
തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) ഒത്തുകളിക്കാൻ 2 കളിക്കാർക്കു കോഴ വാഗ്ദാനം ചെയ്തെന്ന പരാതികളിൽ പൊലീസ് അന്വേഷണം കേരളത്തിനു പുറത്തേക്കു വ്യാപിപ്പിക്കുന്നു. കോഴ വാഗ്ദാനം ചെയ്ത് കളിക്കാരിലൊരാളുടെ ഫോണിൽ സന്ദേശമെത്തിയത് ഛത്തീസ്ഗഡിൽ നിന്നാണെന്നു തെളിഞ്ഞതോടെയാണിത്. വഞ്ചന, കേരള ഗെയ്മിങ്, ഐടി ചട്ടങ്ങൾ പ്രകാരം ഫോർട്ട്, കന്റോൺമെന്റ് സ്റ്റേഷനുകളിലാണു കേസെടുത്തിരിക്കുന്നത്.
ടൂർണമെന്റ് ചാംപ്യൻമാരായ ഏരീസ് കൊല്ലം സെയ്ലേഴ്സ് ടീമംഗം അമൽ രമേശ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് അംഗം അഖിൽ സ്കറിയ എന്നിവരുടെ ഫോണുകളിലേക്കാണു കോഴ വാഗ്ദാനം ചെയ്ത് വാട്സാപ്, ഇൻസ്റ്റഗ്രാം സന്ദേശങ്ങളെത്തിയത്. വൈഡ്, നോബോൾ എന്നിവ എറിഞ്ഞാൽ ഓരോ പന്തിനും ഒരു ലക്ഷം രൂപയായിരുന്നു അമലിനുള്ള വാഗ്ദാനം. വാട്സാപ് സന്ദേശം ഛത്തീസ്ഗഡിൽ നിന്നാണെന്നു കണ്ടെത്തിയിട്ടുണ്ട്.
ഇൻസ്റ്റഗ്രാം വഴിയാണ് അഖിലിനു സന്ദേശമെത്തിയത്. സ്പോൺസർഷിപ് കരാറുമായി ബന്ധപ്പെട്ട വിവരങ്ങൾക്കെന്ന പേരിൽ അഖിലിനെ ബന്ധപ്പെട്ടവർ പിന്നീട് കോഴ വാഗ്ദാനം ചെയ്തു. തങ്ങൾ ആവശ്യപ്പെടുന്ന രീതിയിൽ ഒരു ഓവർ എറിഞ്ഞാൽ 5 ലക്ഷം നൽകാമെന്നായിരുന്നു വാഗ്ദാനം. സന്ദേശത്തിന്റെ ഉറവിടം പൊലീസ് പരിശോധിക്കുകയാണ്.
കളിക്കാർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ടീം അധികൃതർ ബിസിസിഐ അഴിമതി വിരുദ്ധ വിഭാഗത്തെ ബന്ധപ്പെട്ടു. ബിസിസിഐ നൽകിയ പരാതികളിലാണു പൊലീസ് കേസെടുത്തത്. സന്ദേശമയച്ചവരുടെ വിവരങ്ങൾക്കായി ഇൻസ്റ്റഗ്രാം, വാട്സാപ് എന്നിവയുടെ നോഡൽ ഓഫിസർമാരെ പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്.
English Summary:
Match fixing offer in KCL investigation begins
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]