
ദുബായ് ∙ പുരുഷ ടീമുകളുടെ തോറ്റു പോയ കഥകളാണ് ന്യൂസീലൻഡിന്റെയും ദക്ഷിണാഫ്രിക്കയുടെയും ക്രിക്കറ്റ് ആരാധകർക്കു പരിചിതം. ആ ചരിത്രം തിരുത്താൻ അവരുടെ വനിതകൾ ഇന്നു രംഗത്തിറങ്ങുന്നു. വനിതാ ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഇന്ന് ഏറ്റുമുട്ടുമ്പോൾ ഇരുടീമിനും മോഹം കന്നിക്കിരീടം. ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരത്തിനു തുടക്കം. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്സ്റ്റാറിലും തൽസമയം.
കിവി റിട്ടേൺസ്
തുടരെ 10 മത്സരങ്ങൾ തോറ്റതിന്റെ നാണക്കേടുമായാണ് ന്യൂസീലൻഡ് ഈ ലോകകപ്പിനു വന്നത്. എന്നാൽ ആദ്യ മത്സരത്തിൽ ഇന്ത്യയെ തോൽപിച്ചതോടെ അവർ ഊർജ്വസ്വലരായി. ഓസ്ട്രേലിയയോടു തോറ്റെങ്കിലും പിന്നീട് ശ്രീലങ്കയ്ക്കെതിരെയും പാക്കിസ്ഥാനെതിരെയും ജയിച്ച് സെമിയിൽ. അവിടെ വീഴ്ത്തിയത് വെസ്റ്റിൻഡീസിനെ. വെറ്ററൻ താരങ്ങളായ സോഫി ഡിവൈൻ, സൂസി ബേറ്റ്സ്, ലിയ താഹുഹു എന്നിവരുടെയും അമേലിയ കെറിന്റെ നേതൃത്വത്തിലുള്ള യുവനിരയുടെയും മികവിലായിരുന്നു കുതിപ്പ്. 5 കളികളിൽ 12 വിക്കറ്റുകളുമായി ഇരുപത്തിനാലുകാരി അമേലിയ ഈ ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതുണ്ട്.
വണ്ടറാഫ്രിക്ക
കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോടു പരാജയപ്പെട്ട ദക്ഷിണാഫ്രിക്ക ഇത്തവണ അതേ എതിരാളികളെ സെമിയിൽ വീഴ്ത്തിയാണ് വരുന്നത്. പുരുഷ ടീം ഇത്തവണ ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയോടു തോറ്റതിന്റെ നിരാശയും ദക്ഷിണാഫ്രിക്കയ്ക്കു മറക്കേണ്ടതുണ്ട്.
മികച്ച ഫോമിലുള്ള ടോപ് ഓർഡർ ബാറ്റിങ് നിരയിലാണ് അവരുടെ പ്രതീക്ഷ. ലോറ വോൾവർട്ടും (190 റൺസ്) തസ്മിൻ ബ്രിറ്റ്സും (170) ലോകകപ്പിലെ റൺവേട്ടക്കാരിൽ ആദ്യ രണ്ടു സ്ഥാനങ്ങളിലുണ്ട്.
English Summary:
South Africa-New Zealand Women’s T20 world cup final today
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]