കോഴിക്കോട് ∙ സന്തോഷ് ട്രോഫിയിൽ എട്ടാം കിരീടം തേടി കേരളത്തിന്റെ യാത്ര ഇന്നു തുടങ്ങുന്നു. ആവേശകരമായ ഫുട്ബോൾ ചരിത്രമുറങ്ങുന്ന കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽനിന്ന് കിരീടനേട്ടത്തിലേക്കുള്ള കിക്കോഫ്.
സന്തോഷ് ട്രോഫി ഫുട്ബോൾ യോഗ്യതാ മത്സരങ്ങളിൽ എച്ച് ഗ്രൂപ്പിൽ ഇന്നു വൈകിട്ട് 3.30ന് കേരളവും റെയിൽവേസും ഏറ്റുമുട്ടും. രാവിലെ 7.30ന് ആദ്യ മത്സരത്തിൽ ലക്ഷദ്വീപും പുതുച്ചേരിയും പോരാടും. കഴിഞ്ഞ വർഷം ക്വാർട്ടർ ഫൈനലിൽ പുറത്തായതിന്റെ സങ്കടത്തോടെയാണ് റെയിൽവേസും കേരളവും ഇന്ന് ഏറ്റുമുട്ടുന്നത്.
യുവതാരനിരയുടെ കരുത്തിലാണ് ജി.സഞ്ജുവിന്റെ നേതൃത്വത്തിൽ കേരള ടീം ഇറങ്ങുന്നത്. ടീമിന്റെ ശരാശരി പ്രായം 22. 17 വയസ്സ് മുതൽ 29 വയസ്സുവരെയുള്ള താരങ്ങളിലാണ് പ്രതീക്ഷ. ഇതിൽ 7 പേർ സൂപ്പർ ലീഗ് കേരളയിലെ സൂപ്പർ താരങ്ങളായിരുന്നു.
അഞ്ചാം സന്തോഷ് ട്രോഫിക്കിറങ്ങുന്ന സഞ്ജുവും നിജോ ഗിൽബർട്ടും അടക്കമുള്ളവരുടെ മത്സരപരിചയവും അർഷാഫിനെയും ഗനി അഹമ്മദ് നിഗമിനെയും പോലുള്ളവരുടെ ചടുലതയും ടീമിനു മുതൽക്കൂട്ടാവും. ടീമിന്റെ ഫങ്ഷനൽ പരിശീലനവും ഫിറ്റ്നസും നന്നായതിനാൽ മികച്ച നേട്ടം പ്രതീക്ഷിക്കാമെന്നു മുഖ്യപരിശീലകൻ ബിബി തോമസ് മുട്ടത്ത് ‘മനോരമ’യോടു പറഞ്ഞു.
‘റെയിൽവേസുമായുള്ള ആദ്യമത്സരം കടുത്തതാവുമെന്ന കണക്കുകൂട്ടലിലാണ് ഇറങ്ങുന്നത്. പുതിയ റിക്രൂട്ട്മെന്റു നടത്തിയ പുതുച്ചേരിയും ലക്ഷദ്വീപും മികച്ച ടീമുകളാണ്. എങ്കിലും ഗ്രൂപ്പ് വിജയികളാവാമെന്നാണ് പ്രതീക്ഷ– സഹപരിശീലകൻ സി. ഹാരി ബെന്നി പറഞ്ഞു.
റെയിൽവേസിന്റെ ടീമിലും മലയാളികളാണ് സൂപ്പർതാരങ്ങൾ. ആറു മലയാളികളാണ് ടീമിലുള്ളത്. റെയിൽവേസിന്റെ ക്യാപ്റ്റനും പ്രതിരോധനിരക്കാരനുമായ ഷിജി സ്റ്റീഫൻ മലയാളിയാണ്. കഴിഞ്ഞ തവണയും റെയിൽവേസിനുവേണ്ടി സന്തോഷ് ട്രോഫി കളിച്ച താരമാണ് ഷിജി. ഗോൾ കീപ്പർ സിദ്ധാർഥ് രാജീവ് എൻ. നായർ, പി.കെ.ഫസീൻ, ജോൺ പോൾ ജോസ്, അബ്ദു റഹീം, മുഹമ്മദ് ആഷിഖ് എന്നിവരാണ് മറ്റു മലയാളികൾ.
ടീമിൽ മുഹമ്മദ് ആഷിഖും സൂഫിയാനുമടക്കം ഗോകുലം കേരള എഫ്സിയുടെ മുൻതാരങ്ങളുമുണ്ട്. സുബ്രതോ മുർമു, ഫർദീന്, ജസ്ക രൺബീർ സീങ് തുടങ്ങി ഐഎസ്എൽ–ഐ ലീഗ് താരങ്ങളും ടീമിലുണ്ട്. ടീമിന്റെ ശരാശരി പ്രായം 23. ഏറ്റവും കൂടിയ പ്രായം 26 വയസ്സാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ റെയിൽവേസിൽ ചേർന്നവരാണ് ടീമിലുള്ളത്.
റെയിൽവേസിന്റെ നാലു പരിശീലകരിൽ രണ്ടുപേർ മലയാളികളാണ്. കാലിക്കറ്റ് സർവകലാശാലയുടെ മുൻ ക്യാപ്റ്റൻ തൃശൂർ സ്വദേശി പി.വി.ബിനോയിയും അണ്ടർ 21 ടീമിന്റെ ക്യാപ്റ്റൻ പാലക്കാട് സ്വദേശി വി. രാജേഷുമാണത്. ഒരു മാസത്തോളം ചെന്നൈയിലാണ് റെയിൽവേസ് ടീം പരിശീലനം നടത്തിയത്. ഒരാഴ്ച പാലക്കാട്ട് പരിശീലനം നടത്തിയ ശേഷമാണ് കോഴിക്കോട്ടെത്തിയത്. കേരള ടീം ഒക്ടോബർ 19 മുതൽ കോർപറേഷൻ സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്നുണ്ട്.
English Summary:
Santosh trophy kerala vs railways update
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]