
പെർത്ത്∙ ഇന്ത്യ – ഓസ്ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഓസീസ് പേസ് ബോളർ മിച്ചൽ സ്റ്റാർക്കിനെ ‘ട്രോളി’ ഇന്ത്യയുടെ യുവ ഓപ്പണർ യശസ്വി ജയ്സ്വാൾ. ഓസീസിനെതിരെ 46 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി ഇന്ത്യ രണ്ടാം ഇന്നിങ്സ് ആരംഭിച്ചതിനു പിന്നാലെയായിരുന്നു സംഭവം. ലോകത്തിലെ ഏറ്റവും മികച്ച ഇടംകൈ ബോളർമാരിൽ ഒരാളായ സ്റ്റാർക്കിനെ, ‘പന്തിനു തീരെ വേഗം പോരാ’ എന്നു പറഞ്ഞാണ് ജയ്സ്വാൾ പരിഹസിച്ചത്. ചെറുചിരിയോടെ അടുത്ത പന്തിന്റെ റണ്ണപ്പിനായി നടന്നുനീങ്ങിയ സ്റ്റാർക്ക്, കാര്യമായ പ്രതികരണത്തിനു മുതിർന്നതുമില്ല.
മത്സരത്തിൽ ഓസ്ട്രേലിയ ബാറ്റു ചെയ്യുന്നതിനിടെ മിച്ചൽ സ്റ്റാർക്ക് ഹർഷിത് റാണയോടു നടത്തിയ പരാമർശത്തിനുള്ള പരോക്ഷ പരിഹാസമാണ് ജയ്സ്വാളിന്റെ മറുപടി. തുടർച്ചയായി ബൗൺസറുകളെറിഞ്ഞ് പരീക്ഷിച്ച റാണയെ, നിന്നേക്കാൾ വേഗത്തിൽ പന്തെറിയാൻ തനിക്കാകുമെന്ന് പറഞ്ഞാണ് സ്റ്റാർക്ക് നേരിട്ടത്. മാത്രമല്ല, ഇന്ത്യ ബാറ്റിങ്ങിന് ഇറങ്ങുമ്പോൾ ഇതേ അനുഭവമുണ്ടാകുമെന്നു മുന്നറിയിപ്പും നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ്, സ്റ്റാർക്കിന്റെ പന്തിനു വേഗമില്ലെന്ന ജയ്സ്വാളിന്റെ പരിഹാസം.
തകർപ്പൻ ബാറ്റിങ് പ്രകടനവുമായി ക്രീസിൽ തുടരുന്ന ജയ്സ്വാൾ, ടെസ്റ്റിലെ ഒൻപതാം അർധസെഞ്ചറിയും പൂർത്തിയാക്കി. ഇതുവരെ 167 പന്തുകൾ നേരിട്ട ജയ്സ്വാൾ, ആറു ഫോറും ഒരു സിക്സും സഹിതം 71 റൺസുമായി ക്രീസിലുണ്ട്. ഓപ്പണിങ് വിക്കറ്റിൽ കെ.എൽ. രാഹുലിനൊപ്പം രണ്ടു പതിറ്റാണ്ടിനു ശേഷം ഇന്ത്യയ്ക്കായി ഓസീസ് മണ്ണിൽ സെഞ്ചറി കൂട്ടുകെട്ടു തീർക്കാനും ജയ്സ്വാളിനായി. 48 ഓവർ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 131 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ടെസ്റ്റിലെ 16–ാം അർധസെഞ്ചറി പൂർത്തിയാക്കിയ രാഹുലും ക്രീസിലുണ്ട്.
Jaiswal to Starc: ‘It’s coming too slow.’ 💀 #Confidence #INDvsAUS #Jaiswal pic.twitter.com/ilhgLUlmL6
— Raftar Ahmed (@raftar___21) November 23, 2024
ഇന്ത്യൻ ഇന്നിങ്സിലെ 19–ാം ഓവറിലാണ് ഓസീസിന്റെ വെറ്ററൻ ബോളറെ ഇന്ത്യയുടെ യുവ ഓപ്പണർ പരിഹസിക്കുന്ന കൗതുകകരമായ സംഭവമുണ്ടായത്. ഓവറിലെ മൂന്നാം പന്തിൽ സ്റ്റാർക്കിനെതിരെ ബാക്ക്വാഡ് സ്ക്വയറിലൂടെ ജയ്സ്വാളിന്റെ തകർപ്പൻ ബൗണ്ടറി. പിന്നാലെ 141 കിലോമീറ്റർ വേഗതയിലെത്തിയ പന്ത് ജയ്സ്വാളിനെ ബീറ്റ് ചെയ്തു.
Mitch Starc offers a little warning to Harshit Rana 😆#AUSvIND pic.twitter.com/KoFFsdNbV2
— cricket.com.au (@cricketcomau) November 23, 2024
അഞ്ചാം പന്തിൽ സ്റ്റാർക്കിന്റെ പന്ത് പിന്നിലേക്കിറങ്ങി പ്രതിരോധിച്ചതിനു പിന്നാലെയാണ്, പന്തിനു വേഗം പോരെന്ന് ജയ്സ്വാൾ പരിഹസിച്ചത്. ഓവർ പൂർത്തിയാകുമ്പോൾ 66 പന്തിൽ 37 റൺസുമായി ക്രീസിൽ നിൽക്കുകയായിരുന്ന ജയ്സ്വാൾ, പിന്നാലെ അർധസെഞ്ചറി പൂർത്തിയാക്കി. 123 പന്തിൽ അഞ്ച് ഫോറുകളോടെയാണ് ജയ്സ്വാൾ ടെസ്റ്റിലെ 9–ാം അർധസെഞ്ചറി പൂർത്തിയാക്കിയത്. രണ്ടാം ഇന്നിങ്സിൽ ഇതുവരെ ഇന്ത്യ നേടിയ ഒരേയൊരു സിക്സർ, ജയ്സ്വാൾ സ്റ്റാർക്കിനെതിരെ നേടിയതാണെന്ന പ്രത്യേകതയുമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]