കൊൽക്കത്ത∙ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം വിജയം. തുടർച്ചയായ രണ്ടു സമനിലകൾക്കൊടുവിൽ, മുഹമ്മദൻസ് എസ്സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണു ബ്ലാസ്റ്റേഴ്സ് തകർത്തത്. ആദ്യ പകുതിയിൽ പിന്നിലായ ശേഷം രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് ബ്ലാസ്റ്റേഴ്സ് കളി പിടിച്ചത്. ബ്ലാസ്റ്റേഴ്സിനായി ക്വാമെ പെപ്ര (67–ാം മിനിറ്റ്), ഹെസൂസ് ഹിമെനെ (76) എന്നിവരാണു ലക്ഷ്യം കണ്ടത്. ആദ്യ പകുതിയിൽ മിർജാലോൽ കസിമോവ് മുഹമ്മദൻസിന്റെ പെനാൽറ്റി ഗോൾ നേടി.
സൂപ്പർ താരത്തിന് 23 കോടി വേണം, പ്രതിഫലം വെട്ടിക്കുറച്ച് കമിൻസ്; എല്ലാം ഹൈദരാബാദിനു വേണ്ടി
Cricket
ജയത്തോടെ എട്ടു പോയിന്റുകളുമായി ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി. ആദ്യ പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായുള്ള മുന്നേറ്റങ്ങൾക്കിടെയാണ് കളിയുടെ ഗതിമാറ്റിക്കൊണ്ട് മുഹമ്മദൻസിന്റെ ഗോളെത്തിയത്. പന്തുമായി ബ്ലാസ്റ്റേഴ്സ് ബോക്സിലേക്കെത്തിയ ഫ്രാൻകയെ തടയാനുള്ള ഗോളി സോം കുമാറിന്റെ ശ്രമം പെനാൽറ്റിയിലാണ് അവസാനിച്ചത്. കിക്കെടുത്ത മിർജാലോൽ കസിമോവ് ആതിഥേയരെ മുന്നിലെത്തിച്ചു. ഗോൾ വീണതോടെ മുഹമ്മദൻസിന്റെ നീക്കങ്ങൾക്കു വേഗത കൂടി. ബ്ലാസ്റ്റേഴ്സും ഇടയ്ക്കിടെ മുന്നേറ്റങ്ങൾ നടത്തി.
മുഹമ്മദൻസിനെതിരെ ഹെസൂസ് ഹിമെനെയുടെ മുന്നേറ്റം. Photo: X@KBFC
35–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് താരം ഹെസൂസ് ഹിമെനെ ഒറ്റയാൾ മുന്നേറ്റത്തിനു ശേഷം തൊടുത്തുവിട്ട മനോഹരമായൊരു ഷോട്ട് ബാറിൽ തട്ടിത്തെറിച്ചത് ആദ്യ പകുതിയിൽ നിരാശയായി. മൊറോക്കൻ ഫോർവേഡ് നോഹ സദൂയിയുടെ ആക്രമണങ്ങളും മുഹമ്മദൻസ് ഗോൾ മുഖം വിറപ്പിച്ചെങ്കിലും ഗോൾ നേടാൻ ആദ്യ പകുതിയിൽ സാധിച്ചില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മുഹമ്മദ് അസറിനെ പിൻവലിച്ച ബ്ലാസ്റ്റേഴ്സ് ഡാനിഷ് ഫറൂഖിനെ കളത്തിലിറക്കി.
59–ാം മിനിറ്റിൽ ലഭിച്ച സുവർണാവസരം മുഹമ്മദൻസ് താരം ഫ്രാൻക പാഴാക്കി. ഫ്രാന്‍കയുടെ ഷോട്ട് സൈഡ് നെറ്റിലാണു പതിച്ചത്. ഗോളടിക്കാവുന്ന ഇടത്ത് ഫനായ് ഉണ്ടായിരുന്നെങ്കിലും ഫ്രാൻക പാസ് നൽകിയതുമില്ല. 67-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ഗോൾ മടക്കി. നോഹ സദൂയിയെ ലക്ഷ്യമാക്കി അഡ്രിയൻ ലൂണ ഉയർത്തി നൽകിയ പന്ത്, സദൂയി ബോക്സിനകത്തു നിൽക്കുകയായിരുന്ന ക്വാമെ പെപ്രയ്ക്കു പാസ് ചെയ്യുകയായിരുന്നു. മുഹമ്മദൻ പ്രതിരോധ താരങ്ങളിൽനിന്ന് ഒഴിഞ്ഞുമാറിനിന്ന പെപ്ര അനായാസം പന്തു വലയിലെത്തിച്ചു. സ്കോർ 1–1.
പവർപ്ലേയിൽ 68 റൺസ്, അഭിഷേക് പുറത്തായപ്പോൾ പാക്ക് താരത്തിന്റെ ‘ഷോ’; വിഡിയോ വൈറൽ
Cricket
70-ാം മിനിറ്റിലെ കൗണ്ടർ നീക്കത്തിനൊടുവിൽ മുഹമ്മദൻ ഗോളിയെയും മറികടന്നു മുന്നേറിയ നോഹ സദൂയിക്കു ഗോൾ വലയ്ക്കു മുന്നിൽ പിഴച്ചു. നിയന്ത്രണം നഷ്ടമായ പന്ത് നേരിയ വ്യത്യാസത്തില്‍ പുറത്തേക്കുപോകുകയായിരുന്നു. 76–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ ആദ്യമായി ലീഡ് പിടിച്ചു. നവോച്ച സിങ് ബോക്സിലേക്ക് ഉയർത്തി നൽകിയ പന്തിൽ തലവച്ച് ലക്ഷ്യം കണ്ടത് സ്പാനിഷ് താരം ഹെസൂസ് ഹിമെനെ. ബ്ലാസ്റ്റേഴ്സിനായി താരത്തിന്റെ മൂന്നാം ഗോളാണിത്. രണ്ടാം പകുതിക്ക് ഒൻപതു മിനിറ്റാണ് അധിക സമയമായി അനുവദിച്ചത്. സമനില ഗോളിനായി അവസാന മിനിറ്റുവരെ മുഹമ്മദൻസ് പൊരുതി നോക്കിയെങ്കിലും ലക്ഷ്യം കാണാനായില്ല.
English Summary:
Indian Super League, Mohammedan SC vs Kerala Blasters FC Match Updates