ചെന്നൈ ∙ മുന്നിൽ ജസ്പ്രീത് ബുമ്രയെന്ന ബ്രഹ്മാസ്ത്രം. ഒപ്പം മുഹമ്മദ് സിറാജും ആകാശ് ദീപും. അതിവേഗ പന്തുകൾക്കു പറുദീസയായി മാറിയ ചെപ്പോക്കിലെ പിച്ചിൽ ഇന്ത്യൻ പേസർമാർ ബംഗ്ലദേശ് ബാറ്റിങ് നിരയെ പൊളിച്ചടുക്കി. ഒന്നാം ഇന്നിങ്സിൽ 376 റൺസ് നേടി ഇന്ത്യൻ ബാറ്റർമാർ വേരുപിടിച്ച മണ്ണിൽ മറുപടി ബാറ്റിങ്ങിൽ ബംഗ്ലദേശ് 149 റൺസിൽ തകർന്നടിഞ്ഞു. ബംഗ്ലദേശിനെ ഫോളോ ഓണിന് അയയ്ക്കാതെ വീണ്ടും ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ടാംദിനം അവസാനിക്കുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 81 റൺസെടുത്തിട്ടുണ്ട്. ശുഭ്മൻ ഗില്ലും (33) ഋഷഭ് പന്തുമാണ് (12) ക്രീസിൽ.
227 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് അടക്കം 308 റൺസിന്റെ മേൽക്കൈ നേടിക്കഴിഞ്ഞ ഇന്ത്യ മത്സരം ഏറക്കുറെ വരുതിയിലാക്കി. ആകെ 17 വിക്കറ്റുകൾ വീണ രണ്ടാം ദിനത്തിലെ സൂപ്പർസ്റ്റാർ 4 വിക്കറ്റ് വീഴ്ത്തിയ ബുമ്രയായിരുന്നു. മുഹമ്മദ് സിറാജും ആകാശ് ദീപും രവീന്ദ്ര ജഡേജയും 2 വിക്കറ്റ് വീതം നേടി. രാജ്യാന്തര ക്രിക്കറ്റിൽ 400 വിക്കറ്റുകളെന്ന നാഴികക്കല്ലും ബുമ്ര ഇന്നലെ സ്വന്തമാക്കി. സ്കോർ: ഇന്ത്യ– 376, 3ന് 81. ബംഗ്ലദേശ്–149
∙ ബോളിങ് ബ്രില്യൻസ് !
ബുമ്രയുടെ പന്ത് പുറത്തേക്കു പോകുമെന്നു കരുതി ബാറ്റുയർത്തി നിൽക്കെ, സ്റ്റംപ് തെറിക്കുന്നതു കണ്ട് ഞെട്ടിയ ഓപ്പണർ ഷദ്മാൻ ഇസ്ലാമിന്റെ നിസ്സഹായതയായിരുന്നു ഇന്നലെ ബംഗ്ലദേശ് ബാറ്റർമാരുടെയെല്ലാം മുഖത്ത്. സ്വിങ് ചെയ്ത് ഗതിമാറിയെത്തിയ പന്തുകൾക്കു മുന്നിൽ പ്രതിരോധം പാളിയ പലരും വിക്കറ്റ് പോയതു പോലുമറിഞ്ഞില്ല! ഇന്നിങ്സിന്റെ ആദ്യ ഓവറിലെ അവസാന പന്തിലാണ് ബുമ്രയുടെ ഇൻസ്വിങർ ഷദ്മാന്റെ വിക്കറ്റ് തെറിപ്പിച്ചത് (2). കുൽദീപ് യാദവിനെ പുറത്തിരുത്തി മൂന്നാം പേസറായി തന്നെ ഉൾപ്പെടുത്തിയ ടീം മാനേജ്മെന്റിന്റെ തീരുമാനം ശരിവയ്ക്കാൻ ബംഗാൾ പേസർ ആകാശ് ദീപിന് വേണ്ടിവന്നത് വെറും 2 പന്തുകൾ. തന്റെ രണ്ടാം ഓവറിലെ ആദ്യ പന്തിൽ സാക്കിർ ഹസനെയും (3) അടുത്ത പന്തിൽ മോമിനുൽ ഹഖിനെയും (0) ബോൾഡാക്കിയായിരുന്നു ആകാശിന്റെ പ്രഹരം.
ക്യാപ്റ്റൻ നജ്മുൽ ഷാന്റോയെയും (20) മുഷ്ഫിഖുർ റഹിമിനെയും (8) അടുത്തടുത്ത ഓവറുകളിൽ സിറാജും ബുമ്രയും പുറത്താക്കിയതോടെ 5ന് 40 എന്ന നിലയിൽ ബംഗ്ലദേശ് തകർന്നു. ഒരു മാസം മുൻപ് റാവൽപിണ്ടിയിൽ പാക്കിസ്ഥാനെതിരായ ടെസ്റ്റിൽ 26 റൺസിനിടെ 6 വിക്കറ്റുകൾ നഷ്ടമായശേഷം അതിശയകരമായി തിരിച്ചടിച്ച ബംഗ്ലദേശ് ഇന്നലെയും ഒരു തിരിച്ചുവരവ് സ്വപ്നം കണ്ടു. അന്ന് സെഞ്ചറി നേടി ടീമിനെ രക്ഷിച്ച ലിറ്റൻ ദാസ്, ഷാക്കിബുൽ ഹസനൊപ്പം ചേർന്ന് ചെറുത്തുനിൽപിനു ശ്രമിച്ചു നോക്കി.
പേസർമാരെ അനായാസം നേരിട്ട ഇവരുടെ കൂട്ടുകെട്ട് പൊളിക്കാൻ രോഹിത് ശർമ രംഗത്തിറക്കിയത് രവീന്ദ്ര ജഡേജയെയാണ്. ആറാം വിക്കറ്റിൽ 51 റൺസ് കൂട്ടുകെട്ടുണ്ടാക്കിയ ഇരുവരെയും 2 ഓവറുകളുടെ വ്യത്യാസത്തിൽ ജഡേജ പുറത്താക്കിയതോടെ ബംഗ്ലദേശിന്റെ അവസാന പ്രതീക്ഷയും അവസാനിച്ചു. മെഹ്ദി ഹസൻ (27 നോട്ടൗട്ട്) അവസാനം വരെ പിടിച്ചുനിന്നെങ്കിലും പിന്തുണയ്ക്ക് ആളുണ്ടായില്ല. ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഇതാദ്യമായാണ് ടെസ്റ്റിൽ ഒരു ദിവസത്തിനിടെ 17 വിക്കറ്റുകൾ വീഴുന്നത്.
English Summary:
India vs Bangladesh, 1st Test, Day 3 – Live Cricket Score
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]