മലാഗ (സ്പെയിൻ) ∙ വിജയത്തോടെ ടെന്നിസിനോടു വിടപറയാമെന്ന റാഫേൽ നദാലിന്റെ മോഹം സഫലമായില്ല. ഡേവിസ് കപ്പ് മത്സരത്തിലെ തോൽവിയോടെ മുപ്പത്തിയെട്ടുകാരൻ നദാൽ പ്രഫഷനൽ ടെന്നിസിൽനിന്നു വിരമിച്ചു. ഡേവിസ് കപ്പ് ക്വാർട്ടർ ഫൈനലിൽ നെതർലൻഡ്സിനു വേണ്ടി സ്പെയിനിന്റെ ആദ്യ സിംഗിൾസ് മത്സരത്തിനിറങ്ങിയ നദാൽ ഇരുപത്തിയൊൻപതുകാരൻ ബോട്ടിക് വാൻ ഡെ സാൻഡ്ഷുൽപിനു മുന്നിലാണ് തോൽവിയറിഞ്ഞത്. സ്കോർ: 6–4,6–4.
രണ്ടാം സിംഗിൾസ് മത്സരത്തിൽ കാർലോസ് അൽകാരസ് ഡച്ച് താരം ടാലൻ ഗ്രീക്സ്പോറിനെ തോൽപിച്ചെങ്കിലും (7–6, 6–3) പിന്നാലെ നിർണായകമായ ഡബിൾസിൽ അൽകാരസ്–മാർസൽ ഗ്രനോലേഴ്സ് സഖ്യം വെസ്ലി കൂൽഹോഫ്–സാൻഡ്ഷുൽപ് സഖ്യത്തോടു പരാജയപ്പെട്ടു (7–6, 7–6). ഇതോടെ 2–1നു ജയിച്ച നെതർലൻഡ്സ് സെമിഫൈനലിലേക്കു മുന്നേറി. ‘‘ സ്പെയിനിലെ ഒരു ചെറുഗ്രാമത്തിൽ നിന്നുള്ള കുട്ടിയായിരുന്നു ഞാൻ. പക്ഷേ ഭാഗ്യം എനിക്കു കൂട്ടുണ്ടായിരുന്നു. എന്റെ അമ്മാവൻ ടെന്നിസ് പരിശീലകനായിരുന്നു. കുടുംബവും കൂട്ടുകാരും എനിക്കൊപ്പമുണ്ടായിരുന്നു..’’– മലാഗയിലെ ഹോസെ മരിയ മാർട്ടിൻ കാർപിന അരീനയിൽ നിറഞ്ഞു കവിഞ്ഞ ഗാലറിയെ സാക്ഷി നിർത്തി നദാലിന്റെ വാക്കുകൾ. നദാലിന്റെ അമ്മ അന്ന മരിയ പെരേര, ഭാര്യ മരിയ ഫ്രാൻസിസ്കോ പെരെല്ലോ തുടങ്ങിയവരെല്ലാം മത്സരം കാണാനെത്തിയിരുന്നു.
നദാലിന്റെ കരിയർ
ജയം: 1080
തോൽവി: 228
വിജയശതമാനം: 82.5
കിരീടങ്ങൾ
എടിപി ട്രോഫികൾ: 92
ഗ്രാൻസ്ലാം കിരീടം: 22
മാസ്റ്റേഴ്സ് ട്രോഫി: 36
ഒളിംപിക്സ് സ്വർണം: 2
ഡേവിസ് കപ്പ് : 4
ഗ്രാൻസ്ലാം നേട്ടങ്ങൾ
ഫ്രഞ്ച് ഓപ്പൺ: 14
യുഎസ് ഓപ്പൺ: 4
വിമ്പിൾഡൻ: 2
ഓസ്ട്രേലിയൻ
ഓപ്പൺ: 2
2004ൽ ഡേവിസ് കപ്പിലെ എന്റെ അരങ്ങേറ്റ മത്സരത്തിൽ ഞാൻ പരാജയപ്പെട്ടു. ഇപ്പോഴിതാ അവസാന മത്സരത്തിലും പരാജയപ്പെട്ടിരിക്കുന്നു. ഒരു കാലചക്രം പൂർത്തിയായിരിക്കുന്നു എന്നു പറയാം.
റാഫേൽ നദാൽ
( 2004ൽ ചെക്ക് റിപ്പബ്ലിക് താരം ജിറി നൊവാക്കിനോടായിരുന്നു പതിനെട്ടുകാരൻ നദാലിന്റെ തോൽവി. അതിനു ശേഷം തുടരെ 29 സിംഗിൾസ് മത്സരങ്ങൾ വിജയിച്ചതിനു ശേഷമാണ് ഇന്നലെ അവസാന മത്സരത്തിൽ തോൽവി)
English Summary:
Rafael Nadal retires from professional Tennis
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]