്ക്ക് സാധിക്കും. മറുവശത്ത് ബാറ്റർമാരുടെ ഫോമും പേസർമാരുടെ കരുത്തുമായി എത്തിയ കിവീസിന് ഇന്ത്യയിൽ കന്നി ടെസ്റ്റ് പരമ്പര നേടാനുള്ള സുവർണാവസരമാണിത്. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രാവിലെ 9.30 മുതലാണ് മത്സരം. സ്പോർട്സ് 18 ചാനലിലും ജിയോ സിനിമ ആപ്പിലും തത്സമയം.
∙ നാലാമൻ ആര്?
ആദ്യ ടെസ്റ്റിൽ ശുഭ്മൻ ഗിൽ പരുക്കുമൂലം പുറത്തിരുന്നതോടെ വിരാട് കോലി മൂന്നാം നമ്പറിലും സർഫറാസ് ഖാൻ നാലാം നമ്പറിലും ഇറങ്ങിയിരുന്നു. ഗിൽ തിരിച്ചെത്തുന്നതോടെ കോലി നാലാം നമ്പറിലേക്കും സർഫറാസ് ടീമിനു പുറത്തേക്കും മടങ്ങിയേക്കും. ഇനി സർഫറാസിനെ തുടരാൻ അനുവദിച്ചാൽ കോലി തന്റെ പ്രിയപ്പെട്ട നാലാം നമ്പറിലേക്ക് തിരിച്ചുപോകുമോ എന്നു കണ്ടറിയണം. കെ.എൽ.രാഹുലിനെ പിന്തുണയ്ക്കാനാണ് പരിശീലകൻ ഗൗതം ഗംഭീറിന്റെ തീരുമാനമെന്നിരിക്കെ, ബാറ്റിങ് ഓർഡറിൽ കാര്യമായ പൊളിച്ചെഴുത്ത് ഉണ്ടാകില്ല.
∙ വാഷിങ്ടൻ ഇൻ?
ആദ്യ ടെസ്റ്റിൽ കാര്യമായ ഇംപാക്ട് സൃഷ്ടിക്കാൻ സാധിക്കാതിരുന്ന കുൽദീപ് യാദവിനു പകരം വാഷിങ്ടൻ സുന്ദർ ആദ്യ ഇലവനിൽ എത്തിയേക്കും. ബാറ്റിങ്ങിലെ മിടുക്കും കിവീസ് നിരയിൽ ഇടംകൈ ബാറ്റർമാർ കൂടുതലായി ഉള്ളതും ഓഫ് സ്പിന്നറായ വാഷിങ്ടന്റെ സാധ്യത കൂട്ടുന്നു. ഇനി ബാറ്റിങ്ങിൽ ഒരു ഇടംകയ്യനെയാണ് ആവശ്യമെങ്കിൽ അക്ഷർ പട്ടേലിന് നറുക്കുവീഴും.
∙ മാറ്റമില്ലാതെ കിവീസ്
സീനിയർ താരം കെയ്ൻ വില്യംസൻ രണ്ടാം ടെസ്റ്റിലും പരുക്കുമൂലം പുറത്തിരിക്കുന്നതോടെ ടീമിൽ കാര്യമായ മാറ്റങ്ങളില്ലാതെയാണ് കിവീസ് ഇറങ്ങുക. സ്പിൻ സ്പെഷലിസ്റ്റായി അജാസ് പട്ടേലും സ്പിൻ ബോളിങ് ഓൾറൗണ്ടർമാരായി രചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്സ് എന്നിവരും ടീമിലുള്ള ന്യൂസീലൻഡിന് ഒരു എക്സ്ട്രാ സ്പിന്നറെക്കൂടി പുണെയിൽ ഇറക്കണമെന്നു തോന്നിയാൽ മാറ്റ് ഹെൻറിക്കോ വില്യം ഒ റോക്കിനോ പകരം മിച്ചൽ സാന്റ്നർ ആദ്യ ഇലവനിൽ എത്തും. ബാറ്റിങ് നിരയിൽ പൊളിച്ചെഴുത്തിനു സാധ്യതയില്ല.
∙ പിച്ച് റിപ്പോർട്ട്
സ്പിന്നർമാരെ സഹായിക്കുന്ന കറുത്ത മണ്ണിൽ തയാറാക്കിയിരിക്കുന്ന പിച്ചാണ് പുണെയിലേത്. ആദ്യത്തെ 2 ദിവസം ബാറ്റിങ്ങിനും അടുത്ത 3 ദിവസം സ്പിന്നർമാർക്കും ആനുകൂല്യം ലഭിക്കും. വൈകുന്നേരങ്ങളിൽ മൂടിക്കെട്ടിയ കാലാവസ്ഥയാണെങ്കിലും 5 ദിവസവും മഴയ്ക്കു സാധ്യതയില്ലെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്.
∙ ടോസ് കിട്ടിയാൽ ബാറ്റിങ്
പുണെ പിച്ചിൽ 4–5 ദിവസങ്ങളിൽ ബാറ്റിങ് അതീവ ദുഷ്കരമാകാറാണ് പതിവ്. അതിനാൽ ടോസ് നേടുന്ന ടീം ബാറ്റിങ് തിരഞ്ഞെടുത്ത് പരമാവധി സ്കോർ ഒന്നാം ഇന്നിങ്സിൽ തന്നെ കണ്ടെത്താൻ ശ്രമിക്കും. ഇതുവരെ രണ്ടു ടെസ്റ്റ് മത്സരങ്ങൾക്കു മാത്രമേ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം വേദിയായിട്ടുള്ളൂ. ആദ്യത്തേത് 2017ൽ. അന്ന് ഇന്ത്യ ഓസ്ട്രേലിയയോട് 333 റൺസിന് തോറ്റു. 2019ൽ നടന്ന രണ്ടാം മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഇന്നിങ്സിനും 137 റൺസിനും തോൽപിച്ചു.
English Summary:
India vs New Zealand, 2nd Test, Day 1 – Live Cricket Score
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]