
പെർത്ത് ∙ പേസ് ബോളർമാരുടെ പറുദീസയായി മാറിയ പെർത്തിൽ, ഓസീസ് ബാറ്റർമാരുടെ ശനിദശ തുടരുന്നു. ഒന്നാം ദിനം ഏഴിന് 67 റൺസ് എന്ന നിലയിൽ ബാറ്റിങ് അവസാനിപ്പിച്ച ഓസ്ട്രേലിയയ്ക്ക്, ഇന്ന് മൂന്നു റൺസ് കൂടി ചേർക്കുമ്പോഴേയ്ക്കും എട്ടാം വിക്കറ്റും നഷ്ടമായി. 41 പന്തിൽ മൂന്നു ഫോർ സഹിതം 21 റൺസുമായി ഓസീസിന്റെ ടോപ് സ്കോററായ അലക്സ് ക്യാരിയാണ് ഇന്ന് ആദ്യം പുറത്തായത്. ഇന്ത്യൻ നായകൻ ജസ്പ്രീത് ബുമ്രയുടെ പന്തിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് ക്യാച്ച് സമ്മാനിച്ചാണ് ക്യാരിയുടെ മടക്കം.
ഇതുവരെ 12 ഓവറിൽ നാല് മെയ്ഡൻ സഹിതം 21 റണ്സ് വഴങ്ങിയാണ് ബുമ്ര അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. മുഹമ്മദ് സിറാജിന് രണ്ടും ഹർഷിത് റാണയ്ക്ക് ഒരു വിക്കറ്റും ലഭിച്ചു. ഓസീസ് നിരയിൽ അലക്സ് ക്യാരിക്കു പുറമേ ഇതുവരെ രണ്ടക്കം കണ്ടത് ഓപ്പണർ നേഥൻ മക്സ്വീനി (13 പന്തിൽ 10), ട്രാവിസ് ഹെഡ് (13 പന്തിൽ 11), മിച്ചൽ സ്റ്റാർക്ക് (10*) എന്നിവർ മാത്രം. ഓപ്പണർ ഉസ്മാൻ ഖവാജ (19 പന്തിൽ എട്ട്), മാർനസ് ലബുഷെയ്ൻ (52 പന്തിൽ രണ്ട്), സ്റ്റീവ് സ്മിത്ത് (0), മിച്ചൽ മാർഷ് (19 പന്തിൽ ആറ്), പാറ്റ് കമിൻസ് (അഞ്ച് പന്തിൽ മൂന്ന്) എന്നിവർ മാത്രം.
∙ ആദ്യ ദിനം വീണത് 17 വിക്കറ്റുകൾ
നേരത്തെ, ഉയർത്തിപ്പിടിച്ച സീമിൽ പൊടിക്ക് സ്വിങ്ങും ആവശ്യത്തിലധികം പേസും മേമ്പൊടിയായി എക്സ്ട്രാ ബൗൺസും ചാലിച്ച്, പച്ച വിരിച്ച പെർത്തിലെ പിച്ച് ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും പേസർമാർ ഉഴുതുമറിച്ചപ്പോൾ ബോർഡർ– ഗാവസ്കർ ട്രോഫിയുടെ ഒന്നാം ദിനം വീണത് 17 വിക്കറ്റുകൾ ! 17ഉം വീഴ്ത്തിയത് പേസർമാർ തന്നെ. ഇരുടീമിലെയും പേസർമാരുടെ സമ്പൂർണ ആധിപത്യം കണ്ട ദിവസം രണ്ടക്ക സ്കോർ നേടാൻ സാധിച്ചത് 7 ബാറ്റർമാർക്കു മാത്രം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ 4 വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹെയ്സൽവുഡും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ മിച്ചൽ സ്റ്റാർക്, മിച്ചൽ മാർഷ്, പാറ്റ് കമിൻസ് എന്നിവരും ചേർന്ന് 150 റൺസിൽ പുറത്താക്കി.
മറുപടി ബാറ്റിങ്ങിൽ ജസ്പ്രീത് ബുമ്രയുടെ 4 വിക്കറ്റ് നേട്ടത്തിലൂടെ ഇന്ത്യ തിരിച്ചടിച്ചു. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ 7ന് 67 എന്ന നിലയിലാണ് ഓസ്ട്രേലിയ. 72 വർഷത്തിനിടെ ഓസ്ട്രേലിയയിൽ ഒരു ടെസ്റ്റ് മത്സരത്തിന്റെ ആദ്യദിനം ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീണ റെക്കോർഡും ഈ മത്സരം സ്വന്തമാക്കി.
∙ പേസ് ബോസ്
ഓപ്പണർ യശസ്വി ജയ്സ്വാളിനെ (0) മൂന്നാം ഓവറിലെ ആദ്യ പന്തിൽ നേഥൻ മക്സ്വീനിയുടെ കൈകളിൽ എത്തിച്ച മിച്ചൽ സ്റ്റാർക് ആദ്യ മിനിറ്റിൽ തന്നെ പിച്ചിന്റെ സ്വഭാവം കാട്ടിത്തന്നു. പിന്നീടങ്ങോട്ട് ഓസീസ് പേസർമാർക്കു മുന്നിൽ ദയനീയമായി പരാജയപ്പെട്ട ഇന്ത്യൻ ബാറ്റർമാർ നിസ്സഹായരായി മടങ്ങി. 23 പന്ത് നേരിട്ടിട്ടും റണ്ണൊന്നും നേടാനാകാതെ പുറത്തായ ദേവ്ദത്ത് പടിക്കലിനു പിന്നാലെ 5 റൺസുമായി വിരാട് കോലിയും മടങ്ങി. ഇത്തവണയും കോലി വീണതു ജോഷ് ഹെയ്സൽവുഡിന്റെ പന്തിൽ.
നാലാം വിക്കറ്റിൽ ഋഷഭ് പന്തിനൊപ്പം (37) പ്രതിരോധം തീർത്ത കെ.എൽ.രാഹുലിന്റെ (26) വിവാദ പുറത്താകൽ കൂടിയായപ്പോൾ ഇന്ത്യ 4ന് 47 എന്ന നിലയിലായി. പിന്നാലെ ധ്രുവ് ജുറേലും (11) വാഷിങ്ടൻ സുന്ദറും (4) വീണതോടെ സ്കോർ 6ന് 73. ഏഴാം വിക്കറ്റിൽ അരങ്ങേറ്റക്കാരൻ നിതീഷ് കുമാർ റെഡ്ഡിക്കൊപ്പം (41) ഋഷഭ് പന്ത് നടത്തിയ പ്രത്യാക്രമണമാണ് ഇന്ത്യൻ ടോട്ടൽ 100 കടത്തിയത്. 41 റൺസ് നേടിയ നിതീഷാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
∙ ബുമ്ര മാജിക്
പൊരുതാനുള്ള സ്കോർ പോലുമില്ലാതെ ബോളിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ പ്രതീക്ഷകൾ മുഴുവൻ ക്യാപ്റ്റൻ ജസ്പ്രീത് ബുമ്രയിലായിരുന്നു. പതിവു തെറ്റിക്കാതെ ബുമ്ര ആ വിശ്വാസം കാത്തു. ഉഗ്രനൊരു ഔട്ട് സ്വിങ്ങറിലൂടെ ഉസ്മാൻ ഖവാജയെ (8) സ്ലിപ്പിൽ വിരാട് കോലിയുടെ കയ്യിലെത്തിച്ച ബുമ്ര, അരങ്ങേറ്റക്കാരൻ മക്സ്വീനിയെ (10) വിക്കറ്റിനു മുന്നിൽ കുരുക്കി. തൊട്ടടുത്ത പന്തിൽ മധ്യനിരയിലെ വിശ്വസ്തൻ സ്റ്റീവ് സ്മിത്തിനെ (0) പുറത്താക്കിയ ബുമ്ര ഓസീസിനെ 3ന് 19 എന്ന നിലയിലേക്കു തള്ളിയിട്ടു. ടെസ്റ്റ് കരിയറിൽ ഇതു രണ്ടാം തവണ മാത്രമാണ് സ്റ്റീവ് സ്മിത്ത് ഗോൾഡൻ ഡക്കായി (നേരിട്ട ആദ്യ പന്തിൽ) പുറത്താകുന്നത്.
വൈകാതെ ട്രാവിസ് ഹെഡിനെ (11) ഹർഷിത് റാണയും മാർനസ് ലബുഷെയ്നെയും (2) മിച്ചൽ മാർഷിനെയും (6) മുഹമ്മദ് സിറാജും പുറത്താക്കി. കമിൻസിനെ (3) തന്റെ രണ്ടാം സ്പെല്ലിനെത്തിയ ബുമ്രയും പുറത്താക്കിയതോടെ ഓസീസ് 7ന് 59 എന്ന നിലയിലായി. അലക്സ് ക്യാരി (19 നോട്ടൗട്ട്), മിച്ചൽ സ്റ്റാർക് (6 നോട്ടൗട്ട്) എന്നിവരാണ് ക്രീസിൽ.
English Summary:
Australia vs India, 1st Test, Day 2 – Live Updates
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]